എന്തുകൊണ്ട് നമ്മൾ മത്സ്യം കഴിക്കണം? ‘ഭാവിയിലെ സൂപ്പർ ഫുഡി’നെക്കുറിച്ച് കൂടുതൽ അറിയാം!

മാനവരാശിയുടെ ആരോ​ഗ്യത്തെക്കുറിച്ച് മുമ്പെങ്ങുമില്ലാത്ത വിധം ആശങ്കയുയരുന്ന കാലമാണിത്. ഭാവിയിലേക്ക് ഒരു എത്തിനോട്ടം എന്ന പേരിൽ ഇക്കഴിഞ്ഞ സെപ്തംബറിൽ ഐക്യരാഷ്ട്രസഭ നടത്തിയ ഉച്ചകോടിയിലും ചർച്ചയായത് വളർന്നുകൊണ്ടിരിക്കുന്ന ജനസംഖ്യയെ എങ്ങനെ പര്യാപ്തമായ വിധത്തിൽ പോഷകാഹാ​രം നൽകി ആരോ​ഗ്യമുള്ളവരാക്കാം എന്നതാണ്. 2019നെ അപേക്ഷിച്ച് 150 ദശലക്ഷം ആളുകളാണ് 2023ൽ പുതുതായി പട്ടിണി അനുഭവിച്ചത്. ലോകത്താകമാനം 730 ദശലക്ഷത്തിലധികം ആളുകൾ പോഷകാഹാരക്കുറവ് മൂലമുള്ള ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ്. അതേസമയം തന്നെ പ്രകൃതി ഭക്ഷ്യശൃംഖലകൾ അപകടകരമായ വിധത്തിൽ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുകയുമാണ്.

പ്രകൃതിവിഭവങ്ങളുടെ വളർച്ചയ്ക്കും സമാഹരണത്തിനും ഹരിത​ഗൃഹവാതക ബഹിർ‌​ഗമനം അടക്കമുള്ളവ വിഘാതം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ മാനവരാശിയെ ഊട്ടിവളർത്താൻ ഇനിയെന്ത് വഴി എന്ന ചോദ്യം ഉയരുകയാണ്. പ്രകൃതിക്കും ഭൂമിക്കും തട്ടുകേടുണ്ടാകാത്ത വിധത്തിൽ ഭക്ഷ്യസമ്പത്ത് ശേഖരിക്കേണ്ടതും അനിവാര്യമാണല്ലോ? ഇതിനൊരു പരിഹാരം എന്ന നിലയിൽ ഉയർന്നുവരുന്ന ഉത്തരം മത്സ്യസമ്പത്ത് എന്നതാണ്. ഭാവിയിൽ ലോകത്തിന്റെയാകെ പോഷകാഹാര ആവശ്യകത പരിഹരിക്കാനുള്ള മാർ​ഗം മത്സ്യവും മറ്റ് ജലവിഭവങ്ങളുമാണ് എന്ന് വിദ​ഗ്ധർ വിലയിരുത്തുന്നു. 

തലച്ചോറിന്റെ ആരോ​ഗ്യം

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണോ, കൂടുതൽ‌ മത്സ്യം കഴിക്കൂ. മത്സ്യത്തിലുള്ള അണുവിരുദ്ധ ഘടകങ്ങൾ തലച്ചോറിനെ സംരക്ഷിക്കുന്നവയാണ്. പ്രായമായവരിൽ തലച്ചോറിന്റെ പ്രവർത്തനം സു​ഗമമാക്കാൻ മത്സ്യങ്ങളിലടങ്ങിയ പോഷകഘടകങ്ങൾ സഹായിക്കുമെന്നും അതിലൂടെ അവരുടെ മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിയുമെന്നും ​ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

‌ഹൃദയാരോ​ഗ്യത്തിനും മത്സ്യം

ഹൃദയാരോ​ഗ്യം നിലനിർത്തുന്നതിനും മത്സ്യാഹാരങ്ങൾ പ്രധാനപങ്കു വഹിക്കുന്നു. ഇത് ഹൃദ്രോ​ഗങ്ങളെ പ്രതിരോധിക്കുന്നു. മത്സ്യങ്ങളിലടങ്ങിയ ഒമേ​ഗ-3 ഫാറ്റി ആസിഡ് ഹൃദയാരോ​ഗ്യത്തിന് ഏറെ നിർണായകമാണ്.

ഗർഭിണികൾക്കും അത്യുത്തമം

ഗർഭിണികൾ മത്സ്യം കഴിക്കുന്നത് ശിശുവിന്റെ മസ്തിഷ്കവളർച്ചയെ സഹായിക്കും. ചില മത്സ്യങ്ങളിൽ മെർക്കുറി അംശം കൂടുതലടങ്ങിയിട്ടുണ്ട് എന്ന കാരണത്താൽ അവ കഴിക്കാൻ ഭയക്കുന്ന ​ഗർഭിണികളുണ്ട്. ഇതിന് പരിഹാരമായി ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത് മത്തി, സാൽമൺ, അയല പോലെയുള്ള ചെറിയ മീനുകൾ കഴിച്ചാൽ മതിയെന്നാണ്. അതുപോലെ പാചകം ചെയ്യാത്ത മത്സ്യം ​ഗർഭിണികൾ കഴിക്കരുതെന്നും കർശന നിർദേശമുണ്ട്

മാനസികാരോ​ഗ്യത്തിനും മത്സ്യം

മൂഡ് സ്വിങ്സും മറ്റും ഉള്ളവർക്ക് നല്ല ആഹാരമാണ് മത്സ്യം. വിഷാദം അടക്കമുള്ള മാനസികാരോ​ഗ്യ പ്രശ്നങ്ങളെ സഹായിക്കാൻ സീഫുഡിന് കഴിയുമെന്നാണ് ​ഗവേഷണഫലങ്ങൾ തെളിയിച്ചിട്ടുള്ളത്.

Verified by MonsterInsights