യുഎസില്‍ ജോലി എന്നു കേട്ടാൽ ഐടി ആയിരിക്കും നമ്മുടെ മനസ്സിൽ ആദ്യം വരിക. എന്നാൽ ഐടി പോലെ ആകർഷകമായ, അധികമാരും കൈവച്ചിട്ടില്ലാത്ത മറ്റൊരു തൊഴിൽ മേഖലയും ഇന്ത്യക്കാർക്കു മുൻപിൽ യുഎസിലും പുറത്തും തുറന്നിരിപ്പുണ്ട്. കൊമേഴ്സ് പശ്ചാത്തലമുള്ളവർക്ക് യുഎസ് നികുതി രംഗത്ത് വിവിധ രാജ്യങ്ങളിൽ വലിയ തൊഴിലവസരങ്ങൾ തുറന്നു നൽകുന്ന എൻറോൾഡ് ഏജന്റ് എന്ന യോഗ്യതയാണ് കേരളത്തിലും പുതിയ അവസരങ്ങൾ തുറന്നിടുന്നത്.
സ്വദേശത്തിരുന്നും വിദേശത്തിരുന്നും യുഎസ് നികുതിദായകാർക്ക് വേണ്ടി നികുതി സംബന്ധമായ ജോലികൾ ചെയ്തു നൽകാൻ അവസരമൊരുക്കുന്ന യോഗ്യതയാണ് എൻറോൾഡ് ഏജന്റ് (ഇഎ). യുഎസിലെ കേന്ദ്ര നികുതി ഏജൻസിയായ ഇന്റേണൽ റെവന്യൂ സർവീസ് (ഐആർഎസ്) മുൻപാകെ നികുതിദായകരെ പ്രതിനിധീകരിക്കാനും ഇഎ യോഗ്യത വേണം. ഐആഎസിന്റെ ഔദ്യോഗിക അംഗീകാരമുള്ള ഈ യോഗ്യതയുള്ളവർക്ക് യുഎസിനു പുറത്ത്, പ്രത്യേകിച്ച് ഇന്ത്യയിൽ ഇപ്പോൾ വലിയ അവസരങ്ങളാണുള്ളത്.
കേരളത്തിൽ പരിചിതമില്ലാത്തതും എന്നാൽ ഏറെ സാധ്യതയുള്ളതുമായ ഈ യോഗ്യത നേടാൻ സഹായിക്കുന്ന കോഴ്സ് കേരളത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരളയാണ്. ഇഎ യോഗ്യത നേടാനുള്ള പരിശീലനമാണ് അസാപ് നൽകുന്നത്. ഈ യോഗ്യത നേടിയാൽ യുഎസിനു പുറമെ കാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും നികുതി രംഗത്ത് ജോലി കണ്ടെത്താൻ കഴിയും. ഇവിടങ്ങളിലും നിരവധി അവസരങ്ങളാണ് ഉള്ളത്. ഇന്ത്യയിൽ ഇഎ യോഗ്യതയോടെ ജോലി ചെയ്യുന്നവർക്ക് തുടക്കത്തിൽ തന്നെ 4.5 ലക്ഷം വരെ വാർഷിക ശമ്പളം ലഭിക്കുന്നുണ്ട്. ജോലി കണ്ടെത്തുന്നതിനു പുറമെ സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനും ഇഎ യോഗ്യത അവസരമൊരുക്കുന്നു.
അസാപ് നടത്തുന്ന സ്ക്രീനിങ് ടെസ്റ്റ് മുഖേനയാണ് ഈ കോഴ്സിന് പ്രവേശനം നൽകുന്നത്. ഈ കോഴ്‌സില്‍ ചേരുമ്പോള്‍ തന്നെ ജോലി ഉറപ്പാക്കുന്ന മാതൃകയിലാണ് പരിശീലനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോഴ്‌സിന്റെ ആരംഭത്തില്‍ തന്നെ ജോലിക്കുള്ള കണ്ടീഷനല്‍ ഓഫര്‍ ലെറ്ററും നല്‍കും. ജോലിക്ക് അനുസൃതമായ പരിശീലനവും തുടര്‍ന്ന് ജോലിയും നല്‍കുന്ന രീതിയാണിത്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കി എൻറോൾഡ് ഏജന്റ് ആകുന്നവര്‍ക്ക് യുഎസിലെ നികുതിദായകരുടെ ടാക്‌സ് റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ സാധിക്കും. ഈ യോഗ്യതയുള്ളവര്‍ക്ക് ഇന്ത്യയിൽ തന്നെ ഇ വൈ, കെപിഎംജി, ഡിലോയ്റ്റ്, പിഡബ്ല്യുസി തുടങ്ങിയ ബഹുരാഷ്ട്ര കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ ജോലി നല്‍കുന്നുണ്ട്. അസാപ് കേരളയുടെ ആദ്യ ബാച്ചിലെ 25 പേര്‍ക്ക് വിവിധ കമ്പനികളില്‍ ജോലി ലഭിച്ചു.
- ഫുൾ ടൈം/ പാർട്ട് ടൈം കമ്പനികളിൽ മുഴുവന്‍ സമയ ജോലി ചെയ്യാം. ഈ മേഖലയിൽ നിലവിൽ കേരളത്തിൽ 500 അവസരങ്ങളാണ് ഉള്ളത്. എൻറോൾഡ് ഏജന്റ് കോഴ്സ് പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ പാർട്ട് ടൈം ആയി ജോലി ചെയ്യാനും അവസരമുണ്ട്. നിലവിൽ നിരവധി വിദ്യാർത്ഥികൾ ഇങ്ങനെ വിവിധ കമ്പനികൾക്കു വേണ്ടി ജോലി ചെയ്യുന്നു.
- സീസണൽ ഹയറിങ് യു എസിൽ നികുതി റിട്ടേണുകൾ ഫയൽ ചെയ്യേണ്ട സമയത്ത് കമ്പനികൾ അതിനുമാത്രമായി ആറു മാസക്കാലത്തേക്ക് നൽകുന്ന തൊഴിലവസരങ്ങൾ. ഈ മേഖലയിൽ 400 ഒഴിവുകളാണ് നിലവിൽ ഉള്ളത്.
- സംരംഭകത്വ സാധ്യത എൻറോൾഡ് ഏജന്റ് യോഗ്യതയുള്ളവർക്ക് യുഎസ് നികുതിദായകരുടെ ടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനും മറ്റു അനുബന്ധ സേവനങ്ങൾ നൽകുന്നതിനും സ്വന്തമായി സ്ഥാപനം ആരംഭിക്കാൻ കഴിയും. ഗുജറാത്തിൽ ഇത്തരത്തിൽ 2000 സ്ഥാപനങ്ങളെങ്കിലും ഉണ്ട്. ഈ മേഖലയിൽ വൻ സാധ്യതയാണുള്ളത്.
പശ്ചിമ ബംഗാളിലും, ഗുജറാത്തിലും, ആന്ധ്രാ പ്രദേശിലും നിരവധി കമ്പനികൾ ഇഎ യോഗ്യതയുള്ളവരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. കേരളത്തിലും ഈ മേഖലയിൽ ലഭ്യമാകുന്ന മാനവവിഭവശേഷി ഉപയോഗിക്കുന്നതിനു വൻകിട കമ്പനികൾ ഓഫീസുകൾ തുറന്നിട്ടുണ്ട്. ഐ ടി മേഖല പോലെ സാമ്പത്തികമാന്ദ്യം ബാധിക്കാത്ത ഒരു തൊഴിൽ മേഖലയാണിത് എന്നതും ആകർഷക ഘടകമാണ്.
എൻറോൾഡ് ഏജന്റും സി എയ്ക്കു തുല്യമാണോ?
അസാപ് നൽകുന്ന ആറു മാസ പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ യുഎസ് ഫെഡറൽ റെവന്യൂ ഏജൻസിയായ ഐആർഎസ് നടത്തുന്ന സ്പെഷ്യൽ എൻറോൾമെന്റ് എക്സാമിനേഷൻ (എസ്ഇഇ) എഴുതാം. എസ്ഇഇ പാസായാൽ എൻറോൾഡ് ഏജൻ്റ് യോഗ്യത ലഭിക്കും. പേരിനൊപ്പം ഇഎ എന്നു ചേർക്കാം. ഈ യോഗ്യതയുള്ളവർക്ക് യു എസിലെ സിപിഎ (സർട്ടിഫൈഡ് പ്രാക്ടീഷണർ അക്കൗണ്ടന്റ്), സിഎഫ്എ (സർട്ടിഫൈഡ് ഫിനാൻസ് അനലിസ്റ്റ്) പരീക്ഷകളിൽ ഒരു പേപ്പർ ഇളവുണ്ട്. കൂടാതെ ക്രെഡിറ്റും കിട്ടും. ഇഎ ഒരിക്കലും സിഎക്കു തുല്യമല്ല.
ബി.കോം, എം.കോം, ബി.ബി.എ, എം.ബി.എ-ഫിനാന്‍സ് ബിരുദധാരികള്‍ക്കും, സി.എ പൂര്‍ത്തിയാക്കാത്തവര്‍ക്കും പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും, അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുമാണ് അസാപ് നടത്തുന്ന ഇഎ കോഴ്സില്‍ പ്രവേശനം നല്‍കുന്നത്. ആറു മാസമാണ് കോഴ്സ് കാലാവധി.
പരിശീലനത്തിന് നൈപുണ്യ വായ്പയും
ഇ എ പരിശീലന കോഴ്സിന് കാനറാ ബാങ്കിന്റെയും കേരള ബാങ്കിന്റെയും സ്കിൽ ലോൺ സൌകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കോഴ്സ് ഫീസ് 58,315 രൂപയാണ്. എന്നാൽ, സ്പെഷ്യൽ എൻറോൾമെൻറ് എക്‌സാമിനേഷൻ (എസ്ഇഇ) പരീക്ഷക്ക് അപേക്ഷിക്കുന്നതിനു 645 ഡോളർ ഫീസ് അധികം നൽകേണ്ടതുണ്ട്. ഈ ഫീസും സ്കിൽ ലോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: https://asapkerala.gov.in/course/enrolled-agent-for-graduates-working-professionals/
ഫോൺ: 0471-2772500, 9495999623, 9495999709