ശിശുദിനാഘോഷം: കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തു

ഈ വർഷത്തെ സംസ്ഥാനതല ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ അറിയിച്ചു. എൽ.പി, യു.പി വിഭാഗം മലയാളം പ്രസംഗ മത്സരം മുഖേനയാണ് നേതാക്കളെ തെരഞ്ഞെടുത്തത്.

കുട്ടികളുടെ പ്രധാനമന്ത്രിയായി മിന്നാരഞ്ജിത്തിനേയും പ്രസിഡന്റായി നന്മ. എസിനെയും സ്പീക്കറായി ഉമ. എസിനെയും തെരഞ്ഞെടുത്തു.കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ് മിന്നാ രഞ്ജിത്. പ്രസംഗം, പെയിന്റിംഗ്, ഫാൻസി ഡ്രസ്സ് എന്നിവയിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഐ.ടി. പ്രൊഫഷണലായ രഞ്ജിത്തിന്റെയും മാനേജ്‌മെന്റ് കൺസൾട്ടന്റായ ജിനു റാണി ജോർജ്ജിന്റെയും മകളാണ് പേരൂർക്കട മണികണ്‌ഠേശ്വരം സ്വദേശിനി മിന്നാ രഞ്ജിത്ത്. മിലോഷ് രഞ്ജിത്ത് സഹോദരനാണ്.

തിരുവനന്തപുരം വഞ്ചിയൂർ ഹോളി ഏഞ്ചൽസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് നന്മ. എസ്. ഉപന്യാസ രചന, മോണോ ആക്ട്, പ്രസംഗം എന്നിവയിൽ സ്‌കൂൾ തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ജഗതി ഈശ്വരവിലാസം റോഡ്, ‘മാധവ’ത്തിൽ വിപ്രോയിലെ ഐ.ടി പ്രൊഫഷണലും സാപ് കൺസൾട്ടന്റുമായ ശ്രീകുമാറിന്റെയും ഡോ. ദിവ്യ ശ്രീകുമാറിന്റെയും മകളാണ് നന്മ. ഇരട്ടകളായ മൂന്ന് വയസ്സുള്ള നന്ദിത്തും നമസ്വിയും സഹോദരങ്ങളാണ്.

യു.പി. വിഭാഗം മലയാളം പ്രസംഗത്തിൽ സമ്മാനം നേടി കുട്ടികളുടെ സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ട ഉമ. എസ് തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി.കെ. സുജിത്തിന്റെയും അഭിഭാഷകയായ എം. നമിതയുടെയും മകളാണ്. 2021 ലെ സംസ്ഥാന ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രസംഗ മത്സര വേദികളിലും ഡബ്ബിങ്ങിലും മികവ് തെളിയിച്ചിട്ടുണ്ട്. എം.ജി. കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥി അമൽ സഹോദരനാണ്.

ഇത്തവണ ശിശുദിന പൊതുയോഗത്തിൽ സ്വാഗത പ്രസംഗം നടത്തുക പാർവണേന്ദു പി.എസ് ആണ്. എസ്.എസ്.ഡി, ശിശുവിഹാർ യു.പി.എസ്-ലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്

തിരുവനന്തപുരം വഴുതയ്ക്കാട് കാർമൽ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ഗൗതമി. എം.എൻ ആണ് പൊതുയോഗത്തിലെ നന്ദി പ്രാസംഗിക.

എൽ.പി, യു.പി വിഭാഗം പ്രസംഗ മത്സരത്തിൽ ആദ്യ അഞ്ച് സ്ഥാനക്കാരിൽ നിന്നുമാണ് ഗ്രാന്റ് മാസ്റ്റർ ജി.എസ്. പ്രദീപ്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ എന്നിവരടങ്ങിയ ജൂറി നേതാക്കളെ തിരഞ്ഞെടുത്തത്.

നവംബർ 14 ന് തിരുവനന്തപുരത്ത് നടക്കുന്ന കുട്ടികളുടെ സംസ്ഥാനതല പൊതുയോഗം കുട്ടികളുടെ പ്രധാനമന്തി മിന്നാ രഞ്ജിത് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് നന്മ. എസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉമ. എസ് മുഖ്യ പ്രഭാഷണം നടത്തും. ‘നേടിയതൊന്നും പാഴാക്കരുതേ; അന്ധവിശ്വാസത്തിനെതിരെ ശാസ്ത്ര പ്രതിരോധം’ എന്നതാണ് ഈ വർഷത്തെ ശിശുദിനാഘോഷത്തിന്റെ പ്രമേയം. യോഗത്തിൽ ഇത്തവണത്തെ ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനവും നടക്കും.

Verified by MonsterInsights