സ്മാര്‍ട്ട്ഫോണിന് അടിമകളാണ് ഇന്ന് ഭൂരിഭാഗം പേരും. നമ്മുടെ കാഴ്ചയെയും തലച്ചോറിനെയും സാരമായി ബാധിക്കുന്ന ഈ ശീലം മാറ്റേണ്ടത് അത്യാവശ്യമാണ്. അതിനായുള്ള ചില വഴികൾ എന്തൊക്കെയാണെന്ന് നോക്കാം.
എങ്ങനെ ഫോണ്‍ ഉപയോഗം കുറയ്ക്കാം
എന്ത് കാര്യത്തിനും ഫോണിനെ ആശ്രയിക്കുന്ന രീതി കുറയ്ക്കുകയാണ് ആദ്യത്തെ വഴി. പതിയെ പതിയെ ഫോണ്‍ ഉപയോഗം കുറച്ച് കൊണ്ടുവരാന്‍ ശ്രമിക്കുക.
ഡു നോട്ട് ഡിസ്റ്റര്‍ബ്
ഫോണ്‍ ഓഫ് ചെയ്ത് വെയ്ക്കാന്‍ എളുപ്പമാണ്. എന്നാല്‍ ഫോണ്‍ ഓഫ് ചെയ്യാതെ തന്നെ ഉപയോഗം കുറയ്ക്കാനുള്ള വഴിയാണ് ഡു നോട്ട് ഡിസ്റ്റര്‍ബ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഫോണ്‍ സൈലന്റ് ആക്കി വെയ്ക്കാന്‍ ശ്രദ്ധിക്കുക. മെസേജുകളുടെയും മറ്റും ശബ്ദം കേള്‍ക്കുമ്പോഴാണ് നമുക്ക് ഫോണ്‍ എടുക്കാന്‍ തോന്നുന്നത്. ഇത് നിയന്ത്രിക്കാനാണ് ഫോണ്‍ സൈലന്റാക്കുന്നത്.
സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കുക
ഫോണ്‍ ഉപയോഗം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് സ്മാര്‍ട്ട് വാച്ച്. ഫോണിലൂടെ അറിയാന്‍ കഴിയുന്ന കാര്യങ്ങള്‍ സ്മാര്‍ട്ട് വാച്ചിലൂടെ തന്നെ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. അതിലൂടെ മണിക്കൂറുകള്‍ നീണ്ട ഫോണുപയോഗം കുറയ്ക്കാന്‍ സാധിക്കും. നോട്ടിഫിക്കേഷനുകളുടെ ശബ്ദമാണ് പലപ്പോഴും ഫോണിനടുത്തേക്ക് നമ്മളെ എത്തിക്കുന്നത്. ചിലപ്പോള്‍ സമയം നോക്കാനായി നാം ഫോണിനെ ആശ്രിയിക്കാറുണ്ട്. ഇത് രണ്ടും മണിക്കൂറുകള്‍ നീണ്ട ഫോണ്‍ ഉപയോഗത്തിന് കാരണമായേക്കാം. എന്നാല്‍ സ്മാര്‍ട്ട് വാച്ചിലൂടെ ഈ രണ്ട് വെല്ലുവിളികളും പരിഹരിക്കാന്‍ സാധിക്കും.
ഗ്രേ സ്‌കെയില്‍ മോഡ് ഉപയോഗിക്കുക
ഫോണുപയോഗം കുറയ്ക്കാനുള്ള വഴിയാണ് ഗ്രേ സ്‌കെയില്‍ മോഡ്. സ്‌ക്രീനിലേക്ക് നോക്കാനുള്ള നമ്മുടെ ആഗ്രഹത്തെ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.
ഫോണ്‍ ഉപയോഗം അല്ലാതെ സമയം ചെലവഴിക്കാന്‍ മറ്റ് ഹോബികള്‍ കണ്ടെത്തുകയാണ് അടുത്ത വഴി. ഇത് നിങ്ങളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെ നിയന്ത്രിക്കാനും മണിക്കൂറുകളോളമുള്ള ഫോണ്‍ ഉപയോഗം ഇല്ലാതാക്കാനും സഹായിക്കും. ഫോണിനെക്കാള്‍ നിങ്ങള്‍ക്ക് സന്തോഷം തരുന്നവയായിരിക്കും ഇത്തരം ഹോബികളെന്നും വിദഗ്ധര്‍ പറയുന്നു.
സ്മാര്‍ട്ട് ഫോണുമായി ആരോഗ്യകരമായ ബന്ധം
ആളുകള്‍ തങ്ങളുടെ സൗകര്യത്തിനും സന്തോഷത്തിനും വേണ്ടിയാണ് സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നത്. എന്നാൽ സ്‌ക്രീന്‍ സമയം കുറയ്ക്കുന്നത് മനുഷ്യന് അവരുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങള്‍ക്കും സമയം കണ്ടെത്താന്‍ സഹായിക്കും. മെച്ചപ്പെട്ട ഉറക്കം, മാനസികാരോഗ്യം, ഏകാഗ്രത എന്നിവ വര്‍ധിപ്പിക്കാന്‍ ഈ ശീലം സഹായിക്കും.
ഫോണ്‍ ഉപയോഗം നിയന്ത്രിക്കാൻ മറ്റുവഴികൾ
- ടൈമര്‍ ലോക്ക് ബോക്‌സ് ഉപയോഗിക്കുക.
- പ്രധാന സംഭവങ്ങള്‍ ഫോണില്‍ രേഖപ്പടുത്താതെ കലണ്ടറില്‍ രേഖപ്പെടുത്തുക.
- ജോലി കഴിയുന്നത് വരെ ഫോണ്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയാത്തിടത്ത് സൂക്ഷിക്കുക.
- ഫോണ്‍ ഉപയോഗിക്കാനായി മാത്രം വീട്ടിലെ ഒരു റൂം സജ്ജീകരിക്കുക. എല്ലായിടത്തും എപ്പോഴും ഉപയോഗിക്കാമെന്ന സ്ഥിതി കുറയ്ക്കാനാണ് ഇത്.