നാല് വർഷത്തിനിടെ 1000 പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തും

അടുത്ത നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 1000 പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്താൻ ഡെസ്റ്റിനേഷൻ ചലഞ്ചിലൂടെ സാധിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ലക്ഷ്യം കൈവരിക്കുന്നതിലൂടെ വിനോദ സഞ്ചാര മേഖലയിൽ കേരളത്തെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ സാധിക്കും. തദ്ദേശ ടൂറിസത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തിയ കേന്ദ്രങ്ങൾ വിനോദസഞ്ചാരമേഖലയായി മാറ്റുന്നതിന് ഓൺലൈൻ അപേക്ഷ നൽകുന്നതിനുള്ള ഡെസ്റ്റിനേഷൻ ചലഞ്ച് പോർട്ടലും മന്ത്രി ഉദ്ഘാടനം ചെയ്തു.
വിനോദ സഞ്ചാര മേഖലയെ സമഗ്രമായി വിപുലപ്പെടുത്തുന്നതിനുള്ള ചരിത്ര പ്രാധാന്യമുള്ള കാൽവെപ്പായി ഡെസ്റ്റിനേഷൻ ചലഞ്ച് മാറുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആഭ്യന്തര ടൂറിസം കൂടുതൽ മെച്ചപ്പെടുത്താൻ ഇത് സഹായകമാകും.
ഓരോ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലും പുതുതായി വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുകയെന്നതാണ് ഡെസ്റ്റിനേഷൻ ചലഞ്ചിന്റെ ലക്ഷ്യം. അറിയപ്പെടാത്ത പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളെ ടൂറിസം മേഖലയിൽ അടയാളപ്പെടുത്തുന്നതിനുള്ള ഡെസ്റ്റിനേഷൻ ചലഞ്ച് വിനോദ സഞ്ചാര വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായാണ് നടപ്പാക്കുന്നത്.
തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ, തമ്പാനൂർ വാർഡ് കൗൺസിലർ ഹരികുമാർ സി, ടൂറിസം ഡയറക്ടർ കൃഷ്ണ തേജ് മൈലവരപ്പ്, പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ, കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം എന്നിവർ പ്രസംഗിച്ചു.

http://www.globalbrightacademy.com/about.php
Verified by MonsterInsights