അട്ടപ്പാടിയിൽ വനം വകുപ്പിന്‍റെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് ഒറ്റയാൻ

പാലക്കാട്: അട്ടപ്പാടിയില്‍ വനം വകുപ്പിന്‍റെ റാപ്പിഡ് റെസ്പ്പോൺസ് ടീമിന്റെ വാഹനത്തിന് നേരെ ചിന്ന വിളിച്ച് പാഞ്ഞ‌ടുത്ത്  ഒറ്റയാന്‍റെ ആക്രമണം.  ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. അട്ടപ്പാടി ദോഡ്ഡുകട്ടി ഊരിന് സമീപത്ത് കാട്ടാന ഇറങ്ങിയതറിഞ്ഞ് എത്തിയ വനംവകുപ്പിന്‍റെ ആർ ആർ ടി ജീപ്പിന് മുന്നിലാണ് ആന എത്തിയത്.

ഒറ്റയാന്‍ കൃഷിയിടത്തിലിറങ്ങിയതറിഞ്ഞ് എത്തിയതായിരുന്നു ആര്‍.ആര്‍.ടി സംഘം. സ്ഥലത്തെത്തിയപ്പോള്‍ അപ്രതീക്ഷിതമായി കാട്ടാന റോഡിലേക്കിറങ്ങി വാഹനത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. വാഹനം ഏറെ ദൂരം പിന്നിലേക്ക് ഓടിച്ചാണ് ഒറ്റയാനില്‍ നിന്ന് ആര്‍ആര്‍ടി സംഘം രക്ഷപ്പെട്ടത്. പടക്കമെറിഞ്ഞും ശബ്ദമുണ്ടാക്കുകയും ചെയ്തതോടെ ആന പിന്തിരിഞ്ഞു.

പടക്കമെറിഞ്ഞും പാട്ട കൊട്ടി വലിയ ശബ്ദമുണ്ടാക്കിയും ഏറെ പണിപ്പെട്ടാണ് ആനയെ കാട്ടിലേക്ക് തിരിച്ച് കയറ്റിയത്. ആന കാട് കയറിയെങ്കിലും വീണ്ടും കൃഷിയിടത്തിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ട്. വന്യമൃഗശല്യം മൂലം പൊറുതി മുട്ടിയിരിക്കുകയാണ് അട്ടപ്പാടിയിലെ കര്‍ഷകര്‍. കാട്ടാന കൃഷി നശിപ്പിക്കുന്നത് പതിവായതോടെ വലിയ കൃഷിനാശമാണ് ഇവടുത്തെ കര്‍ഷകര്‍ നേരിടുന്നത്.

ആന ശല്യം തടയാനായി ഇലക്ട്രിക് ഫെന്‍സിംഗ് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാമെന്ന് അധികൃതര്‍ പലതലവണ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഇടപെട്ട് വന്യമൃഗ ശല്യം ഒഴിവാക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് അട്ടപ്പാടിയിലെ കര്‍ഷകരുടെ ആവശ്യം.

Verified by MonsterInsights