ജീവിതത്തിൽ 1 കോടി രൂപ സമ്പാദിക്കണമെന്ന് ആഗ്രഹമില്ലാത്ത ആളുകളുണ്ടാകില്ല. എന്നാൽ പ്രതിമാസ ശമ്പളം വാങ്ങുന്ന ഞാൻ എങ്ങനെ 1 കോടി രൂപ സമ്പാദിക്കും എന്നാണോ നിങ്ങൾ ആലോചിക്കുന്നത്. അതിന് ഒരു വഴിയുണ്ട്. ദിവസവും 50 രൂപ മാറ്റിവച്ചാൽ മതി. ദിവസവും 50 രൂപ നിക്ഷേപിക്കുന്നതിലൂടെ ഒരു മാസം കൊണ്ടോ ഒരു വർഷം കൊണ്ടോ നിങ്ങൾക്ക് കോടീശ്വരനാകാൻ സാധിക്കില്ല. എന്നാൽ ‘പലതുള്ളി പെരുവെള്ളം’ എന്ന് പറയുന്നത് പോലെ ദീർഘകാല നിക്ഷേപത്തിലൂടെ 1 കോടി രൂപ സമ്പാദിക്കാം.നിങ്ങൾക്ക് ഇപ്പോൾ 30 വയസാണെന്ന് കരുതുക. 60 വയസാകുമ്പോൾ, അതായത് ജോലിയിൽ നിന്നും വിരമിക്കുമ്പോൾ സമ്പാദ്യമായി 1 കോടി രൂപ കണ്ടെത്തുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം. ആ ലക്ഷ്യം നിറവേറ്റാൻ ദിവസവും 50 രൂപ മാറ്റിവെച്ചാൽ മതി. നമുക്ക് കൂടുതൽ വിശദമായി പരിശോധിക്കാം.
എസ്ഐപി:നമുക്ക് ചുറ്റും നിരവധി നിക്ഷേപ പദ്ധതികളുണ്ട്. എന്നാൽ ഏറ്റവും കുറഞ്ഞ നിക്ഷേപത്തിലൂടെ കൂടുതൽ ലാഭമുണ്ടാക്കാൻ സാധിക്കുന്ന നിക്ഷേപ പദ്ധതിയാണ് തിരഞ്ഞെടുക്കേണ്ടത്. അത്തരത്തിലുള്ള നിക്ഷേപമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റമെന്‍റ് പ്ലാന്‍ (SIP) അഥവാ എസ്‌ഐപി വഴി മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നത്.നിശ്ചിത ഇടവേളകളിൽ മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ പണം നിക്ഷേപിക്കാൻ അവസരമൊരുക്കുന്ന എസ്ഐപിക്ക് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിലാണ് ജനപ്രീതിയേറിയത്. പ്രതിവർഷം 12-14 ശതമാനം റിട്ടേണാണ് എസ്ഐപി നൽകുന്നത്. അതോടൊപ്പം കൂട്ടുപലിശയുടെ നേട്ടവും എസ്ഐപി നിക്ഷേപകന് നൽകുന്നു.
ദിവസവും 50 രൂപ, 1 കോടി സമ്പാദ്യം:നിങ്ങൾ ഒരു ദിവസം 50 രൂപ അതായത് മാസം 1500 രൂപ എസ്ഐപി നിക്ഷേപത്തിനായി മാറ്റിവയ്ക്കുന്നു എന്ന് കരുതുക. അതായത് വർഷം 18000 രൂപ. 14 ശതമാനം റിട്ടേൺ എസ്ഐപി വഴി ലഭിക്കുന്നു എന്ന് കരുതുക. 10 വർഷത്തിനുള്ളിൽ, നിങ്ങളുടെ നിക്ഷേപം 1,80,000 രൂപയും ദീർഘകാല മൂലധന നേട്ടം 2,13,137 രൂപയും ആയിരിക്കും. അതായത് 10 വർഷത്തിനുള്ളിൽ ആകെ ലഭിക്കുന്ന സമ്പാദ്യം 3,93,137 രൂപയും ആയിരിക്കും.20 വർഷത്തിനുള്ളിൽ നിങ്ങളുടെ നിക്ഷേപം 3,60,000 രൂപയും ദീർഘകാല മൂലധന നേട്ടം 16,14,519 രൂപയുമാകും. ആകെ തുക 19,74,519 രൂപ. 30 വർഷത്തിനുള്ളിൽ നിക്ഷേപം 5,40,000 രൂപയും ദീർഘകാല മൂലധന നേട്ടം 77,95,583 രൂപയും പ്രതീക്ഷിക്കുന്ന സമ്പാദ്യം 83,35,583 രൂപയും ആയിരിക്കും.32 വർഷത്തിനുള്ളിൽ നിങ്ങൾ ആകെ നിക്ഷേപിക്കുന്ന തുക 5,76,000 രൂപയായിരിക്കും. എന്നാൽ പലിശയിനത്തിൽ നിങ്ങൾക്ക് 1,04,76,949 രൂപ ലഭിക്കും. അതായത് 32 വർഷത്തെ നിക്ഷേപത്തിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ആകെ തുക എന്നത് 1.10 കോടി രൂപ.
നേട്ടം ചെറുതല്ല:തുടക്കത്തിൽ പറഞ്ഞത് പോലെ 30-ആം വയസിൽ എസ്ഐപി നിക്ഷേപം ആരംഭിക്കുന്ന ഒരാൾക്ക് ജോലിയിൽ നിന്നും വിരമിക്കാറാകുമ്പോൾ 1.10 കോടി രൂപ സമ്പാദിക്കാൻ സാധിക്കും. ദിവസവും വെറും 50 രൂപ നീക്കിവെച്ചാണ് ഈ തുക കണ്ടെത്തുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അതേസമയം ദിവസവും കൂടുതൽ തുക നിക്ഷേപത്തിനായി മാറ്റിവയ്ക്കാൻ സാധിച്ചാൽ കുറഞ്ഞ കാലത്തിനുള്ളിൽ ഉയർന്ന തുക സമ്പാദിക്കാൻ സാധിക്കും