കേൾവിശക്തിക്ക് തകരാർ സംഭവിച്ച ബ്രിട്ടീഷ് സ്വദേശിയുടെ ചെവിക്കുള്ളിൽ കണ്ടെത്തിയത് ഇയർ ബഡ്. ഇത് നീക്കം ചെയ്തതിനെ തുടർന്ന് ശ്രവണ ശേഷി പൂർണമായും തിരിച്ചു കിട്ടിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. അഞ്ച് വർഷമായി ചെവിക്കുള്ളിൽ ഇയർ ബഡ്സ് ഇരിക്കുകയായിരുന്നു. ഇതേത്തുടർന്ന് സാവധാനം ഇയാളുടെ ശ്രവണശേഷി കുറഞ്ഞു തുടങ്ങിയിരുന്നു.
ബ്രിട്ടനിലെ ഡോർസെറ്റ് സ്വദേശിയായ വാലസ് ലീക്കാണ് ഇയർബഡ് നീക്കം ചെയ്തതിനു പിന്നാലെ കേൾവിശക്തി പൂർണമായും തിരിച്ചുകിട്ടിയത്. ഏവിയേഷൻ മേഖലയിലാണ് വാലസ് ലീ ജോലി ചെയ്തിരുന്നത്. ജോലിസ്ഥലത്ത് തുടർച്ചയായി വലിയ ശബ്ദങ്ങൾ തുടർച്ചയായി കേട്ടിട്ടോ മറ്റോ തന്റെ കേൾവി ശക്തിക്ക് എന്തോ തകരാർ സംഭവിച്ചെന്നാണ് ഇയാൾ കരുതിയിരുന്നത്. എന്നാൽ എൻഡോസ്കോപ്പ് കിറ്റ് വാങ്ങി വീട്ടിൽ വെച്ചു തന്നെ നടത്തിയ പരിശോധനയിൽ ചെവിക്കുള്ളിൽ വെളുത്ത നിറത്തിലുള്ള എന്തോ ഇരിക്കുന്നതായി ഇയാൾ തിരിച്ചറിഞ്ഞു. തുടർന്ന് ആശുപത്രിയിൽ പോയി വിദഗ്ധ പരിശോധന നടത്താൻ വാലസ് ലീ തീരുമാനിക്കുകയായിരുന്നു. ചെവിക്കുള്ളിലെ തടസം നീക്കിയതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നും ഏറെ ആശ്വാസം ലഭിച്ചതായും ലീ ബിബിസിയോട് പറഞ്ഞു.
66 വയസുകാരനായ വാലസ് ലീ മുൻ നാവിക എഞ്ചിനീയറാണ്. വിമാനയാത്രയ്ക്കിടെ ഇയർബഡ്സ് ചെവിക്കുള്ളിൽ കുടുങ്ങിയതാകാമെന്നാണ് അദ്ദേഹം പറയുന്നത്. അഞ്ചു വർഷം മുൻപ് ഓസ്ട്രേലിയയിൽ തന്റെ കുടുംബത്തെ സന്ദർശിക്കാനായി പോയപ്പോളാണ് ഈ ഇയർ ബഡ് വാങ്ങിയതെന്നും ലീ ബിബിസിയോടു പറഞ്ഞു.
കുറച്ചു നാളായി കേൾവിശക്തി സാവധാനം കുറഞ്ഞു വരുന്നത് വാലസ് ലീയും ഭാര്യയും ശ്രദ്ധിച്ചിരുന്നു. അദ്ദേഹം പൂർണമായും ബധിരനാകുമോ എന്ന് ഇരുവരും ആശങ്കപ്പെടാൻ തുടങ്ങി. അങ്ങനെയാണ് വീട്ടിൽ വെച്ചു തന്നെ പരിശോധിക്കാവുന്ന ഒരു ഹോം എൻഡോസ്കോപ്പി കിറ്റ് വാങ്ങിയത്. അതുപയോഗിച്ച് പരിശോധിച്ചപ്പോഴാണ് ചെവിയിൽ വെളുത്ത നിറത്തിലുള്ള ഒരു ചെറിയ വസ്തു കണ്ടെത്താൻ സാധിച്ചത്.
ഒട്ടും താമസിക്കാതെ, ലീ ഒരു ഡോക്ടറെ കാണുകയായിരുന്നു. അധികം വൈകാതെ ആശുപത്രിയിൽ വെച്ച് ഇയർ ബഡ് നീക്കം ചെയ്യാനും കഴിഞ്ഞു.
“ഡോക്ടർ ആദ്യം കൈ കൊണ്ട് അത് വലിച്ചെടുക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ ഇയർ ബഡ് അനങ്ങിയതേയില്ല. കാരണം ചെവിക്കുള്ളിലെ വാക്സിനൊപ്പം നാളുകളായി അതവിടെ പറ്റിപ്പിടിച്ച ഇരിക്കുകയായിരുന്നു,” വാലസ് ലീ ബിബിസിയോട് പറഞ്ഞു. “അതിനു ശേഷം ഡോക്ടർ ഒരു ട്യൂബ് ചെവിക്കുള്ളിലേക്ക് ഇറക്കി. എന്തോ വലിച്ചെടുക്കുകയാണെന്ന് എനിക്കു മനസിലായി. ഇയർ ബഡ്സ് വലിച്ചെടുത്തതിനു ശേഷം എനിക്ക് അവിടെയുള്ളവർ സംസാരിച്ചതെല്ലാം നന്നായി കേൾക്കാൻ കഴിഞ്ഞു. ഇത്രയും വർഷമായി എന്നെ അലട്ടിയിരുന്ന ഒരു വലിയ ഭാരമാണ് ഇല്ലാതായത്. ഇപ്പോൾ എനിക്ക് നന്നായി കേൾക്കാൻ കഴിയുന്നുണ്ട്”, വാലസ് ലീ കൂട്ടിച്ചേർത്തു.