നീറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; അപേക്ഷാ നടപടിക്രമങ്ങൾ അറിയാം

പ്രവേശന പരീക്ഷയ്ക്കുളള അപേക്ഷ നടപടിക്രമങ്ങൾ 2023 ജനുവരി പകുതിയിലോ ഫെബ്രുവരി മാസമാദ്യമോ പ്രതീക്ഷിക്കാവുന്നതാണ്
രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ പേർ എഴുതുന്ന പ്രവേശന പരീക്ഷയായ നീറ്റ് – 2023 ന്റെ പരീക്ഷാ തീയതി, നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിച്ചു. വിവിധ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനു വേണ്ടി നടത്തുന്ന 2023ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ് യു.ജി.) പരീക്ഷ, 2023 മെയ് 07 ന് നടക്കും. പ്രവേശന പരീക്ഷയ്ക്കുളള അപേക്ഷ നടപടിക്രമങ്ങൾ 2023 ജനുവരി പകുതിയിലോ ഫെബ്രുവരി മാസമാദ്യമോ പ്രതീക്ഷിക്കാവുന്നതാണ്.
 
കേരളത്തിലും പ്രവേശനം നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ
 
കേരളത്തിൽ ബിരുദതല മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള മാനദണ്ഡം നീറ്റ് പരീക്ഷ തന്നെയാണ്. മെഡിക്കൽ വിഭാഗത്തിലെ ആറ് പ്രോഗ്രാമുകൾക്കും മെഡിക്കൽ അലൈഡ് വിഭാഗത്തിലെ ഏഴ് പ്രോഗ്രാമുകൾക്കും നീറ്റ് യു.ജി. – 2023 ബാധകമാണ്. നമ്മുടെ രാജ്യത്തു മാത്രമല്ല; വിദേശ രാജ്യങ്ങളിലെ മെഡിക്കൽ പഠനത്തിനും പല യൂണിവേഴ്സിറ്റികളിലും നീറ്റ് സ്കോർ ആവശ്യപ്പെടുന്നുണ്ട്.
പെർസന്റൈൽ സ്കോർ
 
പരീക്ഷ അഭിമുഖീകരിക്കുന്നവരുടെ ആപേക്ഷിക മികവ് വിലയിരുത്തുന്നത് പെർസന്റൈൽ സ്കോറാണ്. ഏതു സ്കോറിനു മുകളിലാണോ പരീക്ഷ എഴുതിയവരിൽ 50 ശതമാനം പേരുടെയും സ്കോർ വരുന്നത്, ആ സ്കോറാണ് 50-ാം പെർസന്റൈൽ സ്കോർ. നീറ്റ് യു.ജി.യിൽ യോഗ്യത നേടാൻ അപേക്ഷാർഥി, ചുരുങ്ങിയത് 50 പെർസന്റൈൽ സ്കോറെങ്കിലും നേടണം. പരീക്ഷയുടെ മൂല്യനിർണ്ണയത്തിനു മുൻപ്, പെർസന്റൈൽ സ്കോർ കാണാൻ കഴിയാത്തതിനാൽ സംബന്ധിച്ച് ഒരു അനുമാനം പ്രായോഗികമല്ല മാത്രവുമല്ല; ഓരോ വർഷവും പെർസന്റൈൽ സ്കോറിൽ മാറ്റം വരികയും ചെയ്യും. പട്ടികജാതി/പട്ടിക വർഗ്ഗ/ഒ.ബി.സി. വിഭാഗക്കാർക്ക് 40-ാം പെർസന്റൈൽ സ്കോറും (60 ശതമാനം പരീക്ഷാർഥികളുടെ സ്കോർ ഇതിനു മുകളിലായിരിക്കും), ജനറൽ/ജനറൽ ഇ.ഡബ്ല്യു.എസ്. വിഭാഗം ഭിന്നശേഷിക്കാർക്ക് 45-ാം പെർസന്റൈൽ സ്കോറും (55 ശതമാനം പരീക്ഷാർഥികളുടെ സ്കോർ ഇതിനു മുകളിലായിരിക്കും) വേണം.
 
കീം രജിസ്ട്രേഷൻ നിർബന്ധം
 
കേരളത്തിൽ പ്രവേശനമാഗ്രഹിക്കുന്നവർക്ക്, കീം രജിസ്ട്രേഷൻ നിർബന്ധമാണ്. നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയവർ അവരുടെ നീറ്റ് സ്കോർ യഥാസമയം കേരളാ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ് സൈറ്റിൽ അപ് ലോഡിങ് നടത്തിയാൽ മാത്രമേ, കേരളാ  മെഡിക്കൽ, മെഡിക്കൽ അലൈഡ് റാങ്ക് പട്ടികകളിലേക്ക് അവരെ പരിഗണിക്കുകയുള്ളൂ.
Verified by MonsterInsights