സംസ്ഥാനത്തെ നിരത്തുകളിൽ ഓടുന്ന ലോറികളിൽ ഇനി വനിതാ ഡ്രൈവർമാരും. യാത്രകൾ ആസ്വദിക്കുന്ന റോഡ് നിയമങ്ങൾ പാലിക്കുന്ന വനിതാ ഡ്രൈവർമാരെ വാഹനമേൽപ്പിക്കാൻ തയാറെടുക്കുകയാണ് സംസ്ഥാനത്തെ ലോറി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ.
സംഘടനയുടെ കീഴിൽ രാജ്യത്ത് പത്തുലക്ഷത്തോളം ചരക്കുവാഹനങ്ങളുണ്ട്. കേരളത്തിൽ മാത്രം എട്ടുലക്ഷം. സംസ്ഥാനത്തെ ഒന്നരലക്ഷത്തോളം വലിയ ചരക്കുവാഹനങ്ങളിലേക്ക് 50,000 ഡ്രൈവർമാരുടെ ഒഴിവുകളാണുള്ളത്. 25,000 ചെറിയ ചരക്കുവാഹനങ്ങളിൽ സ്ഥിരംതൊഴിലാളികളില്ല.
വനിതാ ഡ്രൈവർമാര്‍ നിയമങ്ങൾ പാലിക്കുമെന്നതും ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കില്ലെന്നതുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
രണ്ടുവർഷംകൊണ്ട് 10,000 പേരെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ഒരു വാഹനത്തിൽ രണ്ടു ഡ്രൈവർമാരും ഒരു സഹായിയും ഉൾപ്പെടെ മൂന്നുപേർക്ക് തൊഴിൽ നൽകാനാവും. ആദ്യം നൂറുപേരെ കണ്ടെത്തി പരിശീലിപ്പിക്കും. ഇവർ മറ്റുള്ളവരെ പരിശീലിപ്പിക്കും. ഈ രീതിയിലാവും അരലക്ഷം ഡ്രൈവർമാരെന്ന ലക്ഷ്യത്തിലേക്കെത്തുക.
.മികച്ച ശമ്പളം കൂടുതൽപേരെ ഈ രംഗത്തേക്ക് ആകർഷിക്കുമെന്നാണ് സംഘടന പ്രതീക്ഷിക്കുന്നത്. ഹെവി ലൈസൻസ് എടുക്കുന്നതിന് എട്ടാംക്ലാസ് വിദ്യാഭ്യാസം മതിയെന്നതിനാൽ വീട്ടമ്മമാർക്കും ഈ അവസരം വിനിയോഗിക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനകളായ ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസ് (എഐഎംടിസി), സൗത്ത് ഇന്ത്യൻ മോട്ടോർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (എസ്ഐഎംടിഎ) എന്നിവയുടെ കേരള ഘടകമാണ് ലോറി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ. പദ്ധതി വിജയിച്ചാൽ രാജ്യമൊട്ടാകെ വ്യാപിപ്പിക്കും.
താത്പര്യമുള്ള സ്ത്രീകൾക്ക്-ലോറി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ, മാങ്കിലേറ്റ് ബിൽഡിങ്, 101 ജങ്ഷൻ, എം സി റോഡ്, ഏറ്റുമാനൂർ കോട്ടയം എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 9946301002.