ISRO’s SSLV-D2 Rocket launch | മൂന്ന് ഉപ​ഗ്രഹങ്ങളുമായി ഐഎസ്ആര്‍യുടെ എസ്എസ്എല്‍വി ഡി 2 വിക്ഷേപിച്ചു; ദൗത്യം വിജയം

ഐഎസ്ആര്‍ഒയുടെ (ISRO) പുതിയ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകമായ എസ്എസ്എല്‍വി 2 (SSLV-D2) വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്നു രാവിലെ 9.18 നായിരുന്നു വിക്ഷേപണം. പേടകത്തിന്റെ രണ്ടാം ദൗത്യമാണ് ഇന്ന് നടന്നത്. ദൗത്യം വിജയകരമായി പൂര്‍ത്തിയായെന്ന് ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു.

ഐഎസ്ആർഒയുടെ തന്നെ ഇഒഎസ് 07, അമേരിക്കന്‍ കമ്പനി അന്റാരിസിന്റെ ജാനസ് 1, ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നീ മൂന്ന് ഉപഗ്രഹങ്ങളെയാണ് എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചത്.

1. 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ ലോഞ്ച് ഓൺ ഡിമാൻഡ് അടിസ്ഥാനത്തിൽ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാൻ എസ്എസ്എൽവി സഹായിക്കും എന്ന് ഐഎസ്ആർഒ പറയുന്നു. കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങളോടു കൂടി, കൂടുതൽ ഉപ​ഗ്രങ്ങളെ ഉൾ‌ക്കൊള്ളുന്നതിനുള്ള ശേഷി എസ്എസ്എല്‍വി 2 ന്റോ ഉണ്ടെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

2. 34 മീറ്റർ ഉയരവും 2 മീറ്റർ വ്യാസവും 120 ടൺ ഭാരവുമുള്ള റോക്കറ്റാണ് എസ്എസ്എൽവി.

3. മൂന്ന് സോളിഡ് പ്രൊപ്പൽഷൻ ഘട്ടങ്ങളും ഒരു വെലോസിറ്റി ടെർമിനൽ മൊഡ്യൂളുകൾക്കുമൊക്കെ ശേഷമാണ് റോക്കറ്റിന്റെ നിർമാണം പൂർത്തിയായത്.

4. എസ്എസ്എല്‍വി 2 ന്റെ വിക്ഷേപണം 2023 ഫെബ്രുവരി 10 ന് രാവിലെ 9.18 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ഷെഡ്യൂൾ ചെയ്തതായി ഐഎസ്ആര്‍ഒ രണ്ടു ദിവസം മുൻപ് ട്വീറ്റ് ചെയ്തിരുന്നു. ഇഒഎസ് 07, ജാനസ് 1, ആസാദി സാറ്റ് 2 എന്നീ ഉപഗ്രഹങ്ങളെ 450 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള വിക്ഷേപണ വാഹനത്തിന്റെ അവസാനഘട്ട പരിശോധന നടന്നതായും ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു.

5. കഴിഞ്ഞ വർഷം ഓഗസ്റ്റ് 9 ന് എസ്എസ്എൽവിയുടെ ആദ്യ പരീക്ഷണ പറക്കൽ ഭാഗികമായി പരാജയപ്പെട്ടിരുന്നു. ഈ പരാജയത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ, രണ്ടാം ഘട്ട വേർപിരിയൽ സമയത്ത് എക്യുപ്‌മെന്റ് ബേ (ഇബി) ഡെക്കിൽ കുറച്ചു സമയത്തേയ്ക്ക് ഒരു വൈബ്രേഷൻ അനുഭവപ്പെട്ടിരുന്നതായും ഐഎസ്ആർഒ കണ്ടെത്തിയിരുന്നു.

Verified by MonsterInsights