ടില്‍റ്റിംഗ് ട്രെയിനുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

2025ഓടെ രാജ്യത്ത് ടില്‍റ്റിംഗ് ട്രെയിനുകള്‍ (tilting trains) അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വരും വര്‍ഷങ്ങളില്‍ നിര്‍മ്മിക്കുന്ന നൂറോളം വന്ദേ ഭാരത് ട്രെയിനുകളിലാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുക. രാജ്യത്ത് ടില്‍റ്റിംഗ് ട്രെയിനുകള്‍ അവതരിപ്പിക്കുമെന്നും ഇതിനായി ഒരു ടെക്‌നോളജി പാര്‍ട്ണറുമായി റെയില്‍വേ കരാറിലേര്‍പ്പെടുമെന്നും ഒരു മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ 100 വന്ദേ ഭാരത് ട്രെയിനുകളില്‍ ഈ സാങ്കേതികവിദ്യ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണയായി, ഒരു വളഞ്ഞ റെയില്‍വേ ട്രാക്കിലൂടെ ട്രെയിന്‍ തിരിയുമ്പോള്‍ ട്രെയിനിനുള്ളിലെ യാത്രക്കാരുടെയും വസ്തുക്കളുടെയും സ്ഥാനം മാറാറുണ്ട്. ഇരിക്കുന്ന യാത്രക്കാര്‍ ട്രെയിനിന്റെ ഒരു വശത്തേക്ക് ചരിയുകയും നില്‍ക്കുന്ന യാത്രക്കാര്‍ക്ക് അവരുടെ ബാലന്‍സ് നഷ്ടപ്പെടുകയും ചെയ്യും. എന്നാല്‍, ടില്‍റ്റിംഗ് ട്രെയിനുകളില്‍ ഈ സാഹചര്യമുണ്ടാകില്ല. ഒരു മോഷന്‍ കണ്‍ട്രോള്‍ സാങ്കേതികവിദ്യയാണ് ടില്‍റ്റിംഗ് ട്രെയിനുകളില്‍ ഉപയോഗിക്കുന്നത്. അത് ട്രെയിനിനുള്ളിലെ യാത്രക്കാരുടെ ചലനം നിയന്ത്രിക്കാന്‍ സഹായിക്കും. ഇന്ത്യയില്‍, സാധാരണ ബ്രോഡ്-ഗേജ് ട്രാക്കുകളില്‍ ഉയര്‍ന്ന വേഗതയില്‍ ഓടാന്‍ അനുവദിക്കുന്ന ഒരു സംവിധാനം ടില്‍റ്റിംഗ് ട്രെയിനുകള്‍ക്ക് ഉണ്ടായിരിക്കും.

2017ല്‍ ഇന്ത്യയില്‍ ടില്‍റ്റിംഗ് ട്രെയിനുകളില്‍ വികസിപ്പിക്കുന്നതിനായി റെയില്‍വേ മന്ത്രാലയം സ്വിറ്റ്‌സര്‍ലന്‍ഡുമായി കരാറില്‍ ഒപ്പുവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ സ്വിസ് കോണ്‍ഫെഡറേഷന്റെ പരിസ്ഥിതി, ഗതാഗത കമ്മ്യൂണിക്കേഷന്‍സ് ഫെഡറല്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി രണ്ട് ധാരണാപത്രങ്ങളിലാണ് ഒപ്പുവെച്ചത്.

2016ല്‍ അന്നത്തെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും സ്വിസ് അംബാസഡറും തമ്മില്‍ ചര്‍ച്ച ചെയ്ത മറ്റൊരു ഉഭയകക്ഷി സഹകരണത്തിന്റെ തുടര്‍നടപടിയായിരുന്നു ആദ്യ കരാര്‍. ട്രാക്ഷന്‍ റോളിംഗ് സ്റ്റോക്ക്, ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്, ട്രെയിന്‍ സെറ്റുകള്‍, ട്രാക്ഷന്‍ പ്രൊപ്പല്‍ഷന്‍ എക്യുപ്‌മെന്റ് ഫ്രൈറ്റ്, ടില്‍റ്റിംഗ് ട്രെയിനുകള്‍ എന്നീ മേഖലകളിലെ സഹകരണമാണ് ധാരണാപത്രത്തിലുണ്ടായിരുന്നത്.

Verified by MonsterInsights