സംസ്ഥാനം ഊർജ്ജ സ്വയം പര്യാപ്തതയിലേക്ക് മാറുകയാണ്

സൗരോർജമടക്കമുള്ള പുനഃരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളെ പരമാവധി ആശ്രയിച്ചും ജലവൈദ്യുത പദ്ധതികളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയും ഊർജ സ്വയം പര്യാപ്തതയിലേക്ക് കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ലൈഫ് മിഷനും പട്ടികജാതി വകുപ്പും നിർമിച്ച വീടുകളിൽ അനെർട്ടിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച സൗരോർജ പ്ലാന്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആദ്യഘട്ടമെന്ന നിലയിൽ നിലവിൽ 500 വീടുകളിലാണ് സൗരോർജ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ 400 വീടുകൾ ലൈഫ് മിഷനും 100 വീടുകൾ പട്ടികജാതി വകുപ്പും നിർമിച്ചവയാണ്. വീടിനാവശ്യമുള്ള വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതോടൊപ്പം അധിക വൈദ്യുതി ഗ്രിഡിലേക്ക് നൽകി സാമ്പത്തികലാഭവും നേടാവുന്നതാണ്. ആഗോള താപനത്തിന്റെ പശ്ചാത്തലത്തിൽ ഫോസിൽ ഇന്ധനങ്ങൾക്ക് പകരമായി പുനഃരുപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹൃദമാർന്നതുമായ ഊർജ സ്രോതസ്സുകളെ പരമാവധി ഉപയോഗിക്കുക എന്നതാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന പരിസ്ഥിതി സൗഹൃദ നയം. ഈജിപ്തിൽ നടന്ന കാലവസ്ഥ ഉച്ചകോടിയിലും സമാനമായ ചർച്ചകൾ നടന്നെങ്കിലും ചില സ്ഥാപിത താൽപര്യങ്ങളാൽ ലോക രാജ്യങ്ങൾക്കിടയിൽ തീരുമാനത്തിലെത്താൻ കഴിയാതെ പോയ സാഹചര്യവും ചൂണ്ടിക്കാട്ടുകയാണ്. ഈ സാഹചര്യത്തിലും സംസ്ഥാന സർക്കാർ വരും തലമുറയോടു കൂടിയുള്ള പ്രതിബദ്ധതയുടെ ഭാഗമായി പ്രകൃതി സൗഹൃദ നയമാണ് തുടരുന്നത്.

നമ്മുടെ ഊർജ ആവശ്യങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ സാധ്യത ഇനിയും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇതോടൊപ്പം ജലാശയങ്ങളിൽ ഫ്‌ലോട്ടിംഗ് സോളാറുംകൃഷിയിടങ്ങളിൽ സോളാർ പമ്പുകളും വ്യാപകമാക്കും. ഉപയോഗ ശേഷമുള്ള അധിക വൈദ്യുതിയിലൂടെയുള്ള വരുമാനം കർഷകർക്ക് ആശ്വാസമാകും. ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡി നൽകി പുരപ്പുറ സൗരോർജ പദ്ധതി വ്യാപകമാക്കുന്നതിനോടൊപ്പം നഗരങ്ങളിലെ മുഴുവൻ ഗവൺമെന്റ് ഓഫീസുകളിലും സൗരോർജ പ്ലാന്റുകളും സോളാർ ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിക്കും. 2025 ഓടെ 3000 മെഗാവാട്ട് സൗരവൈദ്യുതി എന്ന ലക്ഷ്യത്തിലേക്ക് കേരളം എത്തും. കാസർഗോഡ് ജില്ലയിലെ ചീമേനിയിൽ 100 മെഗാവാട്ട് ശേഷിയുള്ള സോളാർ പാർക്കിനായി 475 ഏക്കർ ഭൂമിയേറ്റെടുത്തു കഴിഞ്ഞു. തോറിയത്തിലൂടെയുള്ള വൈദ്യുതോൽപ്പാദനം വിജയകരമാകുന്ന ഘട്ടത്തിൽ കേരളത്തിലെ തീരപ്രദേശങ്ങളിൽ സുലഭമായ ധാതുവെന്ന നിലയിയിൽ ആ സാധ്യത ഉപയോഗിക്കാവുന്നതാണ്. ഭാവിയുടെ ഇന്ധനമായ ഹൈഡ്രജൻ ഉപയോഗപ്പെടുത്തുന്നതിന് കൊച്ചിയിൽ ഗ്രീൻ ഹ്രൈഡ്രജൻ ഹബ്ബ് സർക്കാർ സ്ഥാപിച്ചു. ഉൽപ്പാദനം പോലെ പ്രസരണ നഷ്ടം കുറക്കാനും സർക്കാർ സ്വീകരിച്ച നിലപാടിന്റെ ഭാഗമാണ് ഇടമൺ -കൊച്ചി പവർ ഗ്രിഡ്- മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ ഭാവിയെ കരുതി സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന വികസന പ്രവർത്തനങ്ങൾ തുടരുകയും വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുകയും ചെയ്യും. ഗെയ്ൽ പാചക വാതക ലൈൻദേശീയ പാത വികസനംഇടമൺ -കൊച്ചി പവർ ഗ്രിഡ് എന്നതു പോലെ സമൂഹത്തിന്റെ പൂർണ സഹകരണത്തോടെയാകും പദ്ധതി നടപ്പിലാകുക. നിലവിൽ നടന്ന അക്രമ സംഭവങ്ങളെ മുഴുവൻ രാഷ്ട്രീയ കക്ഷികളും അപലപിച്ചത് അക്രമസമരങ്ങൾക്കു പൊതു സമൂഹത്തിന്റെ പിൻതുണ ഇല്ലയെന്നതു കൊണ്ടാണ്. ബഹുദൂരം മുന്നിലേക്ക് പോയ ഒരു പദ്ധതി ഇല്ലാതാക്കുന്നതിലൂടെ കേരളത്തിന്റെ വിശ്വാസ്യതയാകും ഇല്ലാതാകുക. ഇത് നിക്ഷേപ സാധ്യതയില്ലാതാക്കുകയും തൊഴിലവസരങ്ങൾ കുറക്കുകയും ചെയ്യും.

സമരസമിതി ആവശ്യപ്പെട്ട ഏഴ് ആവശ്യങ്ങളിൽ ആറ് ആവശ്യങ്ങളും അംഗീകരിച്ച സർക്കാരാണിത്. അതിനു ശേഷം ഗൂഢാലോചന നടത്തിയും മുൻകൂട്ടി ആഹ്വാനം ചെയ്തതും പോലീസ് സ്റ്റേഷൻ ആക്രമണം നടത്തിയതും അബ്ദുറഹ്‌മാൻ എന്ന പേരുള്ളതുകൊണ്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിയെ രാജ്യദ്രോഹി എന്ന് വിളിക്കാനും കഴിയുന്നുവെങ്കിൽ പ്രതിഷേധത്തിന്റെ ദിശ മനസ്സിലാക്കാവുന്നതാണ്. ഇച്ഛാശക്തിയോടെ സംസ്ഥാന ഗവൺമെന്റ് വികസന പദ്ധതികളുമായി മുന്നോട്ട് പോവുകയും പ്രാവർത്തികമാക്കുകയും ചെയ്യും. 2025 ഓടെ ഊർജ ഉപഭോഗത്തിന്റെ 40% പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളിൽ നിന്നായിരിക്കുമെന്നും ഈ മേഖലയിൽ വൈദ്യുത വകുപ്പ് മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അനർട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വെലുരി സ്വാഗതമാശംസിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുമേയർ ആര്യ രാജേന്ദ്രൻജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർലൈഫ് മിഷൻ സി.ഇ.ഒ പി ബി നൂഹ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അനീഷ് എസ്. പ്രസാദ് നന്ദി പറഞ്ഞു.

Verified by MonsterInsights