കെഎസ്ആര്‍ടിസിയുടെ യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റ് തുറന്നു

ഗുണമേന്മയുള്ളതും കൃത്യമായ അളവുതൂക്കത്തിലും പെട്രോളിയം ഉല്‍പ്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി കെഎസ്ആര്‍ടിസിയുടെ തൃശൂർ യാത്ര ഫ്യൂവല്‍സ് ഔട്ട്‌ലെറ്റ് തുറന്നു. ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു തൃശൂർ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു. മേയർ എം കെ വർഗീസ് ആദ്യ വിൽപന നിർവഹിച്ചു. 

ആധുനിക സൗകര്യങ്ങളുള്ള കെ എസ് ആർ ടി സി ബസ് ടെർമിനൽ കോംപ്ലക്സ് തൃശൂരിൽ നിർമിക്കുമെന്നും ഏതാനും മാസങ്ങൾക്കുള്ളിൽ നിർമാണ രൂപരേഖ തയ്യാറാകുമെന്നും മന്ത്രി അഡ്വ. ആൻ്റണി രാജു പറഞ്ഞു. ഇതിനായി ഡെൽഹി ആസ്ഥാനമായ ഡിംസുമായി (DIMS) ചർച്ച നടത്തിക്കഴിഞ്ഞു. തൃശൂരിൻ്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്ക് ആവശ്യമെങ്കിൽ സ്വകാര്യ പങ്കാളിത്തം തേടുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരെ ഊർജസ്വലരാക്കുന്നതിൻ്റെ ഭാഗമായി അവരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് ധാരണയായിട്ടുണ്ട്. പാറശ്ശാലയിൽ നടപ്പാക്കിയ ഡ്യൂട്ടി പരിഷ്കരണം വിജയകരമാണെന്ന് കണ്ടതിനാൽ സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നതിന് നടപടി തുടങ്ങി. വരുമാന വർധനവിനൊപ്പം ഷെഡ്യൂളുകൾ വർധിപ്പിക്കുന്നതിനും ഇത് സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. നേരത്തേ വാങ്ങിയ 35 ഇലക്ട്രിക് ബസ്സുകൾക്ക് പുറമെ 15 എണ്ണം കൂടി ഉടൻ പുറത്തിറങ്ങുമെന്നും 200 ബസുകളുടെ ടെൻഡർ പൂർത്തിയായതായും മന്ത്രി അറിയിച്ചു.

 

ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും കെഎസ്ആര്‍ടിസിയുടെയും സംയുക്ത സംരംഭമാണ് യാത്രാ റീട്ടെയ്ല്‍ ഫ്യൂവല്‍ ഔട്ട്‌ലെറ്റ്. ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കെഎസ്ആര്‍ടിസി വിഭാവനം ചെയ്ത പദ്ധതിയാണിത്. ഭാവിയില്‍ ഹരിത ഇന്ധനങ്ങളായ സിഎന്‍ജി, എല്‍എന്‍ജി, ഇലക്ട്രിക് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയും ഈ ഔട്ട്‌ലെറ്റുകള്‍ വഴി ലഭ്യമാകും. കേരളത്തിലെ പൊതുഗതാഗത രംഗത്ത് എന്ന പോലെ ഇന്ധന വിതരണ രംഗത്തും കെഎസ്ആര്‍ടിസി യാത്രാ ഫ്യുവല്‍സിനെ ഒരു പ്രമുഖ ശക്തിയായി വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ഐഒസിഎല്‍ ചീഫ് ജനറല്‍ മാനേജര്‍  സഞ്ജീബ് ബഹ്‌റ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍  ബിജു പ്രഭാകര്‍, വാര്‍ഡ് കൗണ്‍സിലര്‍ വിനോദ് പൊള്ളാഞ്ചേരി, ഗുരുവായൂർ അസി. ട്രാൻസ്പോർട്ട് ഓഫീസർ  കെ പി ഷിബു , ഐഒസിഎല്‍ ചീഫ് ജന. മാനേജർ (റീട്ടെയ്ൽ സെയിൽസ് ) ദീപക് ദാസ് , വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Verified by MonsterInsights