HMPV വ്യാപനം: ഒടുവിൽ വിശദീകരണവുമായി ചൈന.

: ചൈനയിലെ HMPV (ഹ്യുമൺ മെറ്റന്യൂമോ വൈറസ്) കേസുകളുടെ വ്യാപനം കുറഞ്ഞുവരുന്നതായി അധികൃതർ. ചൈനീസ് ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്. HMPV കേസുകളുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്ര തലത്തിൽ ആശങ്കകൾ ഉയരുകയും ചർച്ചകൾ വ്യാപകമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിശദീകരണം. ഹ്യുമൺ മെറ്റന്യൂമോ വൈറസ് ഒരു പുതിയ വൈറസല്ലെന്നും കഴിഞ്ഞ ഏതാനും ദശബ്ദങ്ങളായി മനുഷ്യരിൽ ഇത് കാണുന്നുണ്ടെന്നും ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഗവേഷക വാംഗ് ലിപിംഗ് പ്രതികരിച്ചു. നിലവിൽ HMPV പോസിറ്റീവ് കേസുകളുടെ എണ്ണം കുറ‍ഞ്ഞുവരികയാണ്. വടക്കൻ പ്രവിശ്യകളിൽ റിപ്പോർട്ട് ചെയ്ത കേസുകളെല്ലാം കുറഞ്ഞു. 14 വയസിന് താഴെയുള്ളവരിൽ രോഗം ബാധിച്ചവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ടെന്ന് വാംഗ് ലിപിംഗ് പറഞ്ഞു. ചൈനയിൽ ഇപ്പോൾ പടരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മുൻകാലങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഇവയൊന്നും പുതിയ പകർച്ചവ്യാധികളല്ലെന്നും അവർ കൂട്ടിച്ചേർത്തു.

 

റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിന്റെ കുടുംബത്തിൽപ്പെട്ട HMPV, പനി അല്ലെങ്കിൽ ജലദോഷം പേലെയുള്ള രോഗലക്ഷണങ്ങളാണ് പ്രകടിപ്പിക്കുക. ചുമ, മൂക്കൊലിപ്പ് തുടങ്ങിയവ പ്രകടിപ്പിക്കും. കുട്ടികളിലും പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും അണുബാധയ്‌ക്ക് കാരണമാകാം. നിലവിലുള്ള ശ്വാസകോശ രോഗങ്ങൾ നേരത്തെ തിരിച്ചറിയപ്പെട്ട രോഗാണുക്കൾ മൂലമുള്ളതാണെന്നും ചൈനീസ് അധികൃതർ പറയുന്നു. ചൈനയിലെ ആശുപത്രികളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നതാണ് ലോകം മുഴുവൻ ആശങ്കപ്പെടാൻ കാരണമായത്. നിരവധി പേർ മാസ്കണിഞ്ഞ് നിൽക്കുന്നതിന്റെയും ആശുപത്രിയിൽ ചികിത്സ തേടുന്നതിന്റെയും ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. കൊവിഡ് സമാന സാഹചര്യമാണെന്ന് വാർത്തകൾ പ്രചരിച്ചെങ്കിലും ചൈന ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. ഇതിന് പിന്നാലെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിരവധി കുഞ്ഞുങ്ങൾക്ക് HMPV പോസിറ്റീവായതോടെ ആശങ്ക വർദ്ധിച്ചു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക വിശദീകരണം ചൈന നൽകിയത്.

Verified by MonsterInsights