ഗൂഗിൾ പേയ്ക്ക് പകരം ഗൂഗിൾ വാലറ്റ് വരുമോ? സൂചനയുമായി പ്ലേ സ്റ്റോർ .

ഗൂഗിള്‍ വാലറ്റ് താമസിയാതെ ഇന്ത്യയില്‍ എത്തിയേക്കും. ഇന്ത്യയില്‍ ലഭ്യമായ വിവിധ സേവനങ്ങള്‍ പിന്തുണയ്ക്കുന്ന ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ബാങ്കുകള്‍, എയര്‍ലൈനുകള്‍, സിനിമാ ടിക്കറ്റ് തുടങ്ങി വിവിധ സേവനങ്ങള്‍ വാലറ്റിലൂടെ ലഭിക്കും ഇതിനെല്ലാം ഒപ്പം ലോയല്‍റ്റി പോയിന്റുകളും ഗൂഗിള്‍ വാലറ്റ് വാഗ്ദാനം ചെയ്യുന്നു.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ ഗൂഗിള്‍ വാലറ്റിന്റെ എപികെ ഫയല്‍ ഉപയോഗിച്ച് സൈഡ്‌ലോഡ് ചെയ്യാനും അതില്‍ ബാങ്ക് കാര്‍ഡുകള്‍ ആഡ് ചെയ്യാനും കോണ്‍ടാക്റ്റ്‌ലെസ് പേമെന്റുകള്‍ നടത്താനും സാധിക്കും. ഇന്ത്യയില്‍ ഗൂഗിള്‍ പേ പിന്തുണയും വാലറ്റിനുണ്ടാവുമെന്നാണ് കരുതുന്നത്. ആഗോള തലത്തില്‍ 77 രാജ്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാണ്. ആന്‍ഡ്രോയിഡിലും, വെയര്‍ ഒഎസിലും വാലറ്റ് ലഭിക്കും.

 

 
 

എസ്ബിഐ, എയര്‍ഇന്ത്യ, പിവിആര്‍ ഇനോക്‌സ് എന്നീ സേവനങ്ങള്‍ ഗൂഗിള്‍ വാലറ്റ് പിന്തുണയ്ക്കുമെന്നാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നല്‍കിയിരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ വ്യക്തമാക്കുന്നതെന്ന് ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ടെക്ക് ക്രഞ്ച് കമ്പനിയെ ബന്ധപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ സ്‌ക്രീന്‍ഷോട്ടുകളെല്ലാം മാറ്റി ഗൂഗിള്‍ വാലറ്റിന്റെ യുഎസ് പതിപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വെച്ചു.

ഗൂഗിള്‍ വാലറ്റ് സേവനം എന്ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. കമ്പനി ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. യുപിഐ സേവനമായ ഗൂഗിള്‍ പേയുമായി ചേര്‍ന്നായിരിക്കാം ഇതിന്റെ പ്രവര്‍ത്തനം. പേടിഎം, ഫോണ്‍പേ,ഭീം, ആമസോണ്‍ പേ എന്നീ സേവനങ്ങള്‍ ഗൂഗിള്‍ വാലറ്റിന് വിപണിയിലെ എതിരാളികളാവും.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights