ഫെയ്‌സ്ബുക്കിനോട് അമിതമായ ആസക്തി ഉള്ളവരിൽ വിഷാദരോഗത്തിന്റെ തീവ്രത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങൾ. ഫെയ്‌സ്ബുക്കിന്റെ അമിതമായ ഉപയോഗം ഒരു വ്യക്തിയുടെ ആത്മാഭിമാനം കുറയ്ക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ‘കമ്പ്യൂട്ടർ ഇൻ ഹ്യൂമൻ ബിഹേവിയറി’ലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ശാസ്ത്ര രംഗത്തും മാധ്യമങ്ങളിലുമൊക്കെ ഫേസ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതു സംബന്ധിച്ച് ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്. ഒരാൾ ഫേസ്ബുക്കിനെ കൂടുതലായി ആശ്രയിക്കുമ്പോൾ അവരിൽ വിഷാദം കൂടുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. ഇതുപോലുള്ള കണ്ടെത്തലുകൾ ‘ഫെയ്‌സ്ബുക്ക് ഡിപ്രഷൻ’ എന്ന പുതിയ പദം ഉണ്ടാകുന്നതിനു പോലും കാരണമായി.
ഫെയ്‌സ്ബുക്കിൽ ചെലവഴിക്കുന്ന സമയം അടിസ്ഥാനമാക്കിയല്ല വിഷാദത്തിന്റെ തീവ്രത കൂടുന്നതെന്നും പുതിയ പഠനം സൂചിപ്പിക്കന്നു. അതിനോടുള്ള ആസക്തിയാണ് ഹാനികരം. അമിതമായ ഫെയ്സ്ബുക്ക് ആശ്രയത്വം സ്വയം വിമർശിക്കുന്ന സാഹചര്യത്തിലേക്കു വരെ എത്തിയേക്കാമെന്ന് പഠനത്തിൽ പങ്കാളിയായ സൂൺ ലി ലീ പറയുന്നു.
”ഇന്നു നമ്മൾ സാങ്കേതികവിദ്യയെ വളരെയധികം ആശ്രയിക്കുന്നു. ശാരീരികമായും മാനസികമായും ഈ ആശ്രയത്വം നമ്മെ ബാധിക്കുന്നത് എങ്ങനെയാണെന്ന് നാം മനസിലാക്കണം. ആരോഗ്യമുള്ള യുവാക്കളിലാണ് ഇതു സംബന്ധിച്ച മിക്ക പഠനങ്ങളും നടത്തിയത്. ക്ലിനിക്കൽ ഡിപ്രഷനുള്ളവരെ ഇത് എങ്ങനെ ബാധിക്കുന്നു എന്നറിയേണ്ടതും പ്രധാനമാണ്”, മലേഷ്യയിലെ മോനാഷ് യൂണിവേഴ്സിറ്റിയിലെ സൈക്കോളജി അദ്ധ്യാപകൻ കൂടിയായ ലീ പറഞ്ഞു.