യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകൾ ഇന്ത്യയിൽ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബറിൽ മാത്രം യു പി ഐയിലൂടെ നടന്നത്12.82 ലക്ഷം കോടി രൂപയുടെ ഇടപാടാണ്. കയ്യിൽ പണം സൂക്ഷിക്കുന്നതിന്റെ റിസ്ക് ഡിജിറ്റൽ പേയ്മെന്റ് കുറയ്ക്കുന്നു. സ്മാർട്ട് ഫോണിൽ നിന്നും നേരിട്ട് പണം യുപിഐ വഴി നല്കാൻ കഴിയുന്നത് ഉപയോക്താക്കൾക്ക് ഗുണകരമാകുന്നു. ഗിൾ പേ, ഫോൺപേ, പേടിഎം, ആമസോൺ പേ തുടങ്ങിയ വിവിധ ആപ്ലിക്കേഷനുകളിലൂടെ പണം കൈമാറുള്ള അവസരം ഉപയോക്താക്കളെയും ചെറുകിട കച്ചവടക്കാരെയും ബിസിനസ്സ് ഉടമകളെയും സഹായിച്ചു. എന്നാൽ ഇങ്ങനെ യുപിഐ വഴി അയക്കുന്ന തുകയ്ക്ക് പരിധിയുണ്ടെന്ന് അറിയാമോ?.
നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പ്രകാരം ഒരു ഉപയോക്താവിന് ഒരു ദിവസം യുപിഐ വഴി ഒരു ലക്ഷം രൂപ വരെ മാത്രമേ ട്രാൻസ്ഫർ ചെയ്യാൻ കഴിയൂ. ഇതുകൂടാതെ, നിങ്ങൾക്ക് ഒരു ദിവസം യുപിഐ വഴി ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്ന തുക നിങ്ങളുടെ ബാങ്കിനെയും നിങ്ങൾ ഉപയോഗിക്കുന്ന ആപ്പിനെയും ആശ്രയിച്ചിരിക്കുന്നു. 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ യുപിഐ പേയ്മെന്റുകൾ ഒരു ബാങ്കും അനുവദിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇവിടെ ഗൂഗിൾ പേ, ഫോൺപേ, ആമസോൺപേ, പേടിഎം എന്നിവയുൾപ്പെടെയുള്ള ജനപ്രിയ ആപ്പുകളിലെ യുപിഐ ഇടപാടുകളുടെ പരിധി അറിയാം.
: ഗൂഗിൾ പേ അല്ലെങ്കിൽ ജിപേ ഉപയോക്താക്കൾക്ക് യുപിഐ വഴി ഒരു ദിവസം ഒരു ലക്ഷം രൂപയിൽ കൂടുതൽ അയയ്ക്കാൻ കഴിയില്ല. ഇതുകൂടാതെ, ഒരു ദിവസം 10 ഇടപാടുകളിൽ കൂടുതൽ നടത്താൻ ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നില്ല. ഇതിനർത്ഥം ഉപയോക്താവിന് ഒരു ദിവസം ഒന്നുകിൽ ഒരു ലക്ഷം രൂപയുടെ ഒരു ഇടപാട് അല്ലെങ്കിൽ വിവിധ തുകകളുടെ 10 ഇടപാടുകൾ വരെ നടത്താം.
: എൻപിസിഐ പറയുന്നതനുസരിച്ച്, പേടിഎം വഴി ഒരു ദിവസം ഒരു ലക്ഷം രൂപ വരെ മാത്രമേ അയക്കാൻ അനുവദിക്കൂ. അതല്ലാതെ, യുപിഐ പേയ്മെന്റുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ പേടിഎമ്മിന് യാതൊരു നിയന്ത്രണവുമില്ല.
ഫോൺപേയ്ക്ക് ഗൂഗിൾപേയുടെ ഏതാണ്ട് സമാനമായ രീതിയിലുള്ള ഇടപാട് പരിധികൾ ഉണ്ട്, ഒരു ദിവസത്തേക്ക് ഒരു ലക്ഷം രൂപ മാത്രമേ അയക്കാൻ സാധിക്കുകയുള്ളു, എന്നാൽ ആപ്പിന് ഒരു ദിവസം 10 ഇടപാടുകൾ എന്ന പരിധിയില്ല.
യുപിഐ വഴി ഒരു ലക്ഷം രൂപ വരെ പേയ്മെന്റുകൾ നടത്താൻ ആമസോൺ പേ അനുവദിക്കുന്നു. മറ്റൊരു പ്രത്യേകത എന്താണെന്നാൽ ആപ്പ് ഒരു ദിവസം 20 ഇടപാടുകൾ അനുവദിക്കുന്നു, അതേസമയം, പുതിയ ഉപയോക്താക്കൾക്ക് ആദ്യ 24 മണിക്കൂറിനുള്ളിൽ 5,000 രൂപ വരെ മാത്രമേ ഇടപാട് നടത്താൻ കഴിയൂ.