ദിവസേന10 ലിറ്റർ പാൽ; 1,200 രൂപയുടെ പച്ചക്കറി; 72 അംഗങ്ങളുമായി ഒരു സന്തുഷ്ട കുടുംബം

ഇന്ന് രാജ്യത്ത് അപൂർവമായി മാത്രം കാണുന്ന ഒരു കാഴ്ചയാണ് കൂട്ടുകുടുംബങ്ങൾ. പ്രത്യേകിച്ചും ഇന്ത്യയിലെ മെട്രോപൊളിറ്റൻ ന​ഗരങ്ങളിൽ. എന്നാൽ മഹാരാഷ്ട്രയിലെ  സോലാപൂരിലുള്ള ഡോ‍യ്‌ജോഡ് കുടുംബത്തിലുള്ളത്  72 അംഗങ്ങളാണ്. കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടാകും. എന്നാൽ സം​ഗതി സത്യമാണ്. അടുത്തിടെ ബിബിസി ഇവരുടെ കഥ അവതരിപ്പിച്ചിരുന്നു. ഒരു ട്രേഡിംഗ് കമ്പനിയുടെ ഉടമസ്ഥർ കൂടിയാണ് ഈ കുടുംബം.

72 അംഗങ്ങളുള്ള തങ്ങളുടെ കുടുംബത്തിന് രാവിലെയും വൈകുന്നേരവുമായി പത്തു ലിറ്റർ പാലും ഭക്ഷണത്തിനായി ദിവസവും ആകെ 1,000 രൂപ മുതൽ 1,200 രൂപ വരെ വില വരുന്ന പച്ചക്കറികളും വേണമെന്ന് കുടുംബാംഗമായ അശ്വിൻ പറയുന്നു. വീട്ടിലെ എല്ലാവർക്കും ആവശ്യമായ നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന് ഇതിലും മൂന്നോ നാലോ മടങ്ങ് പണം ചെലവാകും. ”ഞങ്ങൾ ഒരു വർഷത്തേക്കുള്ള അരിയും ഗോതമ്പും പയറുമൊക്കെ ഒന്നിച്ചാണ് വാങ്ങുന്നത്. ഇത് ഏകദേശം 40 മുതൽ 50 ചാക്കുകൾ വരെ ഉണ്ടാകും. ഞങ്ങൾക്ക് ധാരളം പലചരക്കു സാധനങ്ങൾ ആവശ്യം ഉള്ളതിനാലാണ് ഇങ്ങനെ മൊത്തമായി വാങ്ങുന്നത്. അങ്ങനെ വാങ്ങുമ്പോൾ ചെലവും അൽപം കുറയും”, അശ്വിൻ കൂട്ടിച്ചേർത്തു.

ഈ കുടുംബത്തിൽ ജനിച്ചുവളർന്നവർ യാതൊരു ബുദ്ധിമുട്ടുകളും കൂടാതെയാണ് ജീവിക്കുന്നതെന്നാണ് കൂട്ടുകുടുംബത്തിലേക്ക് മരുമകളായെത്തിയ നൈന പറയുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് ഇവിടേക്കെത്തുന്ന സ്ത്രീകൾക്ക് ആദ്യമൊക്കെ അൽപ്പം ബുദ്ധിമുട്ട് തോന്നുമെന്നും നൈന പറയുന്നു. ”ആദ്യം ഈ വീട്ടിലെ ആളുകളുടെ എണ്ണം കണ്ട് എനിക്ക് ഭയം തോന്നി. എന്നാൽ എല്ലാവരും എന്നെ സഹായിച്ചു. എന്റെ അമ്മായിയമ്മയും സഹോദരിയും സഹോദരീ സഹോദരന്മാരും എല്ലാവരും എനിക്കൊപ്പം നിന്നു”, നൈന കൂട്ടിച്ചേർത്തു.

ഒന്നിച്ചു കളിക്കാൻ ധാരാളം ബന്ധുക്കൾ ഉള്ളതിനാൽ, കുടുംബത്തിലെ കുട്ടികൾക്ക് ഒരിക്കലും ഏകാന്തത അനുഭവപ്പെടുന്നില്ല എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ”ഞങ്ങൾക്ക് ഒരിക്കലും മറ്റൊരു സ്ഥലത്തേക്ക് കളിക്കാൻ ആളെ അന്വേഷിച്ച് പോകേണ്ടി വന്നിട്ടില്ല. ഇവിടെത്തന്നെ ധാരാളം കുട്ടികളുണ്ട്. പുറത്തു പോയാൽ മറ്റുള്ളവരോട് സംസാരിക്കാനും അവരോട് എളുപ്പത്തിൽ ഇടപഴകാനും ഉള്ള ധൈര്യം ഇവിടെ നിന്നും ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഒരുപാട് ആളുകൾ ഇങ്ങനെ ഒരുമിച്ച് താമസിക്കുന്നത് കാണുമ്പോൾ എന്റെ കൂട്ടുകാർക്കൊക്കെ അത്ഭുതമാണ്”, കുടുംബത്തിലെ കുട്ടികളിലൊരാളായ അദിതി പറയുന്നു.

ഒരു കൂട്ടുകുടുംബമെന്ന നിലയിൽ മഹാമാരിക്കാലത്ത് എങ്ങനെയാണ് ജീവിച്ചത് എന്നതിനെക്കുറിച്ചും അശ്വിൻ സംസാരിച്ചു. ഓരോ അംഗങ്ങളും, പ്രത്യേകിച്ച് മുതിർന്നവർ സുരക്ഷിതരാണെന്ന് പ്രത്യേകം ഉറപ്പു വരുത്തിയിരുന്നു. തങ്ങളുടെ ബിസിനസിനെക്കുറിച്ചും മറ്റും കുടുംബത്തിലെ മറ്റ് അംഗങ്ങൾ സംസാരിക്കുന്നതും ബിബിസിയുടെ വീഡിയോയിൽ അവര്‍ പറയുന്നുണ്ട്.

Verified by MonsterInsights