ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുമായി KSRTC; ഇന്ത്യയില്‍ നിര്‍മിച്ച ഇത്തരത്തിലെ ആദ്യ വാഹനം

പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് നിരത്തിലിറക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. സ്മാര്‍ട്ട് സിറ്റി പദ്ധതിയിലൂടെയാണ് ബസെത്തുക. രണ്ടു ഇലക്ട്രിക് ബസുകാളാണ് വാങ്ങിക്കുക. കെഎസ്ആര്‍ടിസിയുടെ ടെക്‌നിക്കല്‍ കമ്പനിയുടെ വിലയിരുത്തലിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ.

അശോക് ലെയ്‌ലാന്‍ഡിന്റെ സ്വിച്ച് എന്ന കമ്പനിയില്‍ നിന്നാണ് ബസ് വാങ്ങുന്നത്. ബസിന്റെ നിറം, ലോഗോ തുടങ്ങിയവയും കെഎസ്ആര്‍ടിസി അറിയിക്കും. ഓര്‍ഡര്‍ നല്‍കിയാല്‍ 90 ദിവസത്തിനുള്ളില്‍ ബസ് എത്തിക്കണം. അഞ്ചുവര്‍ഷത്തെ പരിപാലനച്ചുമതല കമ്പനിക്കായിരിക്കും. ഗതാഗതത്തിനു പുറമേ വിനോദസഞ്ചാരം കൂടി ലക്ഷ്യമിട്ടാണ് പുതിയ ബസുകള്‍ എത്തിക്കുന്നത്.

ഡബിള്‍ ഡെക്കര്‍ ബസിലെ യാത്രകള്‍ക്ക് തിരക്കേറുന്നതിനാല്‍ കൂടുതല്‍ ബസ് നിരത്തിലിറക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടായത്. പാപ്പനംകോട് സെന്‍ട്രല്‍ ഡിപ്പോയിലുള്ള ഡബിള്‍ ഡെക്കര്‍ കൂടി നിരത്തിലിറക്കാന്‍ ശ്രമിച്ചെങ്കിലും എന്‍ജിന്‍ തകരാറിലായതിനാല്‍ നടന്നില്ല. ഈ ബസിന്റെ ഭാഗങ്ങള്‍ കിട്ടാനില്ലാത്തത് വെല്ലുവിളിയാണ്.

65 ഇരിപ്പിടങ്ങളോടെയാണ് ബസ് നിരത്തിലിറങ്ങുക. 1.5 മുതല്‍ മൂന്ന് മണിക്കൂര്‍ വരെയാണ് ചാര്‍ജിങിന് വേണ്ടി വരുന്ന സമയം. 120 കിലോമീറ്റര്‍ വരെ ഓടിക്കാന്‍ കഴിയും.15.5 അടി ഉയരമുള്ള ബസിന് 32 അടി നീളമുണ്ട്.

koottan villa
Verified by MonsterInsights