ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ശക്തമായ നടപടി

ജില്ലയിലെ കുടിവെള്ളത്തിന്റെ കൃത്യമായ  ലഭ്യതയും ഗുണനിലവാരവും അളവും ഉറപ്പാക്കുന്നതിനുള്ള പദ്ധതിയായ ‘ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍’ കൂടുതല്‍ ശക്തിപ്പെടുത്താൻ തീരുമാനം. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. ഇതിനായി താലൂക്ക് തലത്തില്‍ ഈ മാസം അവസാനത്തോടെ പ്രത്യേക ഡ്രൈവ് ആരംഭിക്കും. റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അതത് താലൂക്കുകളിലെ ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും പരിശോധന നടത്തുക. 

ജില്ലയില്‍ കുടിവെള്ള വിതരണത്തിനായി ജലം ശേഖരിക്കുന്ന സ്രോതസ്സുകള്‍ ഏതൊക്കെയെന്ന് പൊതുജന പങ്കാളിത്തത്തോടെ കണ്ടെത്തുകയും കൃത്യമായ ഇടവേളകളില്‍ പരിശോധന ഉറപ്പാക്കുകയും ചെയ്യും. വാട്ടര്‍ അതോറിറ്റിയുടെ പ്ലാന്റുകളിലും ഗുണനിലവാര പരിശോധനയുണ്ടാകും. വാട്ടര്‍ ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ അളവില്‍ ഏതെങ്കിലും വിധത്തിലുള്ള ക്രമക്കേടുകളുണ്ടോ എന്ന് വിലയിരുത്തും. ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് ബില്‍ സംവിധാനം നിര്‍ബന്ധമാക്കും. 

ജില്ലയിലെ ജല ലഭ്യതയും ജലവിനിയോഗവും സംബന്ധിച്ച പഠനം നടത്തുവാനും യോഗത്തില്‍ ധാരണയായി. കുടിവെള്ളം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും യോഗം ചര്‍ച്ച ചെയ്തു.കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദുമോള്‍, തദ്ദേശ സ്വയംഭരണം, ജലസേചനം, വാട്ടര്‍ അതോറിറ്റി, ആരോഗ്യം, മലീനീകരണ നിയന്ത്രണ ബോര്‍ഡ്, ഭക്ഷ്യ സുരക്ഷ, റവന്യൂ, ഭൂജലം, ലീഗല്‍ മെട്രോളജി, മോട്ടോര്‍ വാഹനം, പോലീസ്, ജിയോളജി തുടങ്ങിയ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 
Verified by MonsterInsights