കൂട്ട അവധിയെടുത്ത് കോന്നി താലൂക്ക് ഓഫീസ് ജീവനക്കാരുടെ ഉല്ലാസയാത്ര; തഹൽസിൽദാറും സംഘത്തിൽ; കളക്ടർക്ക് റിപ്പോർട്ട് നൽകും

 കോന്നി തഹസിൽദാർ ഉൾപ്പെടെ ജീവനക്കാർ കൂട്ടയവധിയെടുത്തു മൂന്നാറിൽ ഉല്ലാസയാത്രയ്ക്കു പോയ സംഭവത്തിൽ എഡിഎം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും. തഹസിൽദാർ കുഞ്ഞച്ചൻ ഉൾപെടെയുള്ളവർ സംഘത്തിലുണ്ട്. മൂന്നാർ, ദേവികുളം എന്നിവടങ്ങളിലാണ് സംഘം യാത്ര നടത്തിയത്. വിനോദയാത്രയുടെ ചിത്രങ്ങൾ പുറത്തുവന്നു

ആകെയുള്ള 60 ജീവനക്കാരിൽ 35 പേർ ഇന്നലെ ജോലിക്ക് ഹാജരായിരുന്നില്ല. ഇതേക്കുറിച്ച് പരാതി ഉയർന്നതോടെ സ്ഥലം എംഎൽഎ കെ യു ജനീഷ് കുമാർ ഓഫിസിലെത്തി അറ്റൻഡൻസ് രജിസ്റ്റർ പരിശോധിച്ചപ്പോൾ 21 പേർ മാത്രമാണ് ഹാജർ രേഖപ്പെടുത്തിയിരുന്നത്. 18 പേർ അവധിക്ക് അപേക്ഷ നൽകിയിരുന്നുവെന്നും ബാക്കിയുള്ളവർ അനധികൃതമായി ജോലിക്ക് ഹാജരായിട്ടില്ലെന്നും എംഎൽഎ പറഞ്ഞു.

കൂട്ട അവധി എടുത്തതിനെ തുടർന്ന് ജനങ്ങൾക്കുണ്ടായ പ്രയാസത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി മന്ത്രി കെ രാജനും പ്രതികരിച്ചു. റിപ്പോർട്ട് അനുസരിച്ച് കർശന നടപടി സ്വീകരിക്കും. പ്രാഥമിക റിപ്പോർട്ടിന് ശേഷം പൂർണ റിപ്പോർട്ട് 5 ദിവസത്തിനുള്ളിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൂട്ട അവധികൾ ഭാവിയിൽ ഇല്ലാതാക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുമെന്നും ഇത്തരം കൂട്ട അവധികൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

എംഎൽഎ ഫോണിൽ വിളിച്ചപ്പോൾ കളക്ടർക്ക് അവധിക്ക് അപേക്ഷ നൽകിയാണ് താൻ പോയതെന്നും മറ്റുള്ളവർക്ക് അവധി അനുവദിച്ചതിനെക്കുറിച്ചു തനിക്ക് അറിയില്ലെന്നുമാണു തഹസിൽദാർ പറഞ്ഞത്.

Verified by MonsterInsights