കൊച്ചി: ഒരുപാട് ഇഷ്ടപ്പെട്ട് വാങ്ങിയ തന്റെ സൈക്കിൾ മോഷണം പോയ സങ്കടത്തിലാണ് തേവര എസ് എച്ച് സ്‌കൂളിൽ പഠിക്കുന്ന പവേൽ സമിത്. കൊച്ചി സ്റ്റേഡിയം മെട്രോ സ്റ്റേഷന് പുറകെയാണ് എന്നും പവേൽ സമിത് സൈക്കിൾ വെച്ചിട്ടു സ്‌കൂളിലേക്ക് പോകുന്നത്. എന്നാൽ ഇക്കഴിഞ്ഞ 22ന് വൈകിട്ട് അഞ്ചരയോടെ സ്‌കൂൾ വിട്ട് തിരിച്ചു വന്നപ്പോൾ സൈക്കിൾ കാണാനില്ല. എല്ലായിടത്തും അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. മറ്റെല്ലാ വഴിയും അടഞ്ഞപ്പോഴാണ് പവേൽ സ്മിത്തിന് ഒരു ഉപായം തോന്നിയത്. സൈക്കിൾ മോഷണം പോയ സ്ഥലത്തു തന്നെ കള്ളനോട് സൈക്കിൾ തിരിച്ചു തരണം എന്ന് അപേക്ഷിച്ചു കൊണ്ടു ഒരു നോട്ടീസ് പതിച്ചു.
നോട്ടീസ് ഇങ്ങനെയാണ് ” ഞാൻ പവേൽ സമിത് തേവര SH സ്കൂളിൽ പഠിക്കുന്നു. രാവിലെ ഇവിടെ സൈക്കിൾ വച്ചിട്ടാണ് സ്കൂളിൽ പോകുന്നത്. ഇന്നലെ തിരിച്ചു വന്നപ്പോൾക്കും സൈക്കിൾ നഷ്ടപ്പെട്ടു. ഒരുപാട് മോഹിച്ചു വാങ്ങിയതാണ്. എടുത്ത ചേട്ടന്മാർ തിരിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു- പവേൽ സമിത് 9037060798”.
കലൂരിൽ താമസിക്കുന്ന പവേൽ സമിത് തേവര എസ് എച്ച് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ്. പ്ലസ് വണിന് ചേർന്ന ശേഷമാണ് സൈക്കിൾ വാങ്ങിയത്. 25,000 രൂപ വില വരുന്ന ഗിയർ സൈക്കിളാണ് ഇപ്പോൾ കാണാതെ പോയിരിക്കുന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും സൈക്കിൾ കണ്ടെത്താൻ സാധിച്ചില്ലെന്ന് പവേൽ സമിത്തിന്റെ മാതാവ് സിനി പറഞ്ഞു.
ഇന്ന് കാലത്ത് നടക്കാൻ ഇറങ്ങിയപ്പോൾ കൊച്ചി സ്റ്റേഡിയം മെട്രോ സ്റ്റേഷന് പുറകെ ഒരു മരത്തിൽ കണ്ട നോട്ടീസ്’ എന്ന കുറിപ്പോടെ സ്ട്രീം വെർട്ടിക്കലിന്റെ സിഇഒ രാജഗോപാൽ കൃഷ്ണൻ ഇട്ട നോട്ടീസിന്റഎ ചിത്രം കോളമിസ്റ്റായ രാംമോഹൻ പാലിയത്ത് അടക്കമുള്ളവർ പങ്കുവെച്ചിട്ടുണ്ട്. ഈ നോട്ടീസ് കണ്ടു കള്ളൻ സൈക്കിൾ തിരികെ വെക്കുമെന്ന പ്രതീക്ഷയിലാണ് പവേല്‍ സമിത്.