കോട്ടയം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ സ്വന്തം നാട്. കടുത്തുരുത്തി മാഞ്ഞൂരിലെ വീടിന് മുന്നിലെ മതിലിൽ കൊത്തിവെച്ചിരിക്കുന്ന ‘ഡോ. വന്ദനാ ദാസ് എംബിബിഎസ്’ എന്ന ബോർഡിന് മുന്നില് സംഭവിച്ചതൊന്നും വിശ്വസിക്കാനാകാതെ നില്ക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. മാഞ്ഞൂരിലെ കെ ജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന.
മകൾ രോഗിയുടെ ആക്രമണത്തിന് ഇരയായ വാർത്തയറിഞ്ഞ് പുലർച്ചെ തിരുവനന്തപുരത്തേക്ക് തിരിച്ച അച്ഛനും അമ്മയും ഇനി ഈ വീട്ടിലേക്ക് മടങ്ങുക വന്ദനയുടെ ചേതനയറ്റ ശരീരവുമായി. മകൾ ഡോക്ടറായതിൽ അഭിമാനംകൊണ്ട മാതാപിതാക്കൾ അതേ ജോലിക്കിടെ മകൾ ഇല്ലാതായതിന്റെ ഞെട്ടലിലാണ്. ആക്രമണത്തിന് ഇരയായ കാര്യം അറിയുമ്പോൾ മകളുടെ സ്ഥിതി ഗുരുതരമായിരുന്നെന്ന് മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു. തിരുവനന്തപുരത്തേക്കുള്ള വഴിമധ്യേയാണ് മരണവിവരം അറിയുന്നത്.
കുറവിലങ്ങാട് ഡിപോൾ സ്കൂളിലായിരുന്നു വന്ദനയുടെ സ്കൂൾ വിദ്യാഭ്യാസം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനം അനുഷ്ഠിക്കവെയാണ് വന്ദന ദാസ്(25) അതിദാരുണമായി കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് വന്ദന കൊല്ലപ്പെട്ടത്. മറ്റ് 2 പേർക്കു കുത്തേറ്റു.
പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ് സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരിക്കുകളോടെ ഇയാളെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു. ഇന്നലെ രാത്രി മുതൽ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാൾ വീണ്ടും അക്രമാസക്തനാകുകയായിരുന്നു.