പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസറാകാം; തുടക്ക ശമ്പളം 27,900 രൂപ.

ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ട്രെയിനീ) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരള പി.എസ്.സിയാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പുരുഷന്മാർക്കും (കാറ്റഗറി നമ്പർ 471/ 2024) വനിതകൾക്കും (കാറ്റഗറി നമ്പർ 477/ 2024) വെവ്വേറെ വിജ്ഞാപനങ്ങളാണ്. പുരുഷന്മാർക്ക് ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർ (കാറ്റഗറി നമ്പർ 472/ 2024) തസ്തികയിലേക്കും അപേക്ഷിക്കാം. പുരുഷന്മാരുടെ ഒഴിവ് കണക്കാക്കിയിട്ടില്ല, വനിതകൾക്ക് നിലവിൽ മലപ്പുറത്തെ ഒരു ഒഴിവിലേക്കാണ് വിജ്ഞാപനം.

യോഗ്യത: പ്ലസ്ടു വിജയം/ തത്തുല്യം. കംപ്യൂട്ടർ ആപ്ലിക്കേഷനിലുള്ള ഡിപ്ലോമ അഭികാമ്യം. ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾ ഓടിക്കാനുള്ള സാധുതയുള്ള ലൈസൻസും ബാഡ്ജും വേണം.

ശാരീരിക യോഗ്യത: പുരുഷന്മാർക്ക് കുറഞ്ഞത് 165 സെ.മീ ഉയരം, 50 കിലോ ഭാരം, 81 സെ.മീ നെഞ്ചളവ് (അഞ്ച് സെ.മീ വികാസം) എന്നിവ വേണം. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് ഇളവുണ്ട്. വനിതകൾക്ക് 152 സെ.മീ ആണ് കുറഞ്ഞ ഉയരം.അപേക്ഷകർക്ക് നീന്തൽ പ്രാവീണ്യമുണ്ടായിരിക്കണം. മികച്ച കാഴ്ച, ശ്രവണ ശേഷി എന്നിവയും ഉണ്ടായിരിക്കണം.

പ്രായപരിധി: 18-26. അപേക്ഷകർ 1998 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരാകണം. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

ശമ്പളം: 27,900 -63,700 രൂപ.

തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരിശോധന, നീന്തൽ പ്രാവീണ്യം പരിശോധിക്കാൻ പ്രായോഗിക പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുക. വിശദവിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.

അപേക്ഷ: കേരള പി.എസ്.സിയുടെ www.keralapsc.gov.in എന്ന വെബ്സൈറ്റിലെ ഒറ്റത്തവണ രജിസ്ട്രേഷൻ പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. 

അവസാന തീയതി: 2025 ജനുവരി 15.

Verified by MonsterInsights