വിദേശത്ത് നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിനയായി ദേശീയ മെഡിക്കല് കമ്മീഷന്‍റെ പുതിയ നിബന്ധനകള്‍. 2021 നവംബറില് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പുതുതായി ചില നിബന്ധനകള്‍ കൂടി ദേശീയ മെഡിക്കല് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെ കുറിച്ച് വ്യക്തമായി അറിയാതെ വിദേശത്ത് മെഡിക്കല്‍ പഠനത്തിന് പോകുന്നവരുടെ ഭാവി അനിശ്ചിതത്വത്തിലാകും.
ഡോക്ടറാകാന് മോഹിക്കുന്നവരുടെ എണ്ണം ഇന്ത്യയില് ഓരോ വര്‍ഷവും കൂടി വരികയാണ്. ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയ്ക്ക് 18,72,349 അപേക്ഷകരുണ്ടായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.6 ലക്ഷം കൂടുതല്‍. അപേക്ഷിച്ച വിദ്യാര്‍ഥികളില്‍ 95 ശതമാനം പേരും പരീക്ഷയെഴുതി. ഇവരില്‍ 8,70,077 പേര് യോഗ്യത നേടി.
സ്വാഭാവികമായും മഹാഭൂരിപക്ഷത്തിനും ഇന്ത്യയില് പഠിക്കാന് കഴിയില്ല. അവര് വിദേശ രാജ്യങ്ങളിലേക്ക് പോകും. അങ്ങനെ ഫോറിന് സ്‌റ്റെതസ്‌കോപ്പ് സ്വപ്‌നം കാണുന്നവര് ഇക്കുറി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില വസ്തുതകളുണ്ട്.
വിദേശത്ത് പഠനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തിരിച്ചെത്തി പ്രാക്ടീസ് ചെയ്യണമെങ്കില് സ്ഥിരം രജിസ്‌ട്രേഷന് (Permenent Registration) ലഭിക്കണമെന്നാണ് ചട്ടം. പെർമെനന്റ് രജിസിട്രേഷന്‍ ലഭിക്കാനുള്ള മാനദണ്ഡങ്ങളിലാണ് കഴിഞ്ഞ വര്‍ഷം ദേശീയ മെഡിക്കല്‍ കമ്മിഷൻ (NMC) ഭേദഗതിവരുത്തിയത്.നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് ലൈസന്‍ഷിയേറ്റ്) റെഗുലേഷന്‍, 2021 സെക്ഷന്‍ നാല് പ്രകാരം താഴെ പറയുന്ന നിബന്ധനകളാണ് പുതുതായി ഏര്‍പ്പെടുത്തിയത്.
പല വിദേശ രാജ്യങ്ങളിലും ബി.എസ് എം.ഡി എന്ന പേരിലാണ് മെഡിക്കല് ബിരുദം നല്കുന്നത്. ബി.എസ് എന്നാല് ബാച്ചിലര്‍ ഓഫ് സയന്‍സ്, എം.ഡി എന്നാല്‍ ഡോക്ടര്‍ ഓഫ് മെഡിസിന്‍ ചില രാജ്യങ്ങള്‍ ഇവ ഇന്റഗ്രേറ്റഡായി നടത്തുന്നുണ്ട്. ഫിലിപ്പൈന്സ്, അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ബി.എസും എം.ഡിയും രണ്ട് കോഴ്‌സാണ്. അത്തരം രാജ്യങ്ങളില് ബി.എസ് പഠനം പൂര്ത്തിയാക്കി, അവിടുത്തെ എന്ട്രന്സ് പരീക്ഷ എഴുതി യോഗ്യത നേടിയാലേ എം.ഡിക്ക് അഡ്മിഷന് ലഭിക്കുകയുള്ളൂ.
ഫിലിപ്പൈന്സിലെ എം.ഡി. കോഴ്‌സിന്റെ കാലാവധി 48 മാസമാണ്. ഫിലിപ്പൈന്‍സില്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് ലഭിക്കില്ല. ഉഭയകക്ഷി കരാറുളള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഫിലിപ്പൈന്‍സില് ലൈസന്‍സ് അനുവദിക്കുകയുള്ളുവെന്ന് ഫിലിപ്പൈന്‍സ് മെഡിക്കല്‍ ആക്്ടില്‍ (1959) വ്യക്തമാക്കുന്നുണ്ട്. ഫിലിപ്പൈന്‍സ് ഡോക്ടര്‍മാര്‍ക്ക് ഇന്ത്യയില്‍ ലൈസന്‍സ് നല്‍കാത്തതു കൊണ്ടു തന്നെ അവിടെ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്കു ലൈസന്‍സ് അനുവദിക്കില്ല. ഉഭയകക്ഷി തീരുമാനമുണ്ടാകാതെ ഇക്കാര്യത്തില് വിദ്യാര്‍ഥികള്‍ക്ക് അനുകൂല നിലപാട് പ്രതീക്ഷിക്കാന്‍ പറ്റില്ല.
പല രാജ്യങ്ങളിലും സ്വതന്ത്ര ഡോക്ടര്മാരായി പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്സ് ലഭിക്കണമെങ്കില് അവിടുത്തെ ബിരുദാനന്തര ബിരുദം കൂടി പൂര്ത്തിയാക്കണം. പ്രാദേശിക ഭാഷ പഠിക്കുകയും വേണം. പഠിച്ച രാജ്യത്തെ ലൈസന്സു കൂടി കിട്ടിയാലേ ഇന്ത്യയില് പെര്മെനൻ്റ് രജിസ്‌ട്രേഷന് ലഭിക്കുയുള്ളൂ. ഇക്കാര്യങ്ങള് മനസ്സിലാക്കാതെ ഈ വര്ഷവും നിരവധി വിദ്യാര്ഥികളാണ് വിദേശ രാജ്യങ്ങളിലേക്ക് മെഡിസിന് പഠനത്തിനായി പോകാന് ഒരുങ്ങുന്നത്.
റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാരേക്കാള്‍ കുടുതലാണ് വിദേശരാജ്യങ്ങളിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളുടെ എണ്ണം. യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവെച്ചാണ് വന്‍ തുക കമ്മീഷന് പറ്റി പല ഏജന്സികളും വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നത്. ഫിലിപ്പൈന്‍സില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ലൈസന്‍സ് കിട്ടില്ലെന്ന് അറിഞ്ഞിട്ടും ഈ വര്ഷവും നിരവധി കുട്ടികളെ ഏജന്‍സികള്‍ കയറ്റി അയക്കുന്നുണ്ട്. രക്ഷിതാക്കളും വിദ്യാർഥികളും ഇക്കാര്യത്തില്‍ ബോധവാന്മാരല്ല.വിദേശത്തു മെഡിസിന്‍ പഠിക്കാന് പോകുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. പഠിക്കാന്‍ തെരഞ്ഞെടുക്കുന്ന കോളേജിന് ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും അംഗീകാരമുണ്ടോ എന്ന് ഉറപ്പു വരുത്തണം. ദേശീയ മെഡിക്കല് കമ്മീഷന്റെ നിബന്ധനകള്‍ പാലിക്കുന്ന പഠന സമ്പ്രദമാമാണോ എന്നും പരിശോധിക്കണം. അതാത് രാജ്യത്തെ ഇന്ത്യന്‍ എംബസികളുമായോ ദേശീയ മെഡിക്കല് കമ്മീഷന്‍ ഓഫീസുമായോ ബന്ധപ്പെട്ട് ഇക്കാര്യം ഉറപ്പു വരുത്താവുന്നതാണ്. ഏജന്‍സികളെ മാത്രം വിശ്വസിച്ചു കടല്‍ കടന്നാല്‍ വഞ്ചിതരാകാനുള്ള സാധ്യത ഏറെയാണ്.