ചേമഞ്ചേരിയിൽ ജീവനി പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി
ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജീവനി പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കാപ്പാട് ജി.എം.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പരിധിയിലെ ഗവ. എൽ.പി, യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പ്രഭാതഭക്ഷണം നൽകുന്നത്. പത്തിരി, ചപ്പാത്തി, പുട്ട്, ഇഡലി, ദോശ എന്നിവയ്ക്കൊപ്പം ചെറുപയർ, കടല, മസാല, വെജിറ്റബിൾ കറി എന്നിവയാണ് നൽകുക. ഓരോ ദിവസവത്തേക്കും വ്യത്യസ്തമായ മെനുവാണ് തയ്യാറാക്കിയിരിക്കുന്നത്. കുടുംബശ്രീ മുഖേനയാണ് പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. സ്കൂളുകളിൽ ഭക്ഷണം എത്തിക്കുന്നതോടൊപ്പം അഞ്ചോളം കുടുംബശ്രീകൾക്ക് സംരംഭം ആരംഭിക്കാനും ഇതുവഴി സാധിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം എം.പി മൊയ്തീൻകോയ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ എം.ഷീല, അതുല്യ ബൈജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി ശിവദാസൻ, റസീനഷാഫി, ശബ്ന ഉമ്മാരിയിൽ, സുധ തടവൻകൈയ്യിൽ, സജിത ഷെറി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.പി സുധ, സിഡിഎസ് ചെയർപേഴ്സൺ ആർ.പി വത്സല, പി.ഇ.സി കൺവീനർ വി.അരവിന്ദൻ, പിടിഎ പ്രസിഡന്റ് കെ.പി ഹസിന, എസ്.എം.സി ചെയർമാൻ ടി.ഷിജു, എംപിടിഎ പ്രസിഡന്റ് ഇഷ്റത്ത് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി.പി സതീഷ്കുമാർ സ്വാഗതവും വാർഡ് മെമ്പർ വി.മുഹമ്മദ് ഷരീഫ് നന്ദിയും പറഞ്ഞു.