ന്യൂഡൽഹി: കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ (Mahatma Gandhi)ചിത്രം നീക്കം ചെയ്യുമെന്ന വാർത്തകൾ തള്ളി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). നിലവിലെ കറൻസി നോട്ടുകളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ആർബിഐ വ്യക്തമാക്കി.
കറൻസി നോട്ടുകളിൽ റബീന്ദ്രനാഥ ടാഗോർ, എപിജെ അബ്ദുൽ കലാം എന്നിവരുടെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തുമെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. ഇതിനെ തുടർന്നാണ് ആർബിഐ പ്രസ്താവന പുറത്തിറക്കിയത്.നിലവിലുള്ള കറൻസി നോട്ടുകളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പകരം മറ്റ് നേതാക്കളുടെ ചിത്രം ഉപയോഗിച്ച് മാറ്റം വരുത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആലോചിക്കുന്നതായി ചില മാധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ റിസർവ് ബാങ്കിൽ അത്തരമൊരു നിർദ്ദേശം ഇല്ല എന്ന് അറിയിക്കുന്നതായി ട്വിറ്ററിൽ നൽകിയ പ്രസ്താവനയിൽ ആർബിഐ വ്യക്തമാക്കി.
ഇത്തരം വാർത്തകൾ ആർബിഐ ചീഫ ജനറൽ മാനേജർ യോഗേഷ് ദയാൽ നിഷേധിച്ചതായി മണി കൺട്രോളും റിപ്പോർട്ട് ചെയ്യുന്നു. ആർബിഐയിൽ ഇത്തരത്തിലുള്ള യാതൊരു നിർദേശങ്ങളും ഇല്ലെന്ന് യോഗേഷ് ദയാൽ വ്യക്തമാക്കി.