ദിവസവേതനക്കാർക്ക് രാജ്യത്ത് ഏറ്റവും കൂടുതൽ വേതനം നൽകുന്നത് കേരളത്തിൽ. ഏറ്റവും കുറവ് മധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും. കൃഷി, കൃഷി ഇതര, നിർമാണ മേഖലകളിൽ കേരളം തന്നെയാണ് ബഹുദൂരം മുന്നിൽ. കേന്ദ്രസർക്കാരിന്റെ ഇന്ത്യൻ തൊഴിൽ ജേണലിനെ അധികരിച്ച് റിസർവ് ബാങ്ക് തയാറാക്കിയ റിപ്പോർട്ടിലേതാണ് കണക്കുകൾ. ബാങ്ക് പുറത്തിറക്കിയ വാർഷിക ഹാൻഡ് ബുക്കിലാണ് ഈ നേട്ടം രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷവും കേരളമായിരുന്നു മുന്നിൽ.
കഴിഞ്ഞ വർഷവും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കേരളത്തിൽ ശരാശരി ദിവസ കൂലി 677. 60 രൂപയായിരുന്നു. ഒരു വർഷം കൊണ്ട് സംസ്ഥാനത്ത് ദിവസവേതനം 159.70 രൂപ വർധിച്ചു. ഇത് സർവകലാ റെക്കോഡാണ്. ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന സംസ്ഥാനങ്ങളായ ത്രിപുരയിയിലും മധ്യപ്രദേശിലും ഉള്ളതിൻ്റെ മൂന്നിരട്ടിയിലധികമാണ് കേരളത്തിലെ വേതനം.
കൃഷിമേഖല
കേരളത്തിലെ ശരാശരി ദിവസവേതന നിരക്ക് 726.8 രൂപ. ജമ്മു കശ്മീർ (524.6 രൂപ), ഹിമാചൽ പ്രദേശ് (457.6 രൂപ) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ഏറ്റവും കുറവ് മധ്യപ്രദേശ് (217.8 രൂപ), ഗുജറാത്ത് (220.3 രൂപ), യുപി (288 രൂപ) സംസ്ഥാനങ്ങളിൽ.
8 വർഷത്തിനിടെ കേരളത്തിലെ വേതന വർധന 26.37%.
കൃഷി ഇതര മേഖല
കേരളത്തിലെ ശരാശരി നിരക്ക് 681.8 രൂപ. ജമ്മു കശ്മീർ (500.8 രൂപ), തമിഴ്നാട് (462.3 രൂപ) രണ്ടും മൂന്നും സ്ഥാനങ്ങളിൽ
ഏറ്റവും കുറവ് മധ്യപ്രദേശ് (230.3 രൂപ), ത്രിപുര, (250 രൂപ), ഗുജറാത്ത് (252 രൂപ) സംസ്ഥാനങ്ങളിൽ.
8 വർഷത്തിനിടെ കേരളത്തിൽ വർധന 11.82%.
നിർമാണ മേഖല
കേരളത്തിലെ ശരാശരി നിരക്ക് 837.7 രൂപ. ജമ്മു കശ്മീർ (519.8 രൂപ), തമിഴ്നാട് (478.6 രൂപ) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ഏറ്റവും കുറവ് ത്രിപുര (250 രൂപ), മധ്യപ്രദേശ് (266.7 രൂപ), ഗുജറാത്ത് (295.9 രൂപ) സംസ്ഥാനങ്ങളിൽ.
8 വർഷത്തിനിടെ കേരളത്തിലെ വർധന 6.32%