സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകൾ ആരംഭിക്കും

സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകൾ ആരംഭിക്കും. ട്രൈബൽ- തീരദേശ മേഖലയിലുള്ള ആശുപത്രികളിലാണ് ആദ്യഘട്ടമായി ക്ലിനിക്കുകൾ ആരംഭിക്കുന്നത്. ഈ മേഖലയിലുള്ളവർക്ക് വന്യമൃഗ/നായ കടിയേൽക്കാനുള്ള സാഹചര്യം കൂടുതലായതിനാൽ അടിയന്തര പ്രഥമ ശ്രുശ്രൂഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ട്രൈബൽ മേഖലയിലെ ദുർഘട പ്രദേശങ്ങളിലുൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ എല്ലായിടത്തും ആന്റി റാബീസ് ക്ലിനിക്കുകളുടെ സേവനം ലഭ്യമാക്കും.

5 ആശുപത്രികളെ മാതൃക ആന്റി റാബീസ് ക്ലിനിക്കുകളായി നേരത്തെ ഉയർത്തിയിരുന്നു. നായകളിൽ നിന്നും കടിയേൽക്കുന്നവർക്കുള്ള ചികിത്സ സംവിധാനങ്ങൾ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാനാണ് മാതൃക ആന്റി റാബീസ് ക്ലിനിക്കുകൾ ആരംഭിച്ചത്. ഇതിനുപുറമെയാണ് 199 ആന്റി റാബിസ് ക്ലിനിക്കുകൾ. മുറിവേറ്റ ഭാഗം സോപ്പുപയോഗിച്ച് കഴുകാനുള്ള സ്ഥലം, വാക്‌സിനേഷൻ സൗകര്യം, മുറിവ് ശുശ്രൂഷിക്കാനുള്ള സ്ഥലം എന്നിവ ക്ലിനിക്കിലുണ്ടാകും. ചികിത്സക്കെത്തുന്നവർക്ക് അവബോധവും കൗൺസിലിംഗും നൽകും. ഈ ക്ലിനിക്കുകളിൽ പ്രഥമ ശുശ്രൂഷയും തുടർ ചികിത്സയും നൽകുന്നതിന് ജീവനക്കാർക്ക് അനിമൽ ബൈറ്റ് മാനേജ്മെന്റ്, റാബീസിന് മുമ്പും ശേഷവുമുള്ള സേവനങ്ങൾ എന്നിവയെപ്പറ്റി  വിദഗ്ധ പരിശീലനം നൽകും. 

ശരീരത്തിന്റെ ഏത് ഭാഗത്ത് കടിയേറ്റാലും ഫലപ്രദമായ രീതിയിൽ 15 മിനിറ്റ് ഒഴുകുന്ന വെള്ളത്തിൽ കഴുകാനുള്ള സൗകര്യം ക്ലിനിക്കുകളിൽ ഏർപ്പെടുത്തും. ഇതിന് വേണ്ടിപ്രത്യേക സൗകര്യങ്ങൾ ആശുപത്രികളിലൊരുക്കും. ഇതിനോടൊപ്പം ഇതുമായി ബന്ധപ്പെട്ട അവബോധ പോസ്റ്ററുകളും പ്രദർശിപ്പിക്കും. വാക്സിൻ, ഇമ്മ്യുണോഗ്ലോബുലിൻ എന്നിവയുടെ ലഭ്യത പ്രദർശിപ്പിക്കും. വിദഗ്ധ ചികിത്സ ആവശ്യമായവർക്ക് റഫറൽ സേവനവും ലഭ്യമാക്കും.

 

Verified by MonsterInsights