ബെംഗളൂരുവിൽ ജോലിയ്ക്കായും പഠിക്കാനായും എത്തുന്നവരിൽ ഭൂരിഭാഗവും നേരിടുന്ന ഒരു പ്രശ്നമാണ് താമസിക്കാനായി ഒരു സ്ഥലം കണ്ടെത്തുക എന്നത്. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ, പേ സ്ലിപ്പുകൾ, തുടങ്ങി വ്യക്തിപരവും തൊഴിൽപരവുമായ വിശദാംശങ്ങൾ ചോദിച്ച് നീണ്ട അഭിമുഖം തന്നെ കെട്ടിട ഉടമകൾ നടത്താറുണ്ട്. അത്തരമൊരു സംഭവമാണ് റിപു ദമൻ ഭഡോറിയ എന്ന യുവാവ് ലിങ്ക്ഡിനിൽ പങ്കുവെച്ചിരിക്കുന്നത്.
ഗൂഗിളിലെ തന്റെ അഭിമുഖത്തേക്കാൾ വെല്ലുവിളി നിറഞ്ഞതായിരുന്നു കെട്ടിടമുടമയുമായുള്ള തന്റെ അഭിമുഖം എന്ന് റിപു പോസ്റ്റിൽ പറയുന്നു. കോവിഡിന് ശേഷം താമസ സ്ഥലങ്ങളുടെ ഡിമാൻഡ് ഉയർന്നെന്നും റിപു പറയുന്നു. താമസസ്ഥലം കണ്ടെത്താനുള്ള ആദ്യ അഭിമുഖത്തിൽ താൻ പരാജയപ്പെട്ടെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
റിപുവിന്റെ പോസ്റ്റിന്റെ പൂർണരൂപം
”ഗൂഗിളിലെ അഭിമുഖത്തിൽ ഞാൻ വിജയിച്ചു. പക്ഷേ ബാംഗ്ലൂരിൽ താമസസ്ഥലം കണ്ടെത്താനുള്ള അഭിമുഖത്തിൽ പരാജയപ്പെട്ടു. കോവിഡിനു ശേഷം വാടകക്കുള്ള താമസ്ഥലങ്ങൾക്ക് ഉയർന്ന ഡിമാൻഡ് ആയിരുന്നതിനാൽ ഞാൻ വളരെയധികം കഷ്ടപ്പെട്ടു. പല കെട്ടിടമുടകളും നീണ്ട അഭിമുഖങ്ങൾ തന്നെയാണ് നത്തുന്നത്. അത്തരത്തിലുള്ള ആദ്യത്തെ അഭിമുഖത്തിൽ തന്നെ ഞാൻ പരാജയപ്പെട്ടു. ഗൂഗിളിലെ അഭിമുഖത്തേക്കാൾ ബുദ്ധിമുട്ടേറിയ പല അഭിമുഖങ്ങളും ഈ ഭൂമിയിലുണ്ടെന്ന് അന്നാണ് ഞാൻ മനസിലാക്കിയത്. ഓരോ അഭിമുഖങ്ങൾ കഴിയും തോറും ഞാൻ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കാറുണ്ട്. എനിക്കും കെട്ടിട ഉടമക്കുമിടയിൽ ഒരു എച്ച്ആർ ഇല്ലാത്തതിനാൽ തന്നെ ഞാൻ അദ്ദേഹത്തോട് നേരിട്ട് ഫീഡ്ബാക്ക് ചോദിച്ചു. അദ്ദേഹം ഫീഡ്ബാക്ക് നൽകുകയും ചെയ്തു. താമസസ്ഥാലം കണ്ടെത്താനുള്ള അടുത്ത അഭിമുഖത്തിൽ ഞാൻ വിജയിച്ചു. ഈ രംഗത്തെ എന്റെ എക്സ്പീരിയൻസ് ഷെയർ ചെയ്യാൻ ഞാൻ തയ്യാറാണ്. ആവശ്യമുള്ളവർക്ക് ചോദിക്കാം”.