പ്രണവ് മോഹൻലാലിനു കോട്ടയം ഗിരിദീപം ബഥനി സെൻട്രൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ജഗന്നാഥിനെ അറിയില്ല. പക്ഷേ ജഗന്നാഥിന്റെ ജീവിതത്തിൽ ഒരു റെക്കോർഡിന്റെ തിളക്കം നിറച്ചത് പ്രണവാണ്! ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും പ്രണവിന്റെ പേരു പതിഞ്ഞത് പ്രണവിന്റെ ചിത്രം വരച്ചാണ്. ‘ഹൃദയം’ സിനിമ റിലീസായ സമയത്താണ് ജഗന്നാഥ് പ്രണവിന്റെ ചിത്രം വരയ്ക്കാൻ തീരുമാനിച്ചത്. സാധാരണ എല്ലാവരും ചെയ്യാറുള്ളതു വിട്ട് പുതുമയുള്ള എന്തെങ്കിലും ചെയ്യാമെന്നു തോന്നി. പഠിക്കുന്ന സ്കൂളിന്റെ ഇൻഡോർ സ്റ്റേഡിയത്തിൽ ജഗന്നാഥ് അങ്ങനെ രണ്ടു മാസം കൊണ്ട് 250 എഫോർ പേപ്പറുകളിലായി പ്രണവിന്റെ വലിയൊരു സ്റ്റെൻസിൽ ആർട്ട് ഒരുക്കി. ആ അധ്വാനം ഈ മിടുക്കനു നൽകിയതു മിന്നുന്ന റെക്കോർഡ് നേട്ടവും.”വെറുതെയിരുന്നപ്പോൾ തോന്നിയ ഐഡിയ ആയിരുന്നു പ്രണവിന്റെ ചിത്രം വരയ്ക്കണമെന്നുള്ളത്. പക്ഷേ അതിനു റെക്കോർഡ് കിട്ടുമെന്നൊന്നും കരുതിയില്ല. വരച്ചു നിരത്തുവോളം റെക്കോർഡ് എന്ന ആശയം മനസ്സിൽ ഇല്ലായിരുന്നു. സ്കൂളിലെ ചിത്രകലാ അധ്യാപകനായ സുമോദ് സാറിന്റെ നിർദേശപ്രകാരമാണ് റെക്കോർഡിന് അപേക്ഷിച്ചത്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ റെക്കോർഡ് കിട്ടുകയും ചെയ്തു.” ഇത്രയും നാൾ വരച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമേതെന്നു ചോദിച്ചാൽ ജഗന്നാഥിനു രണ്ടാമതൊന്നു ചിന്തിക്കണ്ട. ഉടനടി ഉത്തരം വരും, പ്രണവിന്റെ ചിത്രം തന്നെ. “ഈ ചിത്രം പ്രണവിലേക്കെത്തിക്കാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ നടന്നില്ല. അതിൽ ചെറിയ സങ്കടമുണ്ട്.” താൻ ഇത്രയും ആഗ്രഹിച്ചും അധ്വാനിച്ചും പൂർത്തിയാക്കിയ ചിത്രം പ്രണവോ ലാലേട്ടനോ ഒന്നു കണ്ടിരുന്നെങ്കിൽ എന്നാണ് ജഗന്നാഥിന്റെ കുഞ്ഞു മനസ്സിലെ വലിയ ആശ.
പ്രണവിന്റെ ചിത്രം മാത്രമല്ല തമിഴ് താരം ധനുഷിന്റെ ചിത്രവും ജഗന്നാഥിനു റെക്കോർഡിലേക്കുള്ള ചവിട്ടു പടിയായിട്ടുണ്ട്. നൂല് ഉപയോഗിച്ച് ചെയ്യുന്ന സ്ട്രിങ് ആർട്ടിലൂടെയാണ് ജഗന്നാഥ് ധനുഷിന്റെ മുഖം സുന്ദരമായി പകർത്തിയത്. ആ ചിത്രവും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു.
നാലു വയസുള്ളപ്പോഴാണ് ഈ മിടുക്കൻ വരച്ചു തുടങ്ങിയത്. ഒന്നാം ക്ലാസ് മുതൽ മത്സരങ്ങളിലും പങ്കെടുക്കുന്നു. വീട്ടിലുള്ളവരെ പിടിച്ചിരുത്തി വരച്ചാണ് താൻ വരയുടെ ആദ്യപാഠം കുറിച്ചതെന്നു ജഗന്നാഥ് പറയുന്നു. അതുകൊണ്ട് തന്നെയാവാം പോർട്രെയ്റ്റുകളോട് ജഗന്നാഥിനു പ്രത്യേക ഇഷ്ടമുണ്ട്. സ്റ്റെൻസിൽ ആർട്, പെൻസിൽ ഡ്രോയിങ് എന്നിവയിലാണ് കൂടുതൽ താൽപര്യം. വാട്ടർ കളർ പെയിന്റിങ് കൂടി പഠിക്കുന്നുണ്ട്. കോവിഡ് സമയത്താണ് സിനിമാ താരങ്ങളുടെ ചിത്രങ്ങൾ സ്റ്റെൻസിൽ ആർട്ടിലൂടെ ചെയ്തു തുടങ്ങിയത്.
തമിഴ് സിനിമ ‘വിക’ത്തിലെ സൂര്യ അഭിനയിച്ച റോളക്സ് എന്ന കഥാപാത്രത്തിന്റെ പെൻസിൽ ഡ്രോയിങ്, ദുൽഖറിന്റെ ‘സീതാരാമ’ത്തിലെ ചിത്രം എന്നിവയും ജഗന്നാഥ് വരച്ചിട്ടുണ്ട്. പതിവു രീതികളിൽനിന്നു വിഭിന്നമായി ഗു ആർട്ടിലൂടെ വരച്ച മമ്മൂട്ടിയുടെ ചിത്രത്തിനും സ്ക്രിബിൾ ആർട്ടിലൂടെ വരച്ച ഇന്ദ്രൻസിന്റെ ചിത്രത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.
കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും മാത്രമല്ല, സമൂഹ മാധ്യമങ്ങളിൽ നിന്നും നല്ല സപ്പോർട്ടു ലഭിക്കുന്നുവെന്നാണ് ജഗന്നാഥ് പറയുന്നത്. ഇൻസ്റ്റഗ്രാമിലൂടെ സെലിബ്രിറ്റികൾ ഉൾപ്പെടെ അഭിനന്ദനമറിയിച്ചിട്ടുണ്ട്. ഭാവിയിൽ എന്താവാനാണ് ആഗ്രഹമെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. കലയുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊക്കെ ആവണം. ഈ കൊച്ചു മിടുക്കൻ വലിയ കലാകാരനാവുമെന്നതിൽ സംശയമില്ലെന്നാണ് കമന്റ് ബോക്സുകൾ ഉറപ്പിച്ചു പറയുന്നത്.