മെട്രോ ടിക്കറ്റിനൊപ്പം ക്യാബും ഓട്ടോയും ബുക്ക് ചെയ്യാം; പുതിയ ആപ്പുമായി ബെംഗളൂരൂ മെട്രോ

മെട്രോ ടിക്കറ്റിനൊപ്പം ക്യാബും ഓട്ടോയും ബുക്ക് ചെയ്യാനുള്ള സംവിധാനം ഉടൻ പുറത്തിറക്കാൻ ബംഗളൂരൂ മെട്രോ. ഇതിനായി പുതിയ ആപ്പ് വികസിപ്പിക്കാനാണ് തീരുമാനം. ഇതിനായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് രണ്ടു സ്വകാര്യ കമ്പനികളെ സമീപിച്ചെന്നാണ് റിപ്പോർട്ടുകൾ.

ആപ്പ് വികസിപ്പിക്കാനായി മൾട്ടി മോഡൽ അർബൻ മൊബിലിറ്റി പ്ലാറ്റ്‌ഫോമായ സിറ്റിലിറ്റിയെയും, ഗിസ് ഇന്ത്യ കമ്പനിയെയും സമീപിച്ചിട്ടുണ്ടെന്ന് ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ അഞ്ജും പർവേസ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ”ആപ്പ് ഡെവലപ്പ്മെന്റ് പ്രാരംഭ ഘട്ടത്തിലാണ്, ഞങ്ങളുടെ ആവശ്യങ്ങൾ ഞങ്ങൾ അവരോട് വിശദീകരിച്ചു. ആപ്പ് തയ്യാറാക്കാൻ കുറച്ച് മാസമെടുക്കും, തയ്യാറായാലുടൻ, ഞങ്ങൾ അത് യാത്രക്കാർക്കായി ലോഞ്ച് ചെയ്യും”, അഞ്ജും പർവേസ് കൂട്ടിച്ചേർത്തു.

ആപ്പ് മൂന്നാം കക്ഷികളെ ലിങ്ക് ചെയ്യും. അതിലൂടെ യാത്രക്കാർക്ക് ഫോണിലൂടെ മെട്രോ ടിക്കറ്റിനൊപ്പം ഓട്ടോറിക്ഷകളോ ക്യാബുകളോ ബുക്ക് ചെയ്യാൻ കഴിയും. പദ്ധതി യാഥാർഥ്യമാക്കാൻ വിവിധ മാർഗങ്ങൾ ചർച്ച ചെയ്യുന്നുണ്ട്,” ബംഗളൂരു മെട്രോ ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി പ്രവർത്തിക്കുന്ന ഗിസ് ഇന്ത്യ ഇത്തരമൊരു പദ്ധതിയിൽ പ്രവർത്തിക്കുന്നത് പ്രതീക്ഷാവഹമാണെന്ന് ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്‌പോർട്ട് കമ്മീഷണർ വി മഞ്ജുള ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

സേവ് ദ ഡേറ്റ് ഉൾപ്പടെ വിവാഹ ഫോട്ടോഷൂട്ടിൽ വ്യത്യസ്തത തേടുന്നവർക്ക് മുന്നിൽ വലിയ അവസരം മുന്നോട്ടുവെച്ച് കൊച്ചി മെട്രോ രംഗത്തെത്തിയിരുന്നു. ഓടുന്നതും നിർത്തിയിട്ടിരിക്കുന്നതുമായ മെട്രോ ട്രെയിനുകളിൽ വിവാഹ ഫോട്ടോഷൂട്ട് നടത്താനാണ് അനുമതി നൽകിയത്. അടുത്തകാലത്തായി വ്യത്യസ്തമാർന്ന സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകൾ മലയാളികൾക്കിടയിൽ വൈറലാണ്. ഈ സാഹചര്യം മുതലെടുത്താണ് വരുമാന വർദ്ധനയ്ക്കായി കൊച്ചി മെട്രോയുടെ പുതിയ പരീക്ഷണം. വിവാഹ ഫോട്ടോഷൂട്ടിനായി വ്യത്യസ്ത പ്ലാനുകളാണ് കൊച്ചി മെട്രോ മുന്നോട്ട് വെക്കുന്നത്.

ഫോട്ടോ ഷൂട്ടിനായി ഒരു കോച്ച് അല്ലെങ്കിൽ മൂന്ന് കോച്ച് ബുക്ക് ചെയ്യാം. നി‍ർത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഓടുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാൻ സാധിക്കും. ആലുവ – പേട്ട റൂട്ടിലാണ് സഞ്ചരിച്ചുകൊണ്ടും അല്ലാതെയും ഫോട്ടോ ഷൂട്ട് നടത്താൻ അവസരമുള്ളത്. നി‍ർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ രണ്ട് മണിക്കൂർ ഷൂട്ട് ചെയ്യാൻ 5000 രൂപയാണ് നിരക്ക്. മൂന്ന് കോച്ചും വാടകയ്ക്ക് എടുത്താണ് ഷൂട്ട് ചെയ്യുന്നതെങ്കിൽ 12000 രൂപ നൽകേണ്ടിവരും. സഞ്ചരിക്കുന്ന ട്രെയിനിൽ ഷൂട്ട് ചെയ്യണമെങ്കിൽ ഒരു കോച്ചിന് 8000 രൂപയും മൂന്ന് കോച്ചിന് 17500 രൂപയുമാണ് നിരക്ക്. ഷൂട്ടിന് മുമ്പ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകുകയും വേണം. ഒരു കോച്ചിന് 10000 രൂപയാണ് ഡെപ്പോസിറ്റ്, മൂന്ന് കോച്ചിന് 25000 രൂപയും ഡെപ്പോസിറ്റായി നൽകണം. ഷൂട്ട് കഴിയുമ്പോൾ ഈ തുക കൊച്ചി മെട്രോ അധികൃതർ തിരിച്ച് നൽകും.

Verified by MonsterInsights