സ്വയം വീഴ്ചകൊണ്ടോ തെറ്റിദ്ധാരണകൊണ്ടോ ബന്ധങ്ങളിൽ വിള്ളലുണ്ടാകാം.
ഏതു വിടവിനിടയിലും പരസ്പര ബഹുമാനം വേണം.
അച്ഛനും മകനും പാടത്തുകൂടി നടക്കുന്നതിനിടെ മകൻ ഒരു പാമ്പിന്റെ വാലിൽ ചവിട്ടി. പാമ്പ് മകനെ തിരിഞ്ഞുകൊത്തി. ഉഗ്രവിഷമേറ്റ മകൻ തൽക്ഷണം മരിച്ചു. ദേഷ്യം വന്ന അച്ഛൻ തന്റെ കയ്യിലിരുന്ന വാൾ ഉപയോഗിച്ച് പാമ്പിന്റെ വാൽ മുറിച്ചു. വേദനകൊണ്ട് പുളഞ്ഞ പാമ്പ് അവിടെനിന്നു രക്ഷപ്പെട്ടെങ്കിലും പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. പിറ്റേന്നു രാവിലെ പാമ്പ് അയാളുടെ വളർത്തുമൃഗത്തെ കടിച്ചു. പലദിവസവും അതാവർത്തിച്ചു. അയാൾ പാമ്പിനെ കൊല്ലാൻ നോക്കിയെങ്കിലും പാമ്പ് മാളത്തിലൊളിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പ്രതികാര നടപടികളെല്ലാം അവസാനിപ്പിക്കണമെന്നു കർഷകനു തോന്നി. അയാൾ പാമ്പിന്റെ മാളത്തിനു മുൻപിൽ ഒരു പാത്രം പാൽ വച്ചിട്ട് പറഞ്ഞു: നമുക്കു സുഹൃത്തുക്കളാകാം. പാമ്പ് പറഞ്ഞു: ഞാൻ മൂലം താങ്കൾക്കും താങ്കൾ മൂലം എനിക്കും ഒരുപാട് നഷ്ടങ്ങൾ വന്നിട്ടുണ്ട്. ഇനി എത്ര ശ്രമിച്ചാലും ഒരു നല്ല സൗഹൃദം നമ്മൾ തമ്മിൽ ഉണ്ടാകില്ല.
അകലുന്നവരോടെല്ലാം ശത്രുത പുലർത്തണമെന്നും അടുത്തുനിൽക്കുന്നവരോടെല്ലാം ആത്മബന്ധം ഉണ്ടാകണമെന്നും നിർബന്ധം പിടിക്കാതിരുന്നാൽ മതി. ഏതു വിടവിനിടയിലും പരസ്പര ബഹുമാനത്തിന്റെ മിശ്രിതമുണ്ടെങ്കിൽ എല്ലാവർക്കും മനസ്സമാധാനത്തോടെ ജീവിക്കാനാകും. ക്ഷമിച്ചു എന്നുകരുതി മറക്കണമെന്നില്ല. വേദനകളും പാഠങ്ങളും അവിടെത്തന്നെയുണ്ടാകും. ഓരോ വ്യക്തിയും അവരുമായി കണ്ടുമുട്ടുന്ന സാഹചര്യങ്ങൾ നൽകുന്ന അനുഭവങ്ങളും ഓർമച്ചെപ്പിൽ ഉണ്ടാകണം. ഓരോരുത്തരും കൈമാറുന്ന അനുഭവങ്ങളിൽനിന്നു സ്വന്തം കർമങ്ങളെ ദൃഢപ്പെടുത്തുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുക എന്നതാണ് ജീവിതത്തോടുള്ള ആദരം.