ഒന്നായി തുല്യരായി തടുത്തു നിര്‍ത്താം’ ലോക എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു
എച്ച്‌ഐവി പരിശോധനയും കൗണ്‍സിലിങ്ങും സൗജന്യമായി ലഭ്യമാക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. ആരോഗ്യ വകുപ്പിന്റെയും ജില്ലാ എയ്ഡ്‌സ് നിയന്ത്രണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ഒന്നായി തുല്യരായി തടുത്തു നിര്‍ത്താം’ ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എച്ച്‌ഐവി പോസിറ്റീവായാലും ഫലപ്രദമായ ചികിത്സ സൗജന്യമായി എആര്‍ടി (ഉഷസ്സ്) കേന്ദ്രങ്ങളില്‍ ലഭ്യമാണ്. എച്ച്.ഐ.വി പകരാന്‍ സാധ്യതയുള്ള ഏതെങ്കിലും സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ള എല്ലാവരും നിര്‍ബന്ധമായും എച്ച്‌ഐവി പരിശോധനയ്ക്ക് വിധേയരാകണമെന്നും മന്ത്രി പറഞ്ഞു.
എച്ച്‌ഐവി കേവലമൊരു ആരോഗ്യപ്രശ്‌നം മാത്രമായി കാണാന്‍ സാധിക്കില്ലെന്നും രോഗം മൂലം അനാഥരാകുന്ന കുട്ടികള്‍, വര്‍ധിച്ചു വരുന്ന വിധവകളുടെ എണ്ണം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങി ഒട്ടേറെ പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് ഒരു വികസനപരവും സാമൂഹികവുമായ പ്രശ്‌നമാണ്. വിവിധ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ എച്ച്‌ഐവി നിര്‍മാര്‍ജനം സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി ദിനേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി ഡി സി എം.എസ് മാധവികുട്ടി മുഖ്യ പ്രഭാഷണം നടത്തി. സിനിമാ താരം അഞ്ജലി അമീര്‍ മുഖ്യാതിഥിയായിരുന്നു. നവകേരളം കര്‍മ്മപദ്ധതി നോഡല്‍ ഓഫീസര്‍ ഡോ ഷാജി സി കെ എയ്ഡ്‌സ് ദിനാചരണ സന്ദേശം നല്‍കി. ഐ.എം.എ പ്രസിഡന്റ് ഡോ. വേണുഗോപാല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ നവീന്‍ എ , ജില്ലാ ടി ബി ആന്റ് എയ്ഡ്‌സ് നിയന്ത്രണ ഓഫീസര്‍ ഡോ അനുരാധ ടി സി, നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയില്‍,ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അബ്ദുള്‍ ബാരി യു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ദീപ, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ സനൂപ് സി, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍, കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറം പ്രസിഡണ്ട് ഡോ കെ ശ്രീ ബിജു, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ മുഹമ്മദ് മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഷാലിമ ടി, ജില്ലാ ടിബി ഫോറം പ്രസിഡന്റ് ശശികുമാര്‍ ചേളന്നൂര്‍, സി.എസ്.സി-കെ.എന്‍.പി പ്ലസ് പ്രസിഡന്റ് ടി.ഷൈനി തുടങ്ങിയവര്‍ പങ്കെുത്തു. എച്ച്.ഐ.വി എയ്ഡ്‌സും സമൂഹവും എന്ന വിഷയത്തില്‍ ജില്ലാ ടിബി ആന്‍ഡ് എയ്ഡ്‌സ് നിയന്ത്രണ ഓഫീസര്‍ ഡോ. അനുരാധ ടി സി സെമിനാര്‍ അവതരിപ്പിച്ചു.
എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി എരഞ്ഞിപ്പാലം മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെ ബോധവത്ക്കരണ റാലി സംഘടിപ്പിച്ചു. റാലിയുടെ ഫ്‌ലാഗ് ഓഫ് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്‍ഡ് പോലീസ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയില്‍ നിര്‍വഹിച്ചു. എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി, എന്‍.വൈ.കെ വളണ്ടിയര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, സ്‌കൂള്‍ കൗണ്‍സിലേഴ്‌സ്, അതിഥിത്തൊഴിലാളികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു. രാജീവ് മേമുണ്ടയുടെ മാജിക് ഷോയോടെ ജില്ലയില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന എച്ച് ഐ വി ബോധവല്‍ക്കരണ ഫോക് ക്യാംപയിനും തുടക്കം കുറിച്ചു.