പണത്തിന്റെ ഉടമകളെ കണ്ടുപിടിക്കാനും അവ പിൻവലിക്കാനുമുള്ള സൗകര്യവും റിസർവ് ബാങ്ക് ഒരുക്കിയിട്ടുണ്ട്. മാസങ്ങളോളം ഉപയോഗിക്കാതെ കിടന്ന ജാക്കറ്റിലോ, ജീൻസിന്റെ പോക്കറ്റിലോ പുസ്തകത്തിന്റെ ഉള്ളിലോ എന്നോ വെച്ചു മറന്നുപോയ നൂറിന്റെയോ അഞ്ഞൂറിന്റെയോ നോട്ട് കണ്ണിലുടക്കുമ്പോൾ കിട്ടുന്ന സന്തോഷമനുഭവിക്കാത്തവർ ഉണ്ടാകില്ല.
എന്നാൽ നൂറിനും അഞ്ഞൂറിനും പകരം അത് പതിനായിരങ്ങളോ ലക്ഷങ്ങളോ കോടികളോ ആയാലോ. അതെ ആയിരക്കണക്കിന് അക്കൗണ്ടുകളിലായി ഒന്നും രണ്ടും കോടികളല്ല 78,213 കോടികളാണ് നിഷ്ക്രിയമായി കിടക്കുന്നത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കണക്കനുസരിച്ച്, 2024 മാർച്ച് വരെ രാജ്യത്തുടനീളമുള്ള വിവിധ ബാങ്കുകളിൽ ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്നത് 78,213 കോടി രൂപയുടെ നിക്ഷേപങ്ങളാണ്. ഈ പണത്തിന്റെ ഉടമകളെ കണ്ടുപിടിക്കാനും, ലക്ഷങ്ങൾ നിഷ്ക്രിയമായി കിടക്കുകയാണെന്ന് ഓർമ്മിപ്പിക്കാനും അവ തിരിച്ചുപിടിക്കാനുമുള്ള സൗകര്യവും റിസർവ് ബാങ്ക് ഒരുക്കിയിട്ടുണ്ട്.
ഉദ്ഗം (UDGAM) എന്ന കേന്ദ്രീകൃത പോർട്ടൽ വഴി അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കണ്ടെത്താം. UDGAM എന്ന സൈറ്റിൽ പോയി പ്രാഥമിക വിവരങ്ങൾ നൽകിയാൽ ഏതെങ്കിലും അക്കൗണ്ടുകളിൽ പത്ത് വർഷത്തിലേറെയായി നിഷ്ക്രിയമായി കിടക്കുന്ന നമ്മുടെ പണമുണ്ടോ എന്നറിയാം. udgam.rbi.org.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്താൽ നിഷ്ക്രിയമായി കിടക്കുന്ന നിക്ഷേപങ്ങൾ കണ്ടെത്താൻ കഴിയും. തുടർന്ന് അതാത് ബാങ്കുകളുമായി ബന്ധപ്പെട്ടാൽ പ്രവർത്തനരഹിതമായ അക്കൗണ്ട് സജീവമാക്കാനോ പണം പിൻവലിക്കാനോ കഴിയും.