പച്ചക്കറികൾക്ക് വില കൂടിയാൽ കുടുംബ ബജറ്റ് താളം തെറ്റുമോയെന്നോർത്ത് തലപുകയ്ക്കുന്നവരാണേറെയും. കിലോയിക്ക് അഞ്ചോ പത്തോ രൂപ അധികമായി നൽകേണ്ടി വന്നാൽ തൽക്കാലത്തേക്ക് ആ പച്ചക്കറി വേണ്ടെന്ന് വയ്ക്കാൻ പോലും മടിക്കുകയുമില്ല. എന്നാൽ സാധാരണക്കാരന്റെ രണ്ടോ മൂന്നോ മാസത്തെ ശമ്പളം മുഴുവനായും ചെലവിട്ടാൽ മാത്രം വാങ്ങാനാവുന്ന ഒരു പച്ചക്കറിയുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ധാരാളമായി കാണാനാവുന്ന ഹോപ്പൂട്ട്സാണ് വിലകളിൽ മുൻപന്തിയിൽ നിൽക്കുന്ന പച്ചക്കറി.
ഹ്യുമുലുസ് ലുപുലുസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഒരു കിലോഗ്രാമിന് 85,000 രൂപ വരെയാണ് ഹോപ് ഷൂട്ട്സിന്റെ വില.
ഹിമാലയൻ താഴ്വരകളിൽ നിന്നും ലഭിക്കുന്ന കൂണിനങ്ങളാണ് ഇന്ത്യയിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ളവ. കിലോഗ്രാമിന് 30,000 രൂപ വരെ നൽകേണ്ടിവരുന്ന ഇവ പക്ഷേ ഹോപ് ഷൂട്ട്സിന് മുന്നിൽ ഒന്നുമല്ല. ഔഷധ ഗുണമുള്ള ഹോപ് ഷൂട്ട്സ് ഇന്ത്യയിൽ കൃഷി ചെയ്യപ്പെടുന്നത് അത്ര സാധാരണമല്ല. ആദ്യമായി ഇന്ത്യയിൽ ഇത് കൃഷി ചെയ്തത് ഹിമാചൽപ്രദേശിലാണ്. എന്നാൽ ഇത്രയും വലിയ തുക കൊടുത്ത് പച്ചക്കറി വാങ്ങാൻ ആളുകൾ കൂട്ടാക്കാതെ വന്നതോടെ പിന്നീട് ഹോപ് ഷൂട്ട്സ് കൃഷി ചെയ്യാൻ ആളുകൾ മടിച്ചു തുടങ്ങി.
ഗുണനിലവാരം അനുസരിച്ചാണ് ഹോപ് ഷൂട്ട്സിന്റെ വില നിർണയിക്കുന്നത്. ഔഷധഗുണത്തേക്കാൾ ഉപരി ഹോപ് ഷൂട്ട്സിന്റെ ഉയർന്ന വിലയ്ക്കു പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. ഇവ വിളവെടുക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള ജോലിയാണ്. ഈ കഷ്ടപ്പാടിനുള്ള വിലയാണ് യഥാർഥത്തിൽ വാങ്ങാനെത്തുന്നവർ നൽകുന്നത്. വിലപിടിപ്പുള്ളതുകൊണ്ടുതന്നെ വിപണിയിൽ ഹോപ് ഷൂട്ട്സുകൾ അത സുലഭവുമല്ല. ചണച്ചെടിയുടെ വർഗത്തിൽപ്പെട്ട വള്ളിച്ചെടിയാണ് ഇവ.
ആദ്യകാലങ്ങളിൽ ഇവ ഒരു കളയാണെന്നാണ് കണക്കാക്കിയിരുന്നത്. ആറ് മീറ്റർ ഉയരത്തിൽ വരെ ചെടികൾ വളരും. ഒരു ചെടിക്ക് 20 വർഷമാണ് ആയുസ്സ്, കൃഷി ചെയ്ത് മൂന്ന് വർഷത്തിനു ശേഷമേ വിളവെടുക്കാൻ സാധിക്കൂ. ഇവയുടെ നേർത്ത അഗ്രഭാഗം കേടുപാടുകൾ കൂടാതെ അടർത്തിയെടുക്കുകയെന്നത് ഏറെ ശ്രമകരമാണ്. അതിനാൽ വിളവെടുപ്പിന് ഏറെ സമയവും വേണ്ടിവരും. യൂറോപ്പ്, നോർത്ത് അമേരിക്ക എന്നീ പ്രദേശങ്ങളാണ് ഹോപ് ഷൂട്ട്സിന്റെ ജന്മദേശം.
വൈദ്യ ശാസ്ത്ര പഠനങ്ങൾ പ്രകാരം ട്യൂബർകുലോസിസിനെതിരെ പ്രതിരോധം നേടാൻ ഹോപ്പുട്ട്സുകൾ കഴിക്കുന്നത് ഏറെ ഉത്തമമാണ്. ഇതിനുപുറമെ ഉത്കണ്ഠ, ഉറക്കമില്ലായ്മ, മാനസിക സമ്മർദം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ലഘൂകരിക്കാനുള്ള ഔഷധഗുണവും ഹോപ്കൂട്ട് സിനുണ്ട്.