ക്ഷേമ പെൻഷൻ വിതരണം ഉൾപ്പെടെയുള്ള സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുപ്പിന് ഒരുങ്ങുന്നു. കേന്ദ്ര ബജറ്റ് ദിവസമായ ജൂലൈ 23ന് റിസർവ് ബാങ്കിന്‍റെ കോർ ബാങ്കിങ്ങ്സൊല്യൂഷനായ ഇ-കുബേർ വഴി 1,000 കോടി രൂപയാണ് കടമെടുക്കുക.നടപ്പ് സാമ്പത്തിക വർഷം (2024-25) സംസ്ഥാന സർക്കാർ ഇതിനകം മാത്രം 11,500 കോടി രൂപ കടമെടുത്തു കഴിഞ്ഞു. നടപ്പുവർഷം ആകെ 21,253 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ടെന്നാണ് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നത്.ജൂലൈ 23ന് 1,000 കോടി രൂപ കൂടി കടമെടുക്കുന്നതോടെ, നടപ്പുവർഷം പിന്നെ കടമെടുപ്പ് പരിധിയിൽ ശേഷിക്കുക 8,7.53 കോടി രൂപ മാത്രമാകും. സാമ്പത്തിക വർഷം അവസാനിക്കാൻ 9 മാസം കൂടി ബാക്കിയുണ്ടെന്നിരിക്കേയാണിത്.
വേണം പ്രത്യേക പാക്കേജ്
അതേസമയം, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.ചെലവ് കുറച്ചും നികുതി പിരിവ് ഊർജിതമാക്കിയും വരുമാനം കൂട്ടാനുള്ള ശ്രമങ്ങളും സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്. പ്രതിസന്ധി മറികടക്കാൻ കേന്ദ്രത്തെ മാത്രം ആശ്രയിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലോടെയാണിത്.
നിലവിൽ ക്ഷേമ പെൻഷൻ ഉൾപ്പെടെ 22,667 കോടി രൂപയുടെ കുടിശിക വീട്ടാനുണ്ട് സംസ്ഥാന സർക്കാർ. സാമൂഹ്യക്ഷേമ പെൻഷൻ ഇനത്തിലെ കുടിശിക മാത്രം 4,250 കോടി രൂപയാണ്. ജീവനക്കാരുടെ ഡിഎ ഇനത്തിൽ 9,000 കോടി രൂപ. കരാറുകാർക്ക് വീട്ടാനുള്ളത് 2,500 കോടി രൂപയോളം
കടമെടുക്കാൻ 7 സംസ്ഥാനങ്ങൾ
കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങളാണ് ജൂലൈ 23ന് കടമെടുപ്പിന് തീരുമാനിച്ചതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.ആകെ 12,100 കോടി രൂപയാണ് ഇവ സംയോജിതമായി അന്ന് കടമെടുക്കുക.
ബംഗാളും തമിഴ്നാടും തെലങ്കാനയുമാണ് കൂടുതൽ കടമെടുക്കുന്നത് (3,000 കോടി രൂപ വീതം). കേരളവും അസമും രാജസ്ഥാനും ആയിരം കോടി രൂപ വീതവും ഗോവ 100 കോടി രൂപയും കടമെടുക്കും. 8 മുതൽ 30 വർഷം വരെ കാലാവധിയുള്ള (മെച്യൂരിറ്റി) കടപ്പത്രങ്ങളിറക്കിയാണ് കടമെടുപ്പ്