റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) വാര്‍ഷിക ജനറല്‍ മീറ്റിംങ് (AGM) ഇന്ന് നടക്കും (ആഗസ്റ്റ് 29). കമ്പനിയുടെ പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ പതിവായി നടക്കാറുള്ളതിനാല്‍ നിക്ഷേപകരും (investors) അനലിസ്റ്റുകളും (analysts) പ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.
കഴിഞ്ഞ വര്‍ഷം നടന്ന മീറ്റിംങില്‍ കമ്പനി ഹരിത ഊര്‍ജ്ജ മേഖലയിലേക്ക് പ്രവേശിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന വാര്‍ഷിക ജനറല്‍ മീറ്റിംങ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് നടത്തുക. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി യോഗത്തെ അഭിസംബോധന ചെയ്യും. കമ്പനിയുടെ ബോര്‍ഡിലെ മറ്റ് അംഗങ്ങളും അനുബന്ധ സ്ഥാപനങ്ങളും സംസാരിക്കുകയും പ്രസന്റേഷന്‍ നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.
റിലയന്‍സിന്റെ 45-ാമത്തെ വാര്‍ഷിക മീറ്റിംങാണ് ഇന്ന് നടക്കുക. ഇത്തവണ 5ജിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും മക്കള്‍ക്ക് അധികാരം കൈമാറുന്നത് സംബന്ധിച്ചും പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ റിലയന്‍സ് ജിയോയില്‍ നിന്ന് മുകേഷ് അംബാനി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചിരുന്നു. മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയാണ് പുതിയ ചെയര്‍മാന്‍. 2014 മുതല്‍ കമ്പനിയിലെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ആകാശ് അംബാനി. കമ്പനിയുടെ അഡീഷണല്‍ ഡയറക്ടര്‍മാരായി രമീന്ദര്‍ സിംഗ് ഗുജ്റാളിനെയും കെ.വി ചൗധരിയെയും നിയമിച്ചിരുന്നു അഞ്ച് വര്‍ഷത്തേക്കായിരിക്കും ഇവരുടെ നിയമനം.
ജിയോയുടെ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹന്‍ പവാറിനെ നിയമിക്കാനും ധാരണയായി. 2022 ജൂണ്‍ 27 തിങ്കളാഴ്ച നടന്ന ജിയോയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പുതിയ നിയമനങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. അധികാരം അടുത്ത തലമുറയിലേക്ക് കൈമാറുന്നതിന് മുകേഷ് അംബാനി ആലോചിക്കുന്നതായി മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മുകേഷ് അംബാനിയുടെ മൂത്ത മകനാണ് ആകാശ് അംബാനി..