ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പാക്കും

സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2024നകം നാക് അക്രഡിറ്റേഷ൯ ലഭിക്കുക എന്ന ലക്ഷ്യത്തോടെ മിഷൻ 2024 എന്ന പേരിൽ പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും ഇതിനായി സർക്കാരിനൊപ്പം നിൽക്കണമെന്നും മന്ത്രി പറഞ്ഞു.

നാക് അക്രഡിറ്റേഷനിൽ ഉയർന്ന ഗ്രേഡുകൾ നേടിയ സർവ്വകലാശാലകളെയും കോളേജുകളെയും  ആദരിക്കുന്ന എക്സലൻഷ്യ 23 പുരസ്കാര സമർപ്പണത്തിന്റെയും അക്രഡിറ്റേഷന് തയ്യാറെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന  സിമ്പോസിയത്തിന്റെയും ഉദ്ഘാടനം കാക്കനാട് രാജഗിരി വാലിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനാണ് പ്രാഥമിക പരിഗണന. ഗുണനിലവാരം അളക്കാനും ഉറപ്പു വരുത്താനുമുള്ള പ്രക്രിയ എന്ന നിലയിൽ കൂടുതലായി അക്രഡിറ്റേഷനെ ആശ്രയിക്കുന്നു. നാക് അക്രഡിറ്റേഷനായി സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഒരു സ്വതന്ത്ര അക്രഡിറ്റേഷൻ സംവിധാനമായ സാക്കിനും കേരളത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്. അന്താരാഷ്ട്ര റാങ്കിംഗിലേക്കും നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എത്തണം. ഇത്തരത്തിലുള്ള വിലയിരുത്തലുകളും അംഗീകാരങ്ങളും റാങ്കിംഗ് സംവിധാനങ്ങളുമെല്ലാം സ്വയം മെച്ചപ്പെടുത്തുന്നതിനുള്ള അവസരമാണ്.

നാക് അക്രഡിറ്റേഷനിൽ കേരളത്തിലെ നാല് സർവകലാശാലകൾ അഭിമാനകരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്.
കേരള സർവകലാശാലയ്ക്ക് എ++ ഗ്രേഡും കോഴിക്കോട്, കുസാറ്റ്, ശ്രീ ശങ്കരാചാര്യ സർവകലാശാലകൾക്ക് എ+ ഗ്രേഡും ലഭിച്ചു. 13 കോളേജുകൾക്ക് എ++ ഗ്രേഡും 24 കോളേജുകൾക്ക് എ+ ഗ്രേഡും 41 കോളേജുകൾക്ക് എ ഗ്രേഡുമാണ് ലഭിച്ചത്. മഹാത്മാ ഗാന്ധി സർവകലാശാല അന്താരാഷ്ട്ര റാങ്കിംഗിലും ഇടം നേടി. ഈ നേട്ടങ്ങൾക്ക് കാരണം ആ സ്ഥാപനങ്ങളും അവിടുത്തെ അധ്യാപക-വിദ്യാർഥികളും അവരെ പിന്തുണച്ച പൊതു സമൂഹവുമാണ്. ഈ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യവും അക്കാദമിക നിലവാരവും മെച്ചപ്പെടുത്തുന്നതിന് സർക്കാരും പിന്തുണ നൽകി.

പുതിയ ദിശാബോധത്തോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നേറുന്നതിനായി കരിക്കുലം പരിഷ്ക്കരിക്കുന്നതിനായി കേരള സ്റ്റേറ്റ് കരിക്കുലം കമ്മിറ്റിക്ക് സർക്കാർ രൂപം നൽകി. കേരള ഹയർ എജ്യുക്കേഷൻ കരിക്കുലം ഫ്രെയിംവർക്ക്  തയാറാക്കി സർവകലാശാലകളിലും കോളേജുകളിലും നടപ്പാക്കും. പാഠ്യപദ്ധതിയുടെ സമഗ്രപരിഷ്ക്കരണമാണ് ഇതു വഴി ലക്ഷ്യമിടുന്നത്. ഔട്ട് കം ബേസ്ഡ് എജ്യൂക്കേഷൻ (ഒബിഇ) സംവിധാനവും സർക്കാർ ആരംഭിച്ചു.

ഗവേഷണ മേഖലയിലും നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. നിരവധി പേർ പേറ്റന്റുകൾ സ്വന്തമാക്കുകയും അന്താരാഷ്ട്ര ജേണലുകളിൽ  ഗവേഷണ പ്രബന്ധങ്ങൾ സ്ഥാനം പിടിക്കുകയും ചെയ്തു. ട്രാൻസ്‌ലേഷണൽ റിസർച്ചിലൂടെയും ഇൻക്യുബേഷനിലൂടെയും ഈ അറിവുകളെ സമൂഹത്തിന് പ്രയോജനകരമായ വിധത്തിൽ വിനിയോഗിക്കുകയാണ് ലക്ഷ്യം.

സ്റ്റാർട്ട് അപ്പ് നയത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് ഗവേഷണ പാർക്കുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. സ്റ്റാർട്ട് അപ്പ് എക്കോ സിസ്റ്റം നിർമ്മിക്കുന്നതിനായി എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയ്ക്ക് സമീപത്ത് 50 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് സ്റ്റാർട്ട് അപ്പ് എക്കോസിസ്റ്റം സജ്ജമാക്കുന്നതിനായി കെ – ഡിസ്ക്, കേരള നോളജ് എക്കോണമി മിഷൻ, സ്റ്റാർട്ട് അപ്പ് മിഷൻ എന്നിവയും സഹകരിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നാരംഭിക്കുന്ന വ്യാവസായിക യൂണിറ്റിന് ആദ്യമായി അംഗീകാരം ലഭിച്ചത് തൃപ്പൂണിത്തുറ ആർ എൽ വി മ്യൂസിക് കോളേജിനാണ്. പാഴ് വസ്തുക്കളിൽ നിന്ന് അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്ന യൂണിറ്റാണിത്. പോളിടെക്നിക് കോളേജുകളും ഇത്തരത്തിലുള്ള പദ്ധതി നടപ്പാക്കുന്നു. സർവകലാശാലകളിൽ
ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്ററുകളും ഇൻക്യുബേഷൻ ലബോറട്ടറികളും ഒരുക്കുന്നതിനായി ആയിരം കോടിയിലധികം രൂപയാണ് സർക്കാർ അനുവദിച്ചത്.

ഗ്രോസ് എൻറോൾമെന്റ് റേഷ്യോ (ജി ഇ ആർ ) യിൽ കേരളം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 10 % ആണ് ജി ഇ ആർ വർധിച്ചതെന്നും മന്ത്രി പറഞ്ഞു.

നാക് എ++, എ+, എ അക്രഡിറ്റേഷൻ നേടിയ യൂണിവേഴ്സിറ്റികൾക്കും കോളേജുകൾക്കുള്ള എക്സലൻഷ്യ 23 പുരസ്കാരം മന്ത്രി ആർ. ബിന്ദുവും നാക് ചെയർമാൻ പ്രൊഫ. ഭൂഷൻ പട് വർധനും ചേർന്ന് വിതരണം ചെയ്തു.

നാക് ചെയർമാൻ പ്രൊഫ. ഭൂഷൻ പട് വർധൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, കൊളീജിയറ്റ് എജ്യൂക്കേഷൻ ഡയറക്ടർ വി. വിഘ്നേശ്വരി, കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാല വൈസ് ചാൻസലർ എം.വി. നാരായണൻ, കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മേൽ, കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ എം.കെ. ജയരാജ്,
നുവാൽസ് വൈസ് ചാൻസലർ ജസ്റ്റിസ് എസ്. സിരി ജഗൻ, കൊച്ചി സർവകലാശാല പ്രോ വൈസ് ചാൻസലർ പ്രൊഫ. പി.ജി. ശങ്കരൻ, കണ്ണൂർ സർവകലാശാല പ്രോ- വൈസ് ചാൻസലർ പ്രൊഫ. എ. സാബു, രാജഗിരി ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. ഫാ. ജോസ് കുറിയേടത്ത് തുടങ്ങിയവർ പങ്കെടുത്തു.

Verified by MonsterInsights