കുടവയറും അമിതഭാരവും കുറയ്ക്കുന്നതിന് കുറുക്കുവഴികളോ ജാലവിദ്യകളോ ഒന്നും ഇല്ല. എന്നാൽ ആരോഗ്യകരമായ ഭക്ഷണക്രമത്തിനും നിത്യവുമുള്ള വ്യായാമത്തിനും ഒപ്പം ദിവസവും ഓരോ കപ്പ് ചായ കൂടിയായാൽ കുടവയർ കുറയ്ക്കുന്ന പ്രക്രിയയുടെ വേഗം കൂടുമെന്ന് ചില പഠനങ്ങൾ തെളിയിക്കുന്നു.
ഗ്രീൻ ടീയിലും മറ്റും അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ മേധാശക്തി മെച്ചപ്പെടുത്താനും കൊഴുപ്പ് കത്തിക്കാനും അർബുദത്തെ പ്രതിരോധിക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനുമെല്ലാം സഹായകമാണ്. നാഡികളെ ശാന്തമാക്കുന്ന പ്രകൃതിയുടെ ട്രാൻക്വിലൈസർ കൂടിയാണ് ചായ. ശരീരം കൊഴുപ്പിനെ ആഗിരണം ചെയ്യുന്നതിനെ നിയന്ത്രിക്കാനും ചായയിലുള്ള ചില രാസവസ്തുക്കൾ കാരണമാകുമെന്ന് ചില പഠനങ്ങളും വെളിപ്പെടുത്തുന്നു. അമിതഭാരം കുറയ്ക്കാൻ ഇനി പറയുന്ന അഞ്ച് തരം ചായകൾ നിങ്ങളെ സഹായിക്കും.
1. ഗ്രീൻ ടീ – കാറ്റേചിനുകൾ അടങ്ങിയ ഗ്രീൻ ടീ ഫിറ്റ്നസ് പ്രേമികളുടെ ഇഷ്ട പാനീയമാണ്. ഇത് ചയാപചയം മെച്ചപ്പെടുത്തുകയും വയറിന് ചുറ്റുമുള്ള കൊഴുപ്പ് കത്തിക്കുകയും ചെയ്യും.
2. വൈറ്റ് ടീ – ഏറ്റവും ലഘുവായ തോതിലുള്ള സംസ്ക്കരണ പ്രക്രിയയിലൂടെ കടന്ന് പോകുന്ന തേയിലകൊളുന്തുകളാണ് വൈറ്റ് ടീയിൽ ഉപയോഗിക്കുന്നത്. കൊഴുപ്പ് കോശങ്ങൾ കെട്ടിക്കിടക്കുന്നത് തടയുന്ന വൈറ്റ് ടീ കൊഴുപ്പിനെ ഊർജോത്പാദനത്തിനായി പരമാവധി ഉപയോഗപ്പെടുത്തുന്നു. ചർമത്തെ സൂര്യാഘാതത്തിൽ നിന്ന് രക്ഷിക്കാനും പ്രായമാകുന്ന പ്രക്രിയയെ മന്ദീഭവിപ്പിക്കാനും വൈറ്റ് ടീ സഹായകമാണ്.
3. ബ്ലാക് ടീ- നിത്യവും ഒരു കപ്പ് ബ്ലാക് ടീ കുടിക്കുന്നത് രക്തയോട്ടത്തെ വർധിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് ഗവേഷണങ്ങൾ പറയുന്നു. രക്തകോശങ്ങളെ വലുതാക്കാനും കട്ടൻ ചായ സഹായിക്കും. എന്നാൽ ഇതിലേക്ക് പാൽ ചേർക്കുന്നത് ഈ ഗുണങ്ങളെ പരിമിതപ്പെടുത്തും.
4. ഊലോങ് ടീ – ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചൈനീസ് ഹെർബൽ ചായയാണ് ഊലോങ് ടീ. നിത്യവും ഇത് കുടിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോൾ തോത് കുറയ്ക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. വിശപ്പ് അടക്കുക വഴിയും ഈ ചായ ഭാരനിയന്ത്രണത്തിൽ സഹായിക്കും.
5. അശ്വഗന്ധ ടീ – ആയുർവേദ ഔഷധമായ അശ്വഗന്ധയുപയോഗിച്ച് നിർമിക്കുന്ന ഈ ചായ സമ്മർദത്തെയും ഉത്കണ്ഠയെയും ലഘൂകരിക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ തോതിനെയും ശരീരത്തിലെ നീർക്കെട്ടിനെയും കുറയ്ക്കാനും ഈ ചായ നല്ലതാണ്. ഉറക്കപ്രശ്നമുള്ളവർക്ക് നല്ല ഉറക്കം ലഭിക്കാനും അശ്വഗന്ധ ചായ നല്ലതാണെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ജയ്പൂർ ഷാൽബി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ സീനിയർ ഡയറ്റീഷൻ നേഹ ഭാട്ടിയ പറയുന്നു.