നോർക്ക-യു.കെ കരിയർ ഫെയർ: നവംബർ 21 മുതൽ എറണാകുളത്ത്

ആരോഗ്യം, സോഷ്യൽ വർക്ക് എന്നീ മേഖലകളിലെ ഉദ്യോഗാർഥികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനായി നോർക്ക റൂട്ട്സിന്റെ അഭിമുഖ്യത്തിൽ യു.കെ കരിയർ ഫെയർ എന്ന പേരിൽ റിക്രൂട്ട്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ആദ്യഘട്ടം നവംബർ 21 മുതൽ 25 വരെ എറണാകുളം താജ് ഗെയ്റ്റ്വേ ഹോട്ടലിൽ നടക്കും.

ഡോക്ടർമാർ, നഴ്സുമാർ, സീനിയർ കെയറർ, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, റേഡിയോഗ്രാഫർ, ഒക്ക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, സോഷ്യൽ വർക്കർ എന്നീ മേഖലയിൽ തൊഴിൽ തേടുന്നവർക്ക് അപേക്ഷിക്കാം. ഒഴിവുകൾ സംബന്ധിച്ചും, തൊഴിൽ പരിചയം, ഇംഗ്ലീഷ് ഭാഷാ നിലവാരം എന്നിവ സംബന്ധിച്ചുമുളള വിശദവിവരങ്ങൾ നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും. താത്പര്യമുള്ളവർ നവംബർ 15-ന് മുമ്പ് അപേക്ഷിക്കണം.അപേക്ഷ സമർപ്പിക്കുന്നതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് DWMS CONNECT (ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം. റഫറൽ കോഡായി NORKA എന്നും ചേർക്കണം. ഇതിനുശേഷം ആപ്പിലെ NORKA CAREERS FAYRE PHASE 1 ക്ലിക്ക് ചെയ്ത് യോഗ്യതയ്ക്കനുസരിച്ച ജോലിയ്ക്കായി അപേക്ഷ സമർപ്പിക്കാം. https://knowledgemission.kerala.gov.in വഴിയും പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാം.

സീനിയർ കെയറർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്ന ബി.എസ്‌സി /എം.എസ്‌സി നഴ്‌സു മാർക്ക് IELTS/OET യോഗ്യതയില്ലെങ്കിലും, യു.കെ.നാറിക്ക് (NARIC ) സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ യു.കെ.യിലേക്ക് റിക്രൂട്ട്‌മെന്റ് നേടാം. ഡോക്ടർമാർക്ക് പ്‌ളാബ് (PLAB) യോഗ്യതയില്ലെങ്കിലും ഉപാധികളോടെ നിയമനം ലഭിക്കും. അപേക്ഷകർക്ക് ഇംഗ്ലീഷ് ഭാഷാ പരിചയം വ്യക്തമാക്കുന്ന CEFR Level-B2, C1, C2 എന്നിവ അനിവാര്യമാണ്. ഇതിനായി DWMS ആപ്പിൽ ഭാഷാപരിശോധനക്ക് സൗകര്യമുണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ സീനിയർ കെയറർ ഒഴികെയുളളവർക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വ്യക്തമാക്കുന്ന IELTS/ OET എന്നീ യോഗ്യതകൾ നേടുന്നതിന് നാലു മാസത്തെ സാവകാശം ലഭിക്കും. റിക്രൂട്ട്മെന്റ് നടപടികൾ പൂർണ്ണമായും യു.കെയിൽ നിന്നെത്തുന്ന വിവിധ റിക്രൂട്ട്മെന്റ് പ്രതിനിധികളുടെ മേൽനോട്ടത്തിലാകും നടക്കുക.

റിക്രൂട്ട്മെന്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org സന്ദർശിക്കുകയോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939 -ൽ ബന്ധപ്പെടുകയോ ചെയ്യാം. വിദേശത്തുള്ളവർക്ക് +91-8802012345 എന്ന മിസ്സ്ഡ് കാൾ സേവനവും ലഭ്യമാണ്.

 

Verified by MonsterInsights