പിതാവിന് കരള്‍ പകുത്തുനല്‍കാന്‍ 17കാരിക്ക് ഹൈക്കോടതി അനുമതി

കൊച്ചി: കരള്‍ രോഗബാധിതനായ പിതാവിന് കരള്‍ പകുത്തുനല്‍കാന്‍ പതിനേഴുകാരിക്ക് ഹൈക്കോടതി അനുമതി. തൃശൂര്‍ കോലഴി സ്വദേശി പി ജി പ്രതീഷിന് കരള്‍ പകുത്തു നല്‍കാനാണ് പതിനേഴുകാരിയായ മകള്‍ ദേവനന്ദയ്ക്ക് കോടതി അനുമതി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത വ്യക്തികള്‍ക്ക് അവയവദാനം സാധ്യമല്ലത്തതിനാല്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ദാതാവിനെ കിട്ടാതെ വരികയും, കുടുംബാംഗങ്ങളുടെ കരള്‍ അനുയോജ്യമാകാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് ദേവനന്ദ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. തന്റെ പിതാവ് ഗുരുതരാവസ്ഥയിലാണെന്നും മറ്റു വഴികളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദേവനന്ദ ഹൈക്കോടതിയെ സമീപച്ചത്. ഇനിയും കാത്തിരുന്നാല്‍ പിതാവിന്റെ ജീവന്‍ അപകടത്തിലാകുമെന്നും ദേവനന്ദ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ദേവനന്ദയെ അഭിനന്ദിക്കുന്നതായും ഇതുപോലെയുള്ള കുട്ടികളുള്ള മാതാപിതാക്കള്‍ ഭാഗ്യവാന്മാണെന്നും വിധിന്യായത്തില്‍ ജസ്റ്റിസ് അരുണ്‍ പറഞ്ഞു. അതേസമയം ചെറിയ പ്രായത്തിലും കരള്‍ പകുത്ത് നല്‍കാന്‍ തീരുമാനമെടുത്ത ദേവനന്ദയുടേത് ശക്തമായ പിതൃസ്‌നേഹവും അസാധ്യമായ നിശ്ചയദാര്‍ഢ്യവുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

അവയവദാന പ്രക്രിയയിലെ ചരിത്രത്തിന്റെ ഭാഗമായി ദേവനന്ദ മാറുകയാണെന്നും മന്ത്രി പറഞ്ഞു.കോടതി ഉത്തരവ് ലഭിച്ച ശേഷം 48 മണിക്കൂറില്‍ വിദഗ്ധ സമിതിയെ രൂപീകരിക്കുകയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ദേവാനന്ദയെ പരിശോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി

Verified by MonsterInsights