പ്രമേഹത്തിന്റെ സങ്കീർണതകളായ ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി, പെരിഫറൽ ന്യൂറോപ്പതി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കാൻ എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകൾ സ്ഥാപിക്കും. എറണാകുളം ജനറൽ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിലാരംഭിച്ച 360 ഡിഗ്രി മെറ്റബോളിക് സെന്റർ കാര്യക്ഷമമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എല്ലാ ജില്ലകളിലും സെന്ററുകൾ ആരംഭിക്കുന്നത്. പ്രമേഹം, രക്തസമ്മർദം എന്നിവക്ക് പുറമേ വൃക്കകളുടെ കാര്യക്ഷമത, കണ്ണുകളിലും കാലുകളിലും ബാധിക്കുന്ന പ്രമേഹത്തിന്റെ പരിശോധന, പൾമണറി ഫങ്ഷൻ ടെസ്റ്റ്, ഡയറ്റ് കൗൺസിലിംഗ് തുടങ്ങിയ സേവനങ്ങൾ ഒറ്റ കുടക്കീഴിൽ ഈ സെന്ററുകളിലൂടെ ലഭ്യമാകും. ഇതിലൂടെ പ്രമേഹത്തിന്പുറമെ പ്രമേഹം മൂലമുള്ള ഗുരുതര രോഗങ്ങളേയും നിയന്ത്രിക്കാൻ സാധിക്കും.
ജീവിതശൈലി രോഗങ്ങൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ പ്രമേഹം നിർണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സമഗ്ര പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിവരുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും ഐസിഎംആറും നടത്തിയ പഠനത്തിൽ കേരളത്തിൽ 35 ശതമാനത്തിലേറെ പേർക്ക് പ്രമേഹമുണ്ട്. 15 % പേർക്ക് പ്രമേഹം വരാനുള്ള സാധ്യതയുണ്ട്. കേരളത്തിന്റെ പ്രമേഹത്തിന്റെ നിയന്ത്രണ നിരക്ക് 16 ആണ്.
ഏകദേശം 9 ലക്ഷത്തോളം പേരിൽ പ്രമേഹ രോഗമുള്ളതായി ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതിയിലൂടെ കണ്ടെത്താൻ സാധിച്ചു. ഇതിന് പുറമേ പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 42 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടത്തി. അതിൽ 8.6 % പേർക്ക് (3,62,375) പ്രമേഹ സാധ്യതയുണ്ടെന്ന് കണ്ടെത്തി. ഇവരിൽ ആവശ്യമുള്ളവർക്ക് സൗജന്യ രോഗ നിർണയവും ചികിത്സയും ലഭ്യമാക്കി വരുന്നു. എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകൾ ആരംഭിക്കുന്നത് പ്രമേഹത്തിന്റെ സങ്കീർണതകളായ പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കുന്നതിനും ചികിത്സിക്കുന്നതിനും സഹായകമാവും.