പാകിസ്ഥാനിൽ നടക്കാന്‍ നിശ്ചയിച്ച ഏഷ്യ കപ്പിൽ ഇന്ത്യ പങ്കെടുത്തില്ലെങ്കിൽ ഇന്ത്യയിൽ നിശ്ചയിച്ചിരിക്കുന്ന ഏകദിന ലോകകപ്പിൽ പങ്കെടുക്കാന്‍ എത്തില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്(പിസിബി). പാകിസ്ഥാനിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഈ വർഷം സെപ്റ്റംബറിലാണ് ഏഷ്യ കപ്പ് നടക്കുക.
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ(എസിസി) യോഗത്തിലാണ് പാക് ക്രിക്കറ്റ് ബോർഡ് നിലപാട് വ്യക്തമാക്തിയത്. പാകിസ്ഥാനിലേക്ക് ഏഷ്യാകപ്പിനായി പോകില്ലെന്നും നിഷ്പക്ഷ വേദി വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിൽ പാകിസ്ഥാന്റെ മത്സരങ്ങൾ നിക്ഷ്പക്ഷ വേദികളിൽ നടത്തണമെന്ന് പാക് ബോര്‍ഡ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ ആവശ്യപ്പെട്ടു.
ഐസിസി, എസിസി യോഗങ്ങളിൽ നിക്ഷ്പക്ഷ വേദികൾ വേണമെന്ന് ആവശ്യം ഉയർന്നതിനാൽ ഏഷ്യാകപ്പ് ക്രിക്കറ്റിന് യുഎഇ വേദിയായേക്കും. അടുത്തമാസം നടക്കുന്ന എസിസി എക്‌സിക്യൂട്ടീവ് യോഗത്തിലാകും അന്തിമ തീരുമാനം.
ലോകകപ്പിനായി ഇന്ത്യയിലേക്ക് വരില്ലെന്ന പിസിബിയുടെ ഭീഷണിയിൽ ഇത് ഐസിസി നോക്കേണ്ട വിഷയമാണെന്നായിരുന്നു ബിസിസിഐ പ്രതികരിച്ചത്. പാകിസ്ഥാനിലെ സുരക്ഷകാര്യങ്ങൾ വിശദമാക്കികൊണ്ട് പാക് ബോര്‍ഡ് കഴിഞ്ഞദിവസം ഒരു പ്രസ്താവനയിറക്കിയിരുന്നു. ശ്രീലങ്ക അടുത്തിടെ 2017ലും 2019ലും പാകിസ്ഥാൻ സന്ദർശിച്ചിരുന്നു, അതേസമയം ബംഗ്ലാദേശ് 2020 ൽ പാകിസ്ഥാനിൽ പര്യടനം നടത്തിയിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.