സംശുദ്ധ ഊർജരംഗത്തേക്കുള്ള ഇന്ത്യയുടെ പരിണാമം
വേഗത്തിലാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടയ്ക്കിടെ പറയാറുള്ളത്. ഇതിൽ ആവേശം കൊണ്ടാണ് കേന്ദ്ര ഉപരിതല, ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വൈദ്യുത വാഹന (ഇവി-ഇലക്ട്രിക് വെഹിക്കിൾസ്) വിപ്ലവത്തെക്കുറിച്ച് എപ്പോഴും വാചാലനാകുന്നതും. വലിയ സ്വപ്നമാണ് സർക്കാരിന്റേത്-2030 ആകുമ്പോഴേക്കും 50 ദശലക്ഷം ഇവികളെങ്കിലും ഇന്ത്യൻ റോഡുകളിൽ ചീറിപ്പായണമെന്ന്. ഓട്ടോമൊബീൽ കമ്പനികളും ഇതേറ്റെടുത്തു കഴിഞ്ഞു. ടാറ്റ മോട്ടോഴ്സിന് പിന്നാലെ മഹീന്ദ്രയും ഇപ്പോൾ മധ്യവർഗത്തിൽപെട്ടവർക്ക് താങ്ങാവുന്ന ഇലക്ട്രിക കാറുകൾ പുറത്തിറക്കാനുള്ള മൽസരത്തിനിറങ്ങിക്കഴിഞ്ഞു. എക്സ്യുവി 400 എല്ലാം ഒരു സാംപിൾ.
എന്തുകൊണ്ട് മികച്ച അവസരം ?
ഏതൊരു ബിസിനസിനും മൂലധന ചെലവിടലും പ്രവർത്തന ചെലവിടലുമുണ്ടാകും. എന്നാൽ ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസിനെ സംബന്ധിച്ചിടത്തോളം പ്രവർത്തന ചെലവ് വളരെ കുറവാണെന്നത് ആകർഷകമായി പലരും കാണുന്നു. സ്ഥലം, ചാർജറുകൾ, ഇലക്ട്രിസിറ്റി, സോഫ്റ്റ് വെയർ, അഡ്വർടൈസിങ്, മെയിന്റൻസ് തുടങ്ങിയ കാര്യങ്ങൾക്കാണ് പ്രധാനമായും ചെലവ് വരുന്നത്.
എത്രയാകും മുടക്കുമുതൽ
ഇവി ഇൻഫ്രാ കമ്പനികളുടെ ഫ്രാഞ്ചൈസികളായും അല്ലാതെയുമെല്ലാം ഇവി ചാർജിങ് പോയിന്റുകൾ സ്വകാര്യ വ്യക്തികൾ തുടങ്ങുന്നുണ്ട്. സ്ഥാപിക്കുന്ന ചാർജറുകളുടെ സ്വഭാവമനുസരിച്ച് ഏകദേശം 3 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയാകും ഇവി ചാർജിങ് സ്റ്റേഷൻ തുടങ്ങുന്നതിനുള്ള ചെലവ്. പുതിയ ഇലക്ട്രിക്കൽ കണക്ഷൻ, സിവിൽ വർക്ക്, സാങ്കേതിക സംവിധാനങ്ങൾ, മാർക്കറ്റിങ്, സോഫ്റ്റ് വെയർ ഇന്റഗ്രേഷൻ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും.
എസി, ഡിസി എന്നിങ്ങനെ ചാർജറുകളും രണ്ട് തരമുണ്ട്. എസി ചാർജറുകളിൽ ചാർജിങ് വേഗത കുറവായിരിക്കും, എന്നാൽ ഡിസിക്ക് അതിവേഗ ചാർജിങ് ശേഷിയുണ്ട്. ഉയർന്ന ബാറ്ററി കപ്പാസിറ്റിയുള്ള വണ്ടികൾക്കായി ഫാസ്റ്റ് ചാർജിങ് ഏർപ്പെടുത്താവുന്നതാണ്. ചില ഇവികളുടെ ശേഷി 25 കിലോവാട്ടാണെങ്കിൽ പുതുതായി എത്തുന്ന വണ്ടികളുടെ ശേഷി 50 കിലോവാട്ടും 100 കിലോവാട്ടുമെല്ലാം ആയിരിക്കും. അതിനാൽ തന്നെ പുതിയ മോഡലുകൾക്ക് അനുസൃതമായ ഇൻപുട് ശേഷി ചാർജറുകൾക്ക് നൽകുന്നതാകും അഭികാമ്യം. 25, 30, 60, 120 കിലോവാട്ട് ശേഷികളിൽ നിലവിൽ ചാർജറുകൾ ലഭ്യമാണ്.
എന്തെല്ലാം ശ്രദ്ധിക്കണം?
ചാർജിങ് സ്റ്റേഷൻ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ പ്രധാനമായും ലൊക്കേഷൻ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. കെഎസ്ഇബിയിൽ നിന്ന് കണക്ഷൻ ലഭിക്കാൻ നൂലാമാലകളുള്ള സ്ഥലത്താണോ തുടങ്ങുന്നത് എന്നെല്ലാം പരിശോധിക്കണം. ഏറ്റവും ചുരുങ്ങിയത് 100 സ്ക്വയർ ഫീറ്റെങ്കിലും വേണം. 30-40 കിലോവാട്ടാണ് നിങ്ങളുടെ ഇൻപുട് എങ്കിൽ ട്രാൻസ്ഫോർമർ നിർബന്ധമായും വേണ്ടി വരും. അതിനുള്ള ഡിപ്പോസിറ്റ് തുകയും ചെലവിൽ പെടും.
കോഫീ ഷോപ്പോ, ഹോട്ടലുകളോ നടത്തുന്ന ആളുകൾ അതിന് അനുബന്ധമായി ചാർജിങ് പോയിന്റ് തുടങ്ങിയാൽ ബിസിനസിൽ മൂല്യവർധന ഉറപ്പാക്കാം. ചാർജിങ് സ്റ്റേഷൻ തുടങ്ങി അനുബന്ധ ബിസിനസായി ഇത്തരം കഫേകളും തുടങ്ങാവുന്നതാണ്. ചാർജ് ചെയ്യാൻ വരുന്നവർ 90 ശതമാനവും ഹോട്ടലിൽ കയറിയേ പോകൂ.
ഒരു ജീവനക്കാരൻ മതി
സമഗ്ര സേവനങ്ങൾ നൽകുന്ന ചാർജിങ് ഇൻഫ്രാ കമ്പനിയെ ബിസിനസ് തുടങ്ങാൻ സമീപിക്കുന്നതാണ് നല്ലത്. ചാർജിങ് മെഷീൻ, സോഫ്റ്റ് വെയർ, മൊബൈൽ ആപ്പ് എന്നീ കാര്യങ്ങൾ അവർ തന്നെ നൽകും. ഒരു സെക്യൂരിറ്റി ജീവനക്കാരനല്ലാതെ സ്റ്റാഫ് വേണ്ടെന്നതാണ് സൗകര്യം. പേമന്റ് കളക്ഷൻ മുതൽ ബിൽ ജനറേഷൻ വരെയുള്ള കാര്യങ്ങൾ ഓൺലൈനായി ചെയ്യാം. ഹോട്ടലിനോട് അനുബന്ധിച്ചാണ് തുടങ്ങുന്നതെങ്കിൽ ഇരുസ്ഥാപനങ്ങൾക്കും കൂടി ഒരു സെക്യൂരിറ്റി മതിയാകുമെന്ന മെച്ചവുമുണ്ട്.
ബിസിനസ് അനുഭവസമ്പത്തോ വളരെ വലിയ മൂലധനമോ, സമയമോ ഒന്നും കാര്യമായി വേണ്ട എന്നതാണ് ഈ ബിസിനസിന്റെ ഏറ്റവും വലിയ മേന്മ. കാലക്രമേണ മികച്ച ലാഭം കിട്ടുകയും ചെയ്യും. ഏറ്റവും പ്രധാനം ഇന്ത്യയിലെ ഇവി വിപ്ലവത്തിന്റെ ഭാഗമാകാനും ഇതിലൂടെ സാധിക്കുമെന്നതാണ്. രാജ്യത്ത് 100 കിലോമീറ്റർ ഗ്യാപ്പിൽ ഒരു ചാർജിങ് സ്റ്റേഷനെങ്കിലും കൊണ്ടുവരികയെന്നതാണ് സർക്കാരിന്റെ സ്വപ്നം. അതിനാൽ തന്നെ അവസരങ്ങൾ വളരെ വലുതാണ്