അന്ന് നേവി പതാകയിൽ ബ്രിട്ടിഷ് ചിഹ്നം പുനഃസ്ഥാപിച്ചതാര്? ഇന്ന് ശിവാജിയുടെ ഗാംഭീര്യം

“ഇന്ത്യൻ നാവികസേന അതിന്റെ കൊളോണിയൽ ചരിത്രത്തിന്റെയും അടിമത്തത്തിന്റെയും ചിഹ്നങ്ങൾ വലിച്ചെറിയുകയാണ്. ഇന്നു മുതൽ ഛത്രപതി ശിവാജിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട പുതിയ പതാക കടലിലും ആകാശത്തും പാറിപ്പറക്കും…”- പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബർ രണ്ടിനു കൊച്ചിയിൽ ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിച്ച വേളയിൽ പ്രസംഗിച്ചതാണിത്. കൊളോണിയൽ ശക്തികൾ 1950ൽ രാജ്യം വിട്ടുപോയിട്ടും നമ്മുടെ കൂടെക്കൂടിയതാണു പഴയ നാവികസേനാപതാക.
അതിലെ സെന്റ് ജോർജ് ക്രോസ് എന്നറിയപ്പെടുന്ന ചുവന്ന ക്രോസാണു ബ്രിട്ടിഷ് സാമ്രാജ്യത്വത്തെ ഓർമിപ്പിച്ചുകൊണ്ടിരുന്നത്. അതിന്റെ ഇടത്തേ മൂലയ്ക്ക് ഇന്ത്യൻ പതാക ആലേഖനം ചെയ്തിരുന്നെങ്കിലും സെന്റ് ജോർജ് ക്രോസ് തന്നെയായിരുന്നു എടുത്തു കണ്ടിരുന്നത്. 1947ൽ, യൂണിയൻ ജാക്ക് എന്നറിയപ്പെടുന്ന ബ്രിട്ടിഷ് പതാക പറിച്ചു കളഞ്ഞ് ഇന്ത്യൻ മൂവർണക്കൊടി രാജ്യമെമ്പാടും പാറിപ്പറന്നെങ്കിലും കടൽസേന മാത്രം പൂർണമായും പതാക മാറ്റമുണ്ടായില്ല. ഇന്നു പതാക മാറ്റത്തെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവരൊന്നും ഇക്കാലയളവിൽ പതാക മാറ്റണമെന്ന് ആവശ്യപ്പെട്ടും കണ്ടില്ല. പിന്നീട് എങ്ങനെയാണ് നാവികസേനാപതാക പുതിയ രൂപത്തിലേക്കു മാറിയത്? പതാകയിൽ ഇതുവരെയുണ്ടായിട്ടുള്ള മാറ്റങ്ങളുടെ ചരിത്രം എങ്ങനെയാണ്? എന്തുകൊണ്ടാണ് ഛത്രപതി ശിവാജി ഇന്ത്യൻ നാവിക ചരിത്രത്തിലെ മറക്കാനാകാത്ത പേരായത്? നാവികസേനയുടെ പതാകയിലെ മാറ്റങ്ങളിലൂടെ ഒരു യാത്ര…

ചുവന്ന ക്രോസ്’ മാറ്റിയത് വാജ്പേയി

കോമൺവെൽത്ത് രാജ്യങ്ങൾ ചുവന്ന ക്രോസോടുകൂടിയ നാവിക പതാകയാണ് ഉപയോഗിച്ചിരുന്നത്. അടൽ ബിഹാരി വാജ്പേയി സർക്കാർ ഭരിച്ചിരുന്ന 2001ലാണ് നാവിക പതാകയിൽ മാറ്റം വരുത്തുന്നത്. ചുവന്ന ക്രോസ് എടുത്തു കളഞ്ഞു. എന്നാൽ പതാകയ്ക്കു വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലെന്നു പരാതി ഉയർന്നു. ആകാശനിറത്തോട് ചേർന്നു പോകുന്നതിനാൽ റെഡ് ക്രോസ് തിരികെ കൊണ്ടു വരണമെന്നും ചർച്ച നടന്നു. അതേ സർക്കാരിന്റെ കാലത്തുതന്നെ
2004 ൽ പഴയ പതാക റെഡ്ക്രോസ് ഉൾപ്പെടെ തിരികെ കൊണ്ടു വന്നു. ചുവന്ന ക്രോസിന്റെ മധ്യത്തിൽ അശോകസ്തംഭം കൂടി ആലേഖനം ചെയ്ത രീതിയിലേക്കാണു പതാക മാറിയത്.

2014 ൽ വീണ്ടും ചെറിയ മാറ്റംവരുത്തി. അശോക സ്തംഭത്തിനൊപ്പം ദേവനാഗരി ലിപിയിൽ ‘സത്യമേവ ജയതേ’ എന്നു കൂടി ചേർത്തു. അപ്പോഴും റെഡ് ക്രോസ് നിലനിർത്തി.

നേവി ചരിത്രം

ഇന്ത്യയിൽ ഭരണത്തിലിരുന്ന ബ്രിട്ടിഷുകാരാണ് ഇന്ത്യയുടെ നാവികസേനയെ ആദ്യമായി പുനഃസംഘടിപ്പിക്കുന്നത്. 1858ൽ ‘ഹെർ മെജസ്റ്റി ഇന്ത്യൻ നേവി എന്നു നാമകരണം ചെയ്തു. 1863ൽ ബോംബെ, കൊൽക്കത്ത എന്നീ ശാഖകളായി തിരിച്ചു. 1892ൽ റോയൽ ഇന്ത്യൻ മറൈൻ രൂപീകരിച്ചു. കടൽ സർവേകൾ, ലൈറ്റ് ഹൗസുകളുടെ മേൽനോട്ടം എന്നിവയായിരുന്നു പ്രധാന ചുമതല. എന്നാൽ 1918ൽ ഒന്നാം ലോക യുദ്ധത്തിനു ശേഷം റോയൽ ഇന്ത്യൻ മറൈനിന്റെ വലുപ്പം കുറച്ചു. പിന്നീട് 1934 ൽ ആണ് റോയൽ ഇന്ത്യൻ നേവി എന്ന പേരിൽ ഇന്ത്യ കൃത്യമായ നാവികസേനയുണ്ടായത്. സ്വാതന്ത്ര്യത്തിനു ശേഷം വീണ്ടും നേവി രണ്ടായി പിരിഞ്ഞു; റോയൽ ഇന്ത്യൻ നേവി, റോയൽ പാക്കിസ്ഥാൻ നേവി എന്നിങ്ങനെ. 1950 ൽ ഇന്ത്യ റിപ്പബ്ലിക് ആയപ്പോഴാണ് ബ്രിട്ടിഷുകാർ നൽകിയ റോയൽ എന്ന വാക്ക് എടുത്തു കളഞ്ഞ് ‘ഇന്ത്യൻ നേവി’ എന്നു നാമകരണം ചെയ്തത്.

ഛത്രപതി ശിവാജിയുടെ കടൽ സൈന്യം

ഭാരത ചരിത്രത്തിലെ വീരനായകനായാണു ശിവാജി അറിയപ്പെടുന്നത്. മറാഠാ സാമ്രാജ്യം കെട്ടിപ്പടുത്തതു ശിവാജിയാണ്. ശിവാജിയുടെ കടൽ സൈന്യം ലോക പ്രശസ്തവുമാണ്. കരസേന മാത്രം പ്രധാന പോരാട്ട മാർഗമായിരുന്ന കാലത്താണ് ശിവാജിയുടെ സൈന്യം കടലിൽ കരുത്തു തെളിയിക്കുന്നത്. 1650ലാണ് ശിവാജിയുടെ നാവിക പോരാട്ടം ആരംഭിക്കുന്നത്. ഇന്ത്യയിലേക്കു പോർച്ചുഗീസുകാരും ബ്രിട്ടിഷുകാരും കൂടുതലായി അധിനിവേശം നടത്തിയിരുന്നത് കടലിലൂടെയായിരുന്നു. നമ്മുടെ നാട്ടുരാജാക്കൻമാർ പരാജയപ്പെട്ടതും കടലിലാണ്. അവിടെയാണു ശിവാജി കടൽ സേനയ്ക്ക് പ്രാധാന്യം നൽകിയത്. കോട്ടകൾ പണിതതു കൂടാതെ 50 യുദ്ധക്കപ്പലുകളും 10000 നാവികരുമുള്ള വൻ സൈന്യത്തെ ശാവാജി പടുത്തുയർത്തി.

Verified by MonsterInsights