ഹോട്ടൽ ഫ്രിഡ്ജിൽ പറ്റമായിരിക്കുന്ന പാറ്റകൾ; തിരുവനന്തപുരത്ത് പൂട്ടിച്ച 11 ഹോട്ടലുകൾ

കോട്ടയത്ത് ഹോട്ടലിൽ നിന്നുള്ള ഭക്ഷ്യവിഷബാധയെ തുടർന്ന് നഴ്സ് മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. തിരുവനന്തപുരം ജില്ലയിൽ 11 ഹോട്ടലുകളാണ് പൂട്ടിയത്. അട്ടക്കുളങ്ങരയിലെ ബുഹാരി ഹോട്ടൽ അടക്കമുള്ള ഹോട്ടലുകളാണ് പൂട്ടിച്ചത്. 46 ഹോട്ടലുകളിലായിരുന്നു പരിശോധന. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹോട്ടലുകൾ പരിശോധിച്ചതും തലസ്ഥാനത്താണ്.

ഭക്ഷണ സാധനങ്ങളിൽ പാറ്റയെ കണ്ടെത്തിയതിനാലാണ് ബുഹാരി പൂട്ടിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പരാതി ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തുമ്പോൾ അടുക്കളയിലെ പഴയ ഫ്രിഡ്ജിൽ പാറ്റകൾ പറ്റമായിരിക്കുന്നതാണ് കണ്ടത്. ഉപയോഗശൂന്യമായ ഫ്രിഡ്ജ് അലമാരയ്ക്ക് പകരമായി ഉപയോഗിക്കുകയായിരുന്നു. അടുക്കളയിൽ നനച്ച് വിരിച്ചിരുന്ന ചാക്കുകൾ മാറ്റാനും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. പെസ്റ്റിസൈഡ് കൺട്രോൾ സർട്ടിഫിക്കറ്റ് നേടിയ ശേഷം കോർപറേഷന്റെ അനുമതിയോടെ ഹോട്ടൽ തുറക്കാൻ ഉദ്യോഗസ്ഥർ ബുഹാരിയുടെ ഉടമസ്ഥരോട് നിർദ്ദേശിച്ചു.

എന്നാൽ, പരിശോധനയിൽ അട്ടിമറി ആരോപിച്ച് ഹോട്ടൽ ഉടമയും ജീവനക്കാരും പ്രതിഷേധിച്ചു. ഉദ്യോഗസ്ഥർക്ക് പഴകിയ ഭക്ഷണം ഹോട്ടലിൽ നിന്ന് പിടിച്ചെടുക്കാനായില്ലെന്നും സമീപത്തെ ഹോട്ടലുകളിലും പരിശോധന നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. ബുഹാരി ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയവരെ ജീവനക്കാരും ഉടമകളും ചേർന്ന് തടയാൻ ശ്രമിച്ചതായി ഉദ്യോഗസ്ഥർ ആരോപിച്ചു.

Verified by MonsterInsights