‘ഈ ലോകകപ്പ് മെസിയും കൂട്ടരും നേടും’; ചായക്കടയിലെ വരുമാനം കൊണ്ട് മെസിയുടെ പ്രതിമയൊരുക്കി ആരാധകൻ

2022 ലെ ഫുട്ബോൾ ലോകകപ്പിന് ഖത്തറിൽ തുടക്കം കുറിച്ചതിനു പിന്നാലെ ലോകമെമ്പാടുമുള്ള ആരാധകർ ആവേശത്തിലാണ്. അതിനിടെ, ചായക്കട നടത്തി സമ്പാദിച്ച പണം ഉപയോഗിച്ച് തന്റെ പ്രിയപ്പെട്ട ഫുട്ബോൾ താരമായ മെസിയുടെ പ്രതിമയൊരുക്കിയ ആരാധകനെക്കുറിച്ചുള്ള വാർത്തയും ശ്രദ്ധയാകർഷിക്കുകയാണ്. പശ്ചിമബം​ഗാളിലുള്ള ഇച്ചാപൂർ നവാബ്ഗഞ്ചിലെ ശിവ് പത്രയാണ് ഈ പ്രതിമ ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ചായക്കട ‘അർജന്റീന ടീ സ്റ്റാൾ’ എന്നാണ് അറിയപ്പെടുന്നത്.

ശിവ് പത്ര മുൻകൈയെടുത്താണ് ഇവിടുത്തെ അർജന്റീന ഫാൻസ് ക്ലബ് രൂപീകരിച്ചത്. ചായക്കട നടത്തി ലഭിച്ച പണം കൊണ്ടാണ് ഫാൻസ് ക്ലബ്ബ് രൂപീകരിച്ചത്. ഇത്തവണത്തെ ലോകകപ്പിനോട് അനുബന്ധിച്ച് മെസിയുടെ പ്രതിമയും അനാച്ഛാദനം ചെയ്തു. മെസി ആരാധകർ പങ്കെടുത്ത പരിപാടിയിൽ മുൻ ദേശീയ ടീം താരം സംഗ്രാം മുഖർജിയും ഇച്ചാപൂർ അർജന്റീന ഫാൻസ് ക്ലബ്ബിലെ മറ്റ് അംഗങ്ങളും പങ്കെടുത്തിരുന്നു.

ലോകകപ്പിന്റെ ഉദ്ഘാടന ദിവസം ഇവിടുത്തെ അർജന്റീന ആരാധകർക്ക് ക്ലബ്ബിന്റെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തിരുന്നു.

ലോക ഫു‍ട്ബോളിലെ മിക്ക നേട്ടങ്ങളും മെസി സ്വന്തമാക്കിയിട്ടുണ്ടെന്ന് അർജന്റീനയുടെ കടുത്ത ആരാധകനായ ശിവ് പറയുന്നു. ഇനി ലോകകപ്പ് കിരീടം ഉയർത്തുക കൂടിയാണ് വേണ്ടത്. ഈ വർഷം മെസിയും ടീമും ലോകകപ്പ് നേടും എന്നു തന്നെയാണ് ഇവിടുത്തെ അർജന്റീന ഫാൻസ് പ്രതീക്ഷിക്കുന്നത്.

താനും ഒരു അർജന്റീന ആരാധകൻ ആണെന്ന് പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഫുട്‌ബോൾ താരം സംഗ്രാം മുഖർജി പറഞ്ഞു. അതുകൊണ്ട് തന്നെ ഈ ലോകകപ്പ് അർജന്റീന നേടുമെന്ന് മറ്റുള്ളവരെപ്പോലെ തന്നെ അദ്ദേഹവും പ്രതീക്ഷ പ്രകടിപ്പിച്ചു.

അർജന്റീനിയൻ പതാകയുടെ നിറങ്ങളിൽ ചായം പൂശിയതാണ് ശ്രീ പത്രയുടെ മൂന്ന് നില വീട്. ഏകദേശം മുപ്പതു വർഷം മുൻപാണ് അദ്ദേഹം ചായക്കട തുടങ്ങിയത്. അർജന്റീനയുടെ പതാകകളും ടീമിലെ പതിനൊന്ന് കളിക്കാരുടെ പോസ്റ്ററും ഇവിടെയുണ്ട്. ഇതു കൂടാതെ പത്രയുടെ വീട്ടിലും ചായക്കടയിലുമായി മെസിയുടെ ധാരാളം പോസ്റ്ററുകളും ഛായാചിത്രങ്ങളും പതിപ്പിച്ചിട്ടുണ്ട്.

2022 ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയ്‌ക്കെതിരെ അ‍ർജന്റീന തോൽവി ഏറ്റുവാങ്ങിയെങ്കിലും മെസിയും കൂട്ടരും കൂടുതൽ കരുത്തോടെ തിരിച്ചെത്തുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു. ഈ വർഷം മെസിയുടെ ടീമിനേ കിരീടം ലഭിക്കൂ എന്ന് ഇവർ തറപ്പിച്ചു പറയുന്നു.

ലോകകപ്പ് നേടുക എന്നതാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്ന് മെസി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ ആരാധകർക്കിടയിൽ ആവേശവും പ്രതീക്ഷയും ഇരട്ടിയാക്കിയിരിക്കുകയാണ്. അർജന്റീന ആരാധകർ മാത്രമല്ല, മറ്റ് ടീമുകളെ പിന്തുണയ്ക്കുന്ന ഫുട്‌ബോൾ പ്രേമികളിൽ ചിലർ പോലും മെസി ഈ വർഷം കിരീടം നേടണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഈ ലോകകപ്പിൽ മെസിയുടെ മാന്ത്രികതയും കളിമികവും കാണാൻ നിരവധി ആരാധകരാണ് കാത്തിരിക്കുന്നത്.

Verified by MonsterInsights