5ജി സാങ്കേതിക സംവിധാനങ്ങളും സേവനങ്ങളും അതിവേഗം വിന്യസിച്ച് മറ്റൊരു ഡിജിറ്റൽ വിപ്ലവത്തിനൊരുങ്ങുകയാണ് ഇന്ത്യ, ഇതിന്റെ ഭാഗമായി പതിനായിരം രൂപയ്ക്ക് മുകളിലുള്ള 4ജി ഫോൺ നിർമാണം നിർത്തുമെന്നാണ് അറിയുന്നത്. ഇതിനായി മൊബൈൽ ഫോൺ നിർമാണ കമ്പനികളുടെ പ്രതിനിധികൾ ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ കാണുകയും 10,000 രൂപയ്ക്ക് മുകളിൽ വിലയുള്ള 4ജി ഫോണുകളുടെ ഉത്പാദനം ക്രമേണ അവസാനിപ്പിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. അതേസമയം, ഫോൺ നിർമാണ മേഖല കൂടുതൽ ഫീച്ചറുകളുള്ള 5ജി ഹാൻഡ്സെറ്റ് നിർമാണത്തിലേക്ക് മാറുകയും ചെയ്യും.
സ്മാർട് ഫോൺ നിർമാതാക്കൾ പതിയെ 10,000 രൂപയോ അതിൽ കൂടുതലോ വിലയുള്ള 5ജി ഫോണുകളിലേക്ക് മാറുമെന്ന് ഒരു ഫോൺ നിർമാണ കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യയിൽ ഏകദേശം 75 കോടി മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. ഇതിൽ 35 കോടി ഉപയോക്താക്കൾക്ക് 5ജി സംവിധാനമുള്ള ഫോണുകളുണ്ട്. എന്നാൽ 35 കോടിയിലധികം ഉപഭോക്താക്കൾ 3ജി-4ജി ഫോണുകൾ ഉപയോഗിക്കുന്നവരാണ്. ഇതിനാൽ തന്നെ 10,000 രൂപയ്ക്ക് മുകളിൽ വിലയുള്ള 3ജി-4ജി ഫോണുകൾ തങ്ങളുടെ കമ്പനി ക്രമേണ നിർത്തലാക്കുമെന്ന് മുൻനിര ബാൻഡിന്റെ വക്താവ് പറഞ്ഞു.
ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിലെയും ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥർ മൊബൈൽ ഓപ്പറേറ്റർമാരുമായും സ്മാർട് ഫോൺ നിർമാതാക്കളുമായും ചർച്ച നടത്തി. അടുത്ത മൂന്ന് മാസത്തിനുള്ളിൽ 5ജി സ്മാർട് ഫോണുകൾ ഉപയോഗിച്ച് ശേഷിക്കുന്ന ഉപയോക്താക്കൾക്കും അതിവേഗ നെറ്റ്വർക്കുകൾ ലഭ്യമാക്കാൻ നിർദേശിക്കുകയും ചെയ്തു.
5ജി സേവനങ്ങൾ സുഗമമായി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആപ്പിളും സാംസങ്ങും ഉൾപ്പെടെയുള്ള സ്മാർട് ഫോൺ നിർമാണ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരും ടെലികോം ഓപ്പറേറ്റർമാരും യോഗത്തിൽ പങ്കെടുത്തു. എല്ലാ 5ജി ഹാൻഡ്സെറ്റുകൾക്കും സോഫ്റ്റ്വെയർ FOTA അപ്ഗ്രേഡുകൾ ലഭ്യമാക്കാൻ ഹാൻഡ്സെറ്റ് നിർമാതാക്കളുടെയും ടെലികോം സേവന ദാതാക്കളുടെയും ഇടപെടലും യോഗത്തിൽ ചർച്ച ചെയ്തു.